വയനാടും ചേലക്കരയും കഴിഞ്ഞ് മടങ്ങല്ലേ, 20 വരെ പാലക്കാട് തന്നെ വേണം; നേതാക്കൾക്ക് നിർദ്ദേശവുമായി കോൺഗ്രസ്
പാലക്കാട്: ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നേരെ പാലക്കാട്ടേക്ക് വരണമെന്ന് നേതാക്കൾക്ക് നിർദ്ദേശവുമായി കെ പി സി സി നേതൃത്വം. വയനാടും ചേലക്കരയും കൊട്ടിക്കലാശം കഴിഞ്ഞ് നേരെ പാലക്കാട്ടേക്ക് എത്താനാണ് നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. പാലക്കാടും ചേലക്കരയിലും 13 നാണ് തിരഞ്ഞെടുപ്പ്. കൽപ്പാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തിൽ പാലക്കാട് തിരഞ്ഞെടുപ്പ് 20 ലേക്ക് മാറ്റിയിരുന്നു.
നിലവിൽ വയനാട്ടിൽ ടി സിദ്ധിഖിനും എ പി അനിൽകുമാറിനുമാണ് ചുമതല. ഇവരെ കൂടാതെ 5 എം പിമാരും 2 എം എൽ എമാരും വേറെയുണ്ട്. ചേലക്കരയിൽ കൊടിക്കുന്നിൽ സുരേഷ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർക്കാണ് ചുമതല. 37 നേതാക്കളാണ് ഇരുമണ്ഡലങ്ങളിലുമായി നിയോഗിച്ചിരക്കുന്നത്. ഇവരെയെല്ലാം പാലക്കാട്ട് എത്തിക്കാനാണ് നീക്കം. നേതാക്കളുടെ പ്രവർത്തനം സംബന്ധിച്ചുള്ള വിശദാംശങ്ങൾ അടുത്ത ദിവസം നൽകും.

തിരഞ്ഞെടുപ്പ് മാറ്റി വെച്ചത് കൂടുതൽ ഗുണകരമാകുമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. കൂടുതൽ നേതാക്കളെ പാലക്കാടെത്തിച്ച് വരും ദിവസങ്ങളിൽ വീടുകൾ കയറിയിറങ്ങിയുള്ള പ്രചരണം ശക്തമാക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾ ഉൾപ്പെടെ വരും ദിവസങ്ങളിൽ കോൺഗ്രസ് പ്രചരണവിഷയമാക്കും.
കള്ളപ്പണ ആരോപണവും കോൺഗ്രസ് നേതാക്കളുടെ മുറിയിലെ പാതിരാ റെയ്ഡും തങ്ങൾക്ക് അനുകൂലമായെന്ന് കോൺഗ്രസ് നേതൃത്വം കരുതുന്നുണ്ട്. വിഷയത്തിൽ സി പി എം നേതൃത്വവും എൽ ഡി എഫ് സ്ഥാനാർത്ഥിയും സ്വീകരിക്കുന്ന വ്യത്യസ്ത നിലപാടുകൾ എൽ ഡി എഫിനെ കൂടുതൽ വെട്ടിലാക്കിയെന്നാണ് പാർട്ടി വിലയിരുത്തൽ. മാത്രമല്ല ബി ജെ പി-സി സി എം കൂട്ടുകെട്ട് കൂടുതൽ തുറന്നുകാട്ടാൻ സാധിച്ചുവെന്നും നേതാക്കൾ പറയുന്നു. റെയ്ഡ് വിവാദം രാഹുലിന് അനുകൂലമായ സാഹചര്യം ഒരുക്കിയെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ തന്നെ വ്യക്തമാക്കിയിരുന്നു. രാഹുലിന് ശുക്രദശയാണെന്നും ഇരട്ടി ഭൂരിപക്ഷത്തിൽ ഇനി വിജയിക്കുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
മണ്ഡലത്തിൽ ബി ജെ പിയാണ് രണ്ടാം സ്ഥാനത്ത്. തുടക്കത്തിൽ കനത്ത മത്സരമെന്ന പ്രതീതി ഉണ്ടാക്കിയെങ്കിലും കൊടകര കുഴൽപ്പണ വിവാദവും സന്ദീപ് വാര്യർ വിഷയവുമെല്ലാം ബി ജെ പിക്ക് തിരിച്ചടിയായെന്നും കോൺഗ്രസ ്കരുതുന്നുണ്ട്. അതേസമയം മണ്ഡലത്തിൽ പി സരിന് കൂടുതൽ സ്വീകാര്യത ലഭിച്ചുവെന്നാണ് എൽ ഡി എഫ് വിലയിരുത്തൽ. റെയ്ഡ് വിവാദം കോൺഗ്രസിനെ തിരിച്ചടിക്കുമെന്നും സി പി എം പറയുന്നു.












Click it and Unblock the Notifications