പാലക്കാട് ഉപതിരഞ്ഞെടുപ്പ് മാറ്റി; തീരുമാനം കല്‍പ്പാത്തി രഥോത്സവം പ്രമാണിച്ച്, പുതുക്കിയ തിയതി ഇത്
ന്യൂഡല്‍ഹി: പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി. കല്‍പ്പാത്തി രഥോത്സവം പ്രമാണിച്ചാണ് നടപടി. നംവബര്‍ 13 നായിരുന്നു നേരത്തെ പാലക്കാട് മണ്ഡലത്തില്‍ വോട്ടെടുപ്പ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ നവംബര്‍ 20 നായിരിക്കും പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കുക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നേരത്തെ തിരഞ്ഞെടുപ്പ് തിയതി മാറ്റണം എന്ന ആവശ്യം വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ട് വെച്ചിരുന്നു.
പാലക്കാട്ടെ എന്നല്ല കേരളത്തിലെ തന്നെ പ്രധാന ഉത്സവങ്ങളിലൊന്നാണ് കല്‍പ്പാത്തി രഥോത്സവം. നവംബര്‍ 13 മുതല്‍ 15 വരെയാണ് കല്‍പ്പാത്തി രഥോത്സവം. ഇക്കാരണത്താല്‍ നവംബര്‍ 13 ലെ വോട്ടെടുപ്പ് മാറ്റി വെക്കണമെന്ന് വിവിധ കോണില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. അതേസമയം ഫലപ്രഖ്യാപനം മുന്‍നിശ്ചയിച്ചത് പ്രകാരം നവംബര്‍ 23 ന് തന്നെ നടക്കും എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

വോട്ടെടുപ്പ് തീയതി മാറ്റണമെന്നാവശ്യപ്പെട്ട് ബി ജെ പിയും കോണ്‍ഗ്രസും തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു. എല്‍ഡിഎഫും തീയതി മാറ്റണം എന്നാവശ്യപ്പെട്ട് കത്ത് കൊടുത്തിട്ടുണ്ട് എന്നായിരുന്നു മുന്നണി കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞത്. എന്നാല്‍, തീയതി മാറ്റികൊണ്ടുള്ള ഉത്തരവില്‍ എല്‍ഡിഎഫിന്റേയും എല്‍ഡിഎഫിലെ കക്ഷികളുടേയോ പേര് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാമര്‍ശിച്ചിട്ടില്ല.
ബി ജെ പി, കോണ്‍ഗ്രസ്, ബി എസ് പി, ആര്‍ എല്‍ ഡി എന്നീ പാര്‍ട്ടികളുടെ പേരുകള്‍ മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവില്‍ പരാമര്‍ശിച്ചിരിക്കുന്നത്. അതേസമയം വോട്ടെടുപ്പ് മാറ്റുന്നത് സംബന്ധിച്ച തീരുമാനം നേരത്തെ എടുക്കമായിരുന്നുവെന്നും കുറച്ച് പാര്‍ട്ടികളുടെ പേര് മാത്രം ഉത്തരവില്‍ സൂചിപ്പിച്ചത് പരിശോധിക്കണമെന്നും മന്ത്രിയും സി പി എം നേതാവുമായ എം ബി രാജേഷ് പറഞ്ഞു.
ഉത്തര്‍പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തിയതിയും മാറ്റിയിട്ടുണ്ട്. ഗുരുനാനാക്ക് ദേവ് ജിയുടെ 555-ാമത് പ്രകാശ് പര്‍വിനോട് അനുബന്ധിച്ച് പഞ്ചാബിലെ ഉപതിരഞ്ഞെടുപ്പ് മാറ്റണം എന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. പഞ്ചാബിലെ ദേരാ ബാബാ നാനക്, ഛബ്ബേവാല്‍, ഗിദ്ദര്‍ബഹ, ബര്‍ണാള എന്നീ മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് നവംബര്‍ 20 ലേക്ക് മാറ്റിയിരിക്കുന്നത്.
ഉത്തര്‍ പ്രദേശിലെ മീരാപൂര്‍, കുണ്ടര്‍കി, ഗാസിയാബാദ്, ഖൈര്‍, കര്‍ഹാല്‍, സിഷമൗ, ഫുല്‍പുര്‍, കത്തേഹരി, മജ്ഹാവന്‍ എന്നീ മണ്ഡലങ്ങളിലേയും വോട്ടെടുപ്പ് മാറ്റിയിട്ടുണ്ട്.












Click it and Unblock the Notifications