'പി സരിന് സ്ഥലകാലവിഭ്രാന്തി, പുകമറ സൃഷ്ടിക്കാനാണ് ശ്രമമെങ്കിൽ ജനം തിരിച്ചറിയും'; വികെ ശ്രീകണ്ഠൻ
പാലക്കാട്ടെ വികസന വിഷയങ്ങൾ ചർച്ച ചെയ്യാൻ ഞങ്ങൾ സിപിഎമ്മിനേയും ബിജെപിയേയും വെല്ലുവിളിക്കുകയാണെന്ന് വികെ ശ്രീകണ്ഠൻ എംപി. 14വർഷക്കാലം ഷാഫി പറമ്പിൽ എന്ത് ചെയ്തുവെന്ന് പറയാൻ ഞങ്ങൾ തയ്യാറാണ്. എംപിയായുള്ള തന്റെ പ്രവർത്തനങ്ങൾ എന്തൊക്കെയെന്ന് വിശദീകരിക്കാം. ഇതെല്ലാം ചർച്ച ചെയ്യാതെ പുകമറ തീർക്കാനാണ് ശ്രമമെങ്കിൽ പാലക്കാട്ടെ ജനങ്ങൾ ഇതെല്ലാം തിരിച്ചറിയുമെന്നും അദ്ദേഹം വൺ ഇന്ത്യ മലയാളത്തോട് പ്രതികരിച്ചു.
ഇടതുസ്ഥാനാർത്ഥിയായ പി സരിന് സ്ഥലകാല വിഭ്രാന്തി വന്നോയെന്ന് സംശയമുണ്ടെന്നും അദ്ദേഹത്തിന്റെ കൈപ്പത്തി പ്രേമം ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നും ശ്രീകണ്ഠൻ പരിഹസിച്ചു. കോൺഗ്രസിലല്ല, ബിജെപിയിലാണ് യഥാർത്ഥ പൊട്ടിത്തെറിയെന്നും അദ്ദേഹം പറഞ്ഞു.
എംപിയുടെ വാക്കുകളിലേക്ക് -'കോൺഗ്രസിൽ യാതൊരു പൊട്ടിത്തെറിയും ഉണ്ടായിട്ടില്ല. പാലക്കാട് മണ്ഡലത്തിൽ സജീവമായിട്ടുള്ള ഒരു കോൺഗ്രസ് പ്രവർത്തകനും പാർട്ടി വിട്ടിട്ടില്ല. നാല് വർഷം മുൻപ് പാർട്ടി പ്രവർത്തനം നിർത്തിപ്പോയ ഭാരവാഹികൾ അല്ലാത്ത രണ്ടുമൂന്ന് പേരുടെ കാര്യമാണ് പൊട്ടിത്തെറി എന്ന പേരിൽ മാധ്യങ്ങളിൽ പ്രചരിപ്പിച്ചത്. സിപിഎം ആണ് ഇതൊക്കെ ഹൈലൈറ്റ് ചെയ്തത്. കേരളത്തിലെ ജനജീവിതം ദുസഹമായതിനെ കുറിച്ച് ആളുകൾ ചർച്ച ചെയ്യുമോയെന്നതാണ് അവരുടെ പേടി. ജനകീയ പ്രശ്നങ്ങളിൽ നിന്നും ഭരണപരാജയം മറച്ചുവെക്കാൻ അവർ നടത്തിയ വൃഥാശ്രമങ്ങളാണ് ഇതൊക്കെ.

ബിജെപിയും ഞങ്ങൾക്കെതിരെ രംഗത്തെത്തി. അവിടെ ഇപ്പോൾ നടക്കുന്നത് ഭൂമികുലുക്കമാണ്. ജൂനിയർ മാൻഡ്രേക്ക് തലയോട്ടി വാങ്ങിയത് പോലെയാണ്. സന്ദീപ് വാര്യരെ പ്രചരണത്തിന് സന്തോഷത്തോടെ പാലക്കാടേക്ക് വിളിച്ചുവരുത്തിയത് കെ സുരേന്ദ്രനാണ്. എന്നിട്ട് ഇപ്പോൾ ആ തലയോട്ടി അവിടെ ഭൂകമ്പം ഉണ്ടാക്കുകയാണ്. ബിജെപിക്ക് ഈ പ്രശ്നം പരിഹരിക്കണോ അതോ പ്രശ്നങ്ങൾ പരിഹരിക്കണോയെന്നതാണ്. അതിനിടയിലാണ് മറ്റൊരു ബോംബ് ശോഭ സുരേന്ദ്രൻ പൊട്ടിച്ചത്. ഇനി തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ പൊട്ടിത്തെറി കാണാം.
അമ്മി കൊത്താനുണ്ടോയെന്ന ചോദിക്കുന്നത് പോലെ ആരേലും പാർട്ടിയിലേക്ക് വരാനുണ്ടോയെന്ന് ചോദിച്ച് നടക്കുകയാണ് എകെ ബാലൻ. അദ്ദേഹം ദീർഘവീക്ഷണമുള്ള നേതാവാണ്. അദ്ദേഹത്തിന്റെ വാക്കുകൾ അറംപറ്റിയത് ഈ തിരഞ്ഞെടുപ്പിലാണ്. എ വിജയരാഘനെ ലോക്സഭ തിരഞ്ഞെടുപ്പിൽ ജയിപ്പിച്ചില്ലെങ്കിൽ ഇനി പാർട്ടി ചിഹ്നം ഈനാംമ്പേച്ചിയോ മരപ്പട്ടിയോ ആകുമെന്ന് അദ്ദേഹം പാർട്ടി മീറ്റിങ്ങിൽ പറഞ്ഞു. അതുപോലൊക്കെ തന്നെ സംഭവിച്ചു. സ്വന്തം പാർട്ടിയില്ല, ചിഹ്നമില്ല. അതും മാർക്കിസ്റ്റ് പാർട്ടിയുടെ വളർച്ചക്ക് വിത്ത് പാകിയ പാലക്കാട്.
സന്ദീപ് വാര്യരെ ക്ഷണിക്കുമോയെന്ന് ഞങ്ങളോട് ചോദിച്ചു. ക്ഷണിക്കാം പക്ഷെ ഇപ്പോഴല്ല, അദ്ദേഹം നിലവിലൊരു പാർട്ടിയിലാണ്. നിലപാടും നയവും വ്യക്തമാക്കികഴിഞ്ഞാൽ സന്ദീപിനെ സ്വാഗതം ചെയ്യും. അല്ലാതെ മറ്റ് പാർട്ടികളിലെ ആളെ ക്ഷണിച്ച് നടക്കുകയാണോ ഞങ്ങളുടെ ജോലി?, വികെ ശ്രീകണ്ഠൻ ചോദിച്ചു.
'പി സരിന് സ്ഥലകാലവിഭ്രാന്തി വന്നോയെന്ന് സംശയമുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹം പ്രസംഗിച്ചത് ബിജെപിയുടെ മുന്നേറ്റത്തെ തടയാൻ കോൺഗ്രസിന് സാധിക്കുമെന്നാണ്. അദ്ദേഹത്തിന്റെ മനസിൽ നിന്നും കോൺഗ്രസും കൈപ്പത്തിയും പോയിട്ടില്ലെന്ന് തോന്നുന്നു. കൈയിനോട് തന്നെയാണ് അദ്ദേഹത്തിന് താത്പര്യം, മാർക്കിസ്റ്റുകാർക്കും. ഈ രാജ്യത്തേയും മാർക്കിസ്റ്റുപാർട്ടിയേയുമെല്ലാം സംരക്ഷിക്കാൻ കോൺഗ്രസിന് മാത്രമേ ഭാവിയിൽ കഴിയുള്ളൂ. അതാണ് കൈപ്പത്തി പ്രേമം.
ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ തനിക്ക് 10000 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. എന്നെക്കാൾ വലിയ ഭൂരിപക്ഷം, അതായത് ഷാഫിക്ക് കഴിഞ്ഞ തവണ കിട്ടിയതിനെക്കാൾ നാലിരട്ടി വോട്ടിന്റെ ഭൂരിപക്ഷത്തിൽ തന്നെ രാഹുൽ മാങ്കൂട്ടത്തിൽ ജയിക്കും. സരിൻ ജയിക്കുമെന്നൊക്കെ ഇടതുപക്ഷം സ്വപ്നം കണ്ടോട്ടെ, അവർക്ക് അതിനുള്ള അവകാശം ഉണ്ട്. പക്ഷെ അതൊരു ദിവാസ്വപ്നമാകുമെന്നാണ് പറയാനുള്ളത്',അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications