പാലക്കാട് ജയമുറപ്പിച്ച് ബിജെപി; കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളില്‍ പോളിംഗില്‍ വന്‍ ഇടിവ്
പാലക്കാട്: സംസ്ഥാന ഉപതിരഞ്ഞടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയ പോരാട്ടത്തിനാണ് ഇത്തവണ പാലക്കാട് സാക്ഷ്യം വഹിച്ചത്. ത്രികോണ പോരാട്ടം എന്ന വിശേഷണത്തെ അന്വര്‍ത്ഥമാക്കുന്ന തരത്തിലായിരുന്നു പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ്. പ്രചരണങ്ങളില്‍ ആരോപണ പ്രത്യാരോപണങ്ങളുമായി മൂന്ന് മുന്നണികളും കളം നിറഞ്ഞു. നിലവില്‍ പാലക്കാട് യുഡിഎഫിന്റെ സിറ്റിംഗ് മണ്ഡലമാണ്.
2021 ല്‍ മെട്രോമാന്‍ ഇ ശ്രീധരനിലൂടെ മിന്നുന്ന പ്രകടനം കാഴ്ച വെച്ച ബിജെപിയെ ഷാഫി പറമ്പിലിന്റെ ജനകീയത കൊണ്ടാണ് കോണ്‍ഗ്രസ് മറികടന്നത്. എല്‍ഡിഎഫ് ഇവിടെ മൂന്നാം സ്ഥാനത്തായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ വടകരയില്‍ മത്സരിച്ച് ജയിച്ചതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഷാഫിയുടെ നോമിനിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ ആണ് പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായത്.

എന്നാല്‍ ഇത് കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമായി. സരിന്‍ പാര്‍ട്ടി വിടുകയും പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകുകയും ചെയ്തു. ബിജെപിക്ക് അകത്തും അസ്വാരസ്യങ്ങളുണ്ടായിരുന്നെങ്കിലും സി കൃഷ്ണ കുമാറിനെയാണ് മത്സരരംഗത്തിറക്കി. പാലക്കാട് നഗരസഭാ പരിധിയില്‍ വലിയ സ്വാധീനമുള്ള നേതാവാണ് സി കൃഷ്ണ കുമാര്‍. അതിനാല്‍ തന്നെ ബിജെപി വലിയ പ്രതീക്ഷയോടെയാണ് പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പിനെ നോക്കിക്കണ്ടത്.
ആ പ്രതീക്ഷ വെറുതെയാവില്ല എന്ന കണക്കുകൂട്ടലിലാണ് ബിജെപി. ഇന്നലെ പോളിംഗ് കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാണ് എന്ന വിലയിരുത്തലിലാണ് ബിജെപി നേതൃത്വം. 70.51 ശതമാനമാണ് പാലക്കാട്ടെ പോളിംഗ്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 73.71 ശതമാനമായിരുന്നു പോളിംഗ് രേഖപ്പെടുത്തിയത്. പോളിംഗിലെ മൂന്ന് ശതമാനത്തിന്റെ കുറവ് നേട്ടമാകും എന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.
പാലക്കാട് നഗരസഭ പരിധിയില്‍ ആണ് ഏറ്റവും അധികം പോളിംഗ് രേഖപ്പെടുത്തിയത്. ബിജെപിയുടെ ശക്തികേന്ദ്രമാണ് ഇത്. 2021 ലെ നിയസമാസഭ തിരഞ്ഞെടുപ്പില്‍ നഗരസഭ പരിധിയില്‍ 65% പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇത്തവണ അവിടെ അഞ്ചു ശതമാനത്തിലേറെ വോട്ട് ഉയര്‍ന്ന് 70 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന് വലിയ സ്വാധീനമുള്ള മേഖലകളില്‍ പോളിംഗ് കുറവാണ്.
പിരായിരി പഞ്ചായത്തിലും കണ്ണാടി, മാത്തൂര്‍ പഞ്ചായത്തുകളിലും ആണ് കുറവ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. പിരായിരി പഞ്ചായത്തില്‍ കഴിഞ്ഞ തവണ 77% പോളിംഗ് രേഖപ്പെടുത്തിയിരുന്നു എങ്കില്‍ ഇത്തവണ അത് 69.7 8% ആയി കുറഞ്ഞു. കണ്ണാടി പഞ്ചായത്തില്‍ 68.42%, മാത്തൂരില്‍ 68.29% എന്നിങ്ങനെ ആണ് പോളിംഗ്. തങ്ങളുടെ വോട്ടുകള്‍ എല്ലാം പെട്ടിയാലാക്കിയിട്ടുണ്ട് എന്നാണ് ബിജെപി അവകാശപ്പെടുന്നത്.
കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളില്‍ പോളിംഗ് കുറഞ്ഞതിനാല്‍ 4000 വോട്ടിനെങ്കിലും വിജയമുറപ്പാണ് എന്നാണ് ബിജെപി കണക്കുകൂട്ടല്‍. കഴിഞ്ഞ തവണ ഷാഫിക്ക് അനുകൂലമായി ലഭിച്ച ഇടത് വോട്ടുകള്‍ ഇത്തവണ സരിന്‍ സ്വന്തമാക്കുക കൂടി ചെയ്താല്‍ കാര്യങ്ങള്‍ തങ്ങളുടെ വഴിക്ക് വരും എന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications