എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് കോൺഗ്രസ് പറയുമോ? തന്റേടമുണ്ടോ അവർക്ക് ; എംബി രാജേഷ്
പാലക്കാട് : കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മന്ത്രി എംബി രാജേഷ്. പാലക്കാട് എസ് ഡി പി ഐയുടെ പിന്തുണ വേണ്ടെന്ന് പറയാൻ കോൺഗ്രസിന് ധൈര്യമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. എസ്ഡിപിഐ പിന്തുണ കോൺഗ്രസിനാണെന്ന പ്രതികരണത്തോട് കോൺഗ്രസ് കാണിക്കുന്ന നിശബ്ദത ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാടിനെ കുരുതിക്കളമാക്കാൻ നോക്കിയ വർഗ്ഗീയ ശക്തികളാണ് എസ് ഡി പി ഐയും ആർ എസ് എസും. ആരുടെ തണലിലാണ് കോൺഗ്രസ് വളരുന്നതെന്നത് ഇതോടെ വ്യക്തമായിരിക്കുകയാണ്. പാർട്ടിയിലെ മതനിരപേക്ഷവാദികൾക്ക് ഈ കൂട്ടുകെട്ട് അംഗീകരിക്കാനാകില്ല. എസ് ഡി പി ഐ വോട്ട് വേണ്ടെന്ന കാര്യം തങ്ങൾ നേരത്തേ തന്നെ പ്രഖ്യാപിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ എസ് ഡി പി ഐയുടെ അടക്കം പിന്തുണ സ്വീകരിക്കേണ്ട ഗതികേടിലേക്ക് പാർട്ടി മാറി. തിരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ പറഞ്ഞ കാര്യങ്ങൾ അടിവരയിടുന്ന തരത്തിലാണ് കോൺഗ്രസിൽ നടക്കുന്ന പൊട്ടിത്തെറികളെന്നും എംബി രാജേഷ് പറഞ്ഞു. അതേസമയം പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വെട്ടിലാക്കി പാർട്ടിയിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുകയാണ്. ഏറ്റവും ഒടുവിലായി പിരിയാരി പഞ്ചായത്ത് മണ്ഡലം ദളിത് കോൺഗ്രസ് പ്രസിഡന്റ് കെഎ സുരേഷ് ആണ് പാർട്ടി വിട്ടിരിക്കുന്നത്. കോൺഗ്രസ് നേതൃത്വത്തേയും ഷാഫി പറമ്പിലിനേയും അതരൂക്ഷമായി വിമർശിച്ചുകൊണ്ടാണ് സുരേഷ് രാജിവെച്ചത്. പിന്നാലെ തന്നെ അദ്ദേഹം സി പി എമ്മിൽ ചേരുകയും ചെയ്തു.
പാലക്കാട് കോൺഗ്രസിൽ ഷാഫി പറമ്പിലിന്റെ ഏകാധിപത്യമാണെന്നാണ് സുരേഷ് വിമർശിച്ചത്. എൽ ഡി എഫ് സ്ഥാനാർത്ഥി പി സരിന്റെ വിജയം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ താൻ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പിരിയാരി കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജി ശശിയും ഭാര്യ സിതാരയും കഴിഞ്ഞദിവസം കോൺഗ്രസ് വിട്ടിരുന്നു. ഇരുവരും ഷാഫി പറമ്പിലിനെതിരെ തന്നെയായിരുന്നു തുറന്നടിച്ചത്. ഷാഫി പറമ്പിൽ വിജയിച്ച ശേഷം തിരിഞ്ഞു നോക്കിയിട്ടില്ലെന്നും നൽകിയ വികസന വാഗ്ദാനങ്ങളൊന്നും നടപ്പാക്കിയിട്ടില്ലെന്നും പിരായിരി പഞ്ചായത്ത് അംഗം കൂടിയായ സിതാര വിമർശിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം പി സരിനടക്കം ഇതുവരെ നാല് നേതാക്കളാണ് കോൺഗ്രസ് വിട്ടത്. മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്ന എകെ ഷാനിബ് അടക്കമുള്ളവർ സി പി എമ്മിൽ ഔദ്യോഗികമായി ചേർന്നില്ലെങ്കിലും ഉടൻ പാർട്ടി പ്രവേശനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.












Click it and Unblock the Notifications