'രാഹുല്‍ മാങ്കൂട്ടത്തിലിനായി കള്ളപ്പണമെത്തിച്ചു'; കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ പൊലീസ് പരിശോധന
പാലക്കാട്: ഉപതിരഞ്ഞെടുപ്പിന് കള്ളപ്പണം എത്തിച്ചു എന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച മുറിയില്‍ പൊലീസ് പരിശോധന. ചൊവ്വാഴ്ച അര്‍ധരാത്രിയിലാണ് സംഭവം. വനിതാ കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച മുറിയിലേക്ക്
പൊലീസ് ഇടിച്ചു കയറി പരിശോധനയ്ക്കു ശ്രമിച്ചു എന്നാണ് ആരോപണം. ഇതിനെ തുടര്‍ന്ന് ഹോട്ടലിന് മുന്നില്‍ നേരിയ സംഘര്‍ഷവുമുണ്ടായി.
വനിതാ ഉദ്യോഗസ്ഥരില്ലാതെ എത്തിയ പൊലീസ് സംഘത്തെ നേതാക്കള്‍ ആദ്യം തടഞ്ഞു. പിന്നീട് വനിതാ ഉദ്യോഗസ്ഥര്‍ എത്തി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. രാത്രി 12 മണിക്ക് ശേഷമാണ് സൗത്ത്, നോര്‍ത്ത് പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഹോട്ടലില്‍ എത്തിയത്. തിരഞ്ഞെടുപ്പിനായി അനധികൃത പണം എത്തിച്ചെന്ന പരാതിയിലായിരുന്നു പൊലീസ് നടപടി.

തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ച പരാതിയുടെ പുറത്താണ് പൊലീസ് പരിശോധനയ്ക്ക് എത്തിയത്. പാലക്കാട്ടെ യു ഡി എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനായി അനധികൃതമായി പണം എത്തിച്ചു എന്നായിരുന്നു പരാതി. കോണ്‍ഗ്രസ് വനിതാനേതാക്കളായ ബിന്ദു കൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരുടെ മുറികളിലായിരുന്നു പരിശോധന. ഹോട്ടലിലെ മൂന്ന് നിലകളിലെ വിവിധ മുറികളില്‍ പൊലീസ് കയറി പരിശോധിച്ചു.
എന്നാല്‍ വനിതാ പൊലീസ് ഇല്ലാതെ പരിശോധിക്കാനാവില്ലെന്ന് ഷാനിമോള്‍ ഉസ്മാന്‍ അറിയിച്ചു. പരിശോധനയ്ക്ക് ശേഷം ഒന്നും കണ്ടെത്തിയില്ലെന്ന് എഴുതിക്കൊടുക്കാന്‍ പൊലീസ് തയ്യാറാകാതിരുന്നതോടെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിച്ചു. അതിനിടെ സിപിഎം, ബിജെപി നേതാക്കള്‍ സംഘടിച്ചെത്തി പരിശോധന മറ്റു മുറികളിലേക്ക് കൂടി നീട്ടണം എന്നാവശ്യപ്പെട്ടതോടെ സാഹചര്യം വഷളാകുകയായിരുന്നു.
കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളും എത്തിയതോടെ വലിയ സംഘര്‍ഷാവസ്ഥയായി. എം പിമാരായ വി കെ ശ്രീകണ്ഠന്‍, ഷാഫി പറമ്പില്‍, ജ്യോതികുമാര്‍ ചാമക്കാല എന്നിവര്‍ ഹോട്ടലിലേക്ക് എത്തി. ഹോട്ടലില്‍ താമസിക്കുന്ന സിപിഎം നേതാക്കളുടെ മുറികളിലും പരിശോധന വേണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. എല്‍ഡിഎഫിലെ എ എ റഹീം എം പി, ബിജെപി നേതാക്കളായ വി വി രാജേഷ്, സി ആര്‍ പ്രഫുല്‍ കൃഷ്ണ, പ്രശാന്ത് ശിവന്‍, സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍ തുടങ്ങിയവരും സ്ഥലത്തെത്തി.
ഇതിനിടെ പുറത്ത് തടിച്ച് കൂടിയ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷവും കൈയാങ്കളിയുമുണ്ടായി. സിപിഎം തിരിക്കഥയാണിതെന്നും തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കാണിക്കുന്ന രാഷ്ട്രീയക്കളിയാണിതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പ്രതിഷേധങ്ങള്‍ക്കിടെ പുലര്‍ച്ചെ മൂന്ന് മണിവരെ ഹോട്ടലില്‍ പരിശോധന നീണ്ടു.












Click it and Unblock the Notifications