'രാഹുലിന്റേയും ഷാഫിയുടേയും കാപട്യം ഇതോടെ വെളിവായി, വിഡി സതീശൻ എട്ടുകാലി മമ്മൂഞ്ഞ് കളിക്കുന്നു'
പാലക്കാട്: തിരഞ്ഞെടുപ്പ് പോരാട്ടം കനത്തതോടെ ഷാഫിയുടേയും രാഹുലിന്റേയുമെല്ലാം യഥാർത്ഥ മുഖം വെളിവായി തുടങ്ങിയെന്ന് മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്ന എകെ ഷാനിബ്. സരിന് കൈകാണിക്കാൻ വിമുഖത കാണിച്ച സംഭവം ഇരുവരുടേയും കാപട്യം കൂടിയാണ് വെളിവാക്കിയത്. സരിന് കിട്ടുന്ന പിന്തുണയിൽ കോൺഗ്രസിന് പരാജയഭീതിയുണ്ട്. ആ ആത്മവിശ്വാസക്കുറവ് കൂടിക്കൊണ്ടാണ് സരിന് മുഖം കൊടുക്കാൻ അവർക്ക് സാധിക്കാതിരുന്നതെന്നും ഷാനിബ് വൺഇന്ത്യ മലയാളത്തോട് പ്രതികരിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എകെ ഷാനിബ് വൺ ഇന്ത്യയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ നിന്ന്
കൈ'വിട്ടവർക്ക് കൈ കൊടുക്കേണ്ട ആവശ്യമുണ്ടോ എന്നാണ് കോൺഗ്രസ് ക്യാമ്പുകൾ ചോദിക്കുന്നത്. സരിനെ മാത്രമല്ല താങ്കളെ കൂടി ഉന്നമിട്ടാണ് ആ ചോദ്യം
കോൺഗ്രസ് കൈവിട്ടയാളാണ് ഞാൻ. ഷാഫിയുടേയും രാഹുലിന്റേയും നിലപാട് അംഗീകരിക്കാനാകില്ല. കൈകൊടുക്കുമ്പോൾ തിരിച്ച് കൊടുക്കുകയെന്നത് മര്യാദയുടെ കൂടി ഭാഗമാണ്. എനിക്ക് അവരുടെ പെരുമാറ്റത്തിൽ യാതൊരു അത്ഭുതവും ഇല്ല. അഭിപ്രായം പറയുമ്പോൾ പലപ്പോഴും അവർ ഇത്തരത്തിലൊക്കെയാണ് പ്രതികരിച്ചിരുന്നത്. സേവ് സോണിൽ നിന്ന് മാറി മത്സരം കുറച്ചുകൂടി മുറുകുമ്പോൾ അവരുടെ യഥാർത്ഥ മുഖം വെളിവായി , മുഖംമൂടി അഴിഞ്ഞുവീണു.

ഉമ്മൻചാണ്ടിയുടെ പിൻഗാമിയാണ് തങ്ങൾ എന്നാണ് ഇവരുടെ അവകാശവാദം. തന്നെ കല്ലെറിഞ്ഞവരോട് പോലും ക്ഷമിച്ച വ്യക്തിയാണ് അദ്ദേഹം. സരിന് കൈകാണിക്കാൻ വിമുഖത കാണിച്ച സംഭവം ഇരുവരുടേയും കാപട്യം കൂടിയാണ് വെളിവാക്കിയത്. സരിന് കിട്ടുന്ന പിന്തുണയിൽ കോൺഗ്രസിന് പരാജയഭീതിയുണ്ട്. ആ ആത്മവിശ്വാസക്കുറവ് കൂടിക്കൊണ്ടാണ് സരിന് മുഖം കൊടുക്കാൻ അവർക്ക് സാധിക്കാതിരുന്നത്.
ഹസ്തദാന വിവാദത്തിൽ ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കാനില്ല, ചെയ്യുന്ന കാര്യങ്ങൾ ആത്മാർത്ഥതയോടു കൂടിയേ ചെയ്യാറുള്ളൂ എന്ന് രാഹുൽ പറഞ്ഞിട്ടുണ്ട്. ഈ നിലപാടിന് എങ്ങനെ കാണുന്നു ?
പാലക്കാട്ടുള്ളവർ സ്നേഹനിധികളാണ്. രാഹുലേ എന്ന് വിളിച്ച് കൈനീട്ടി നിൽകുന്ന സരിന്റെ ചിത്രം എല്ലാവരും കണ്ടതാണ്. സംഭവം പാലക്കാട്ടെ അമ്മമാരേയും സഹോദരിമാരേയുമൊക്കെ ഏറെ വേദനിപ്പിച്ചിട്ടുണ്ട്. ഞാനുമായി ബന്ധപ്പെട്ടവരൊക്കെ ഈ വേദന പങ്കുവെച്ചിട്ടുണ്ട്.ഒറ്റപ്പെട്ട് നിൽക്കുന്ന മക്കളോടൊപ്പം പാലക്കാട്ട അമ്മമാർ ഹൃദയം ചേർത്ത് വെയ്ക്കും. അത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.
ഇടതു വേദികളിലെ താങ്കളുടെ സജീവ സാന്നിധ്യം കോൺഗ്രസ് നേതാക്കൾ അവസരവാദ രാഷ്ട്രീയമെന്ന് പരിഹസിക്കുന്നുണ്ട്?
ഇടതുവേദികളിൽ പൂർണമായി ഞാൻ പോയിട്ടില്ല. ഗോവിന്ദൻമാഷെ കാണാൻ അവസരം തേടിയിരുന്നു, കണ്ടിരുന്നു. ഞാൻ തിരഞ്ഞെടുപ്പിൽ എന്റേതായ രീതിയിലാണ് പ്രവർത്തിക്കുന്നത്. പഴയകാല കോൺഗ്രസ് നേതാക്കളൊക്കെ കണ്ടുകൊണ്ടാണ് ഞാൻ പോകുന്നത്. അവസരവാദം എന്ന് പറയാൻ ഞാൻ ആരുടെ അടുത്തും സീറ്റൊന്നും തേടി പോയിട്ടില്ല. ഞാൻ ഉന്നയിച്ച വിഷയങ്ങളൊക്കെ നേരത്തേ തന്നെ കോൺഗ്രസിൽ ഉന്നയിച്ചതാണ്
കോൺഗ്രസ് പാർട്ടിയോട് ആണോ അതോ നേതാക്കളോടാണോ താങ്കളുടെ വിയോജിപ്പ്?
എന്റെ വിയോജിപ്പ് ഈ പാർട്ടിയെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്ന വിഡി സതീശനോടും ഷാഫി പറമ്പിലിനോടുമാണ്. പുതുപ്പള്ളി, തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ വിജയം തന്റെ അക്കൗണ്ടിൽ ചേർത്ത് എട്ടുകാലി മമ്മുഞ്ഞിനെ പോലെ പോയി നിന്നവരാണ് വിഡി സതീശൻ. ഈ തിരഞ്ഞെടുപ്പിൽ പാലക്കാട്ടും ചേലക്കരയിലും വിധി എതിരായാൽ അദ്ദേഹം തന്റെ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെയ്ക്കുമോയെന്നാണ്. ഷാഫി-വിഡി സതീശൻ കോക്കസിനെതിരെയാണ് എന്റെ പോരാട്ടം. അതിന് എന്നോടൊപ്പം ധാരാളം കോൺഗ്രസുകാരുണ്ട്.
പാലക്കാട് ഉപതിരഞ്ഞെടുപ്പിലേക്ക് ആദ്യം സ്ഥാനാർത്ഥികളായി ഡിസിസിയിൽ ഉയർന്ന പേര് വിടി ബൽറാമിന്റേയും സരിന്റേയും കെ മുരളീധരന്റേയുമായിരുന്നു. എന്നാൽ ഈ ലിസ്റ്റെല്ലാം അവഗണിച്ച് കൊടുത്തുകൊണ്ടാണ് രാഹുലും ഷാഫിയും രാഹുലിന്റെ പേര് മുന്നോട്ട് വെച്ചത്. ഇതോടെ മറ്റ് പേരുകളെല്ലാം ഒഴിവാക്കി കെ മുരളീധരന്റെ പേരിലേക്ക് ഡിസിസി ഐകകണ്ഠേന എത്തി. ഇതോടെ ഞാൻ പറയുന്നയാളെ മത്സരിപ്പിച്ചില്ലെങ്കിൽ പ്രചരണത്തിന് എത്തില്ലെന്ന് ഷാഫി നിലപാട് എടുത്തതോടെ പാർട്ടി അതിന് വഴങ്ങിക്കൊടുത്തു.ഷാഫിയും നോമിനിയും മാത്രം മതി എന്ന് കരുതുന്ന ഈ തിരഞ്ഞെടുപ്പിൽ തീർച്ചയായും അവർ തിരിച്ചടി നേരിടും.
സരിൻ്റെ പ്രചാരണങ്ങളിൽ താങ്കൾ സജീവമായി രംഗത്തുണ്ട്. എത്ര മാത്രമാണ് പ്രതീക്ഷകൾ, എന്തെല്ലാമാണ് അനുകൂല ഘടകങ്ങൾ ?
ആദ്യഘട്ടത്തിൽ സരിൻ സ്ഥാനാർത്ഥിയായി വരുമ്പോൾ ഇടതുപക്ഷം എങ്ങനെ സ്വീകരിക്കുമെന്ന ആശങ്ക എല്ലാവർക്കും ഉണ്ടായിരുന്നു. എന്നാൽ ഇടതുപക്ഷം അദ്ദേഹത്തെ ഏറ്റെടുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പാർട്ടിയുടെ എല്ലാഘടകങ്ങളും വളരെ സജീവമായി പ്രവർത്തിച്ചതോടെ ജനങ്ങൾ വളരെ വേഗം സരിനെ ഏറ്റെടുത്തു. മെട്രോമാൻ ഈ ശ്രീധരന് കിട്ടിയിരുന്ന വിദ്യാസമ്പന്നരായ, നിഷ്പക്ഷരായ ഒരു വലിയ വിഭാഗത്തിന്റെ വോട്ട് ഇക്കുറി പി സരിന് കിട്ടും. കോൺഗ്രസിൽ പ്രതിഷേധമുള്ള ഒരു വലിയ വിഭാഗത്തിന്റെ വോട്ടും സരിന് ലഭിക്കും.
സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി ബിജെപിയിലുണ്ടായ പൊട്ടിത്തെറിയുടെ പശ്ചാത്തലത്തിൽ ബിജെപിയിൽ നിന്നുള്ള വോട്ടുകളും സരിന് ലഭിക്കും. നിലവിൽ പാലക്കാട് മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണ്.
വയനാട്ടിൽ പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വം പാലക്കാട് യുഡിഎഫിന് അനുകൂലമായി വികാരം ഉണ്ടാകുമെന്ന് കോൺഗ്രസിൻറെ പ്രതീക്ഷകളെ എങ്ങനെ കാണുന്നു?
പാലക്കാട് ബിജെപി ജയിക്കാൻ സാധ്യതയുണ്ട് അതുകൊണ്ട് യുഡിഎഫിന് വോട്ട് ചെയ്യണം, വയനാട് പ്രിയങ്ക വന്നാൽ പാലക്കാട് ഗുണം ചെയ്യും ഇങ്ങനെയുള്ള കാര്യങ്ങളിലാണ് കോൺഗ്രസ് പ്രതീക്ഷ വെയ്ക്കുന്നത്. എത്രകാലം ഒരു പാർട്ടിക്ക് ഇങ്ങനെ മുന്നോട്ട് പോകാൻ സാധിക്കും. ബിജെപി ജയിക്കും എന്നത് കൊണ്ട് വോട്ട് ചെയ്യണം എന്ന് പറയുമ്പോൾ ത്രികോണ മത്സരമില്ലാത്ത ചേലക്കരയിൽ അവർക്ക് അത് പറയാൻ സാധിക്കുമോ? കോൺഗ്രസ് തന്നെ അവരുടെ കുഴിവെട്ടുകയാണ്.
സന്ദീപ് വാര്യർ അടക്കം ആര് വന്നാലും സ്വീകരിക്കാമെന്ന സിപിഎം നിലപാട് അവരുടെ ഗതികേടാണ് വിളിച്ചുപറയുന്നതെന്നാണ് കോൺഗ്രസ് വിമർശനം?
തുടർച്ചയായ 10 വർഷം പ്രതിപക്ഷത്താണ് കോൺഗ്രസ്. ഈ പരിഹാസവും വിമർശനവുമെല്ലാം കോൺഗ്രസിന്റെ പാപ്പരത്തിന്റെ തെളിവാണ്. കോൺഗ്രസിൽ നിന്നും ആളുകൾ പുറത്തുപോകുന്നതിൽ അവർക്ക് പരാതിയില്ല. അതിനാൽ സിപിഎമ്മിനെ പരിഹസിച്ച് കോൺഗ്രസ് നേതാക്കൾ സ്വയം പരിഹാസ്യരാവുകയാണ്.
ഉപതിരഞ്ഞെടുപ്പിന് ശേഷം താങ്കൾ സിപിഎമ്മിൽ ഔദ്യോഗികമായി ചേരുമോ
അത്തരം കാര്യങ്ങളെ കുറിച്ച് ആലോചിച്ചിട്ടില്ല. ഗോവിന്ദൻ മാഷുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അദ്ദേഹം പറഞ്ഞത് ഇടതുപക്ഷമാകുകയെന്നത് ആലോചനയ്ക്കും പഠനത്തിനുമൊക്കെ ശേഷം ചെയ്യേണ്ട കാര്യമാണെന്നാണ്.അതുകൊണ്ട് തന്നെ പഠനത്തിനും ആലോചനയ്ക്കും ശേഷമേ ഞാൻ അത്തരമൊരു തീരുമാനം എടുക്കുകയുള്ളൂ.












Click it and Unblock the Notifications