'ട്രോളിയിൽ അല്ലാതെ തക്കാളിപ്പെട്ടിയിലാണോ വസ്ത്രം കൊണ്ടുവരിക, കഞ്ചാവ് വെച്ച് പിടിപ്പിച്ചില്ലല്ലോ'
പാലക്കാട്; കള്ളപ്പണം കൊണ്ടുവന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതാക്കളുടെ മുറിയിൽ റെയ്ഡ് നടത്തിയ സംഭവത്തിൽ സി പി എമ്മിനെ അതിരൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎം തിരക്കഥയൊരുക്കിയ നാടകമാണ് കഴിഞ്ഞ ദിവസം ഹോട്ടലിൽ നടന്നതെന്നും ഇപ്പോൾ അവർ അപഹാസ്യരായെന്നും വിഡി സതീശൻ പറഞ്ഞു. തിരഞ്ഞെടുപ്പ് ജയിക്കാനായി എന്ത് കളിയും കളിക്കാൻ മടിയില്ലാത്തവരാണ് സി പി എം. രാഹുലിന്റെ വണ്ടിയിൽ കഞ്ചാവ് വെച്ച് പിടിപ്പിച്ചില്ലെന്ന ആശ്വാസം ഉണ്ടെന്നും വി ഡി സതീശൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മന്ത്രി എം ബി രാജേഷും അദ്ദേഹത്തിന്റെ ഭാര്യ സഹോദരനും ചേർന്നുണ്ടാക്കിയ തിരക്കഥയാണ് പാലക്കാട് ഉണ്ടായത്. ബി ജെ പി അപകടത്തിൽപ്പെട്ട് നിൽക്കുകയാണല്ലോ. ഇത്രയും കാലം ബി ജെ പിയെ സഹായിക്കാൻ സി പി എം ഒളിപ്പിച്ചുവെച്ച കേസാണ് കൊടകുഴൽപ്പണക്കേസ്. സി പി എം കൂടിയാണ് ഇതോടെ പ്രതിസന്ധിയിലായത്. ഇതിനെ ബാലൻസ് ചെയ്യാൻ വേണ്ടിയുണ്ടാക്കിയ നാടകമാണിത്.

പരിശോധന നടത്തിയിട്ട് അവർക്കൊന്നും കിട്ടിയില്ല. അതിന് ശേഷം ഒരു ട്രോളി നാടകവും ഇറക്കിയിട്ടുണ്ട്. അവർ ചെളിയിൽ വീണു. വീണിടത്ത് കിടന്ന് ഉരുണ്ടുകൊണ്ടിരിക്കുകയാണ്. സി പി എം യഥാർത്ഥത്തിൽ പരിഹാസ്യരായിപ്പോയി. മന്ത്രി എം ബി രാജേഷ് രാജിവെയ്ക്കണം. കാരണം രണ്ട് സ്ത്രീകളാണ് അപമാനിക്കപ്പെട്ടത്. അർധരാത്രിയാണ് വനിതാ നേതാക്കളുടെ മുറി പരിശോധിച്ചത്. കേരള രാഷ്ട്രീയം ഇതുവരെ കാണാത്ത ഹീനമായ തന്ത്രമാണ് സി പി എം നടത്തിയത്. ജില്ലാ സെക്രട്ടറി എന്തൊക്കെ ആരോപണങ്ങളാണ് ഉന്നയിച്ചത്. രാഹുലിനെ കാണാതായി ,പുറകിലെ കോണി വഴി ഇറങ്ങിപ്പോയി. വി കെ ശ്രീകണ്ഠൻ ഇരിക്കുന്നത് കണ്ടു. ട്രോളിയിൽ അല്ലാതെ തക്കാളിപ്പെട്ടിയിലാണോ ഡ്രസ് കൊണ്ടുപോകുക', വിഡി സതീശൻ ചോദിച്ചു.
ബി ജെ പി, കോൺഗ്രസ്, സി പി എം നേതാക്കളെല്ലാം താമസിക്കുന്ന സ്ഥലമാണ് ആ ഹോട്ടൽ. മാധ്യമപ്രവർത്തകരും ഉണ്ട് അവിടെ. അവിടെയാണോ ട്രോളിയിൽ ആരെങ്കിലും പണം കൊണ്ടുവരിക.ഇതൊക്കെയൊരു നാടകമാണ്. ഇവർ എന്തും ചെയ്യാൻ മടിയില്ലാത്തവരാണ്. രാഹുലിന്റെ വണ്ടിയിൽ കഞ്ചാവ് വെച്ച് പിടിപ്പിച്ചില്ലല്ലോ. അത്രയും ആശ്വാസം', വിഡി സതീശൻ പറഞ്ഞു.


Click it and Unblock the Notifications