പാലക്കാട് ഉപതിരഞ്ഞെടുപ്പ് 2024; കെ മുരളീധരൻ പ്രചരണത്തിന് എത്തില്ലേ? മറുപടി
പാലക്കാട് സ്ഥാനാർത്ഥിത്വം സംബന്ധിച്ച ഡിസിസി കത്ത് പുറത്തുവന്നത് മുതൽ ഇടഞ്ഞ് നിൽക്കുകയാണ് മുതിർന്ന നേതാവ് കെ മുരളീധരൻ. പാലക്കാട് കെ മുരളീധരനാണ് യോഗ്യൻ എന്നതായിരുന്നു കത്തിലെ ഉള്ളടകം. കത്ത് വിവാദത്തിൽ തന്റെ അതൃപ്തി അദ്ദേഹം പരസ്യമായി തന്നെ പ്രകടിപ്പിച്ചിരുന്നു. എന്നാൽ തുടർ ചർച്ചകളോ വിവാദങ്ങളോ ഇക്കാര്യത്തിൽ വേണ്ടെന്നാണ് മുരളീധരൻ പിന്നീട് വ്യക്തമക്കിയത്. ഇത്തരത്തിൽ ചർച്ചയ്ക്കില്ലെന്ന് പറയുമ്പോഴും പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് അദ്ദേഹം ഇതുവരേയും എത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഇപ്പോഴിതാ ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിക്കുകയാണ് മുരളീധരൻ. പാർട്ടി തന്നോട് ആവശ്യപ്പെടണമെന്നാണ് മുരളീധരൻ വിശദീകരിച്ചത്.
'ഞാൻ പ്രചരണത്തിന് പോകണോയെന്ന് പാർട്ടി നേതൃത്വം തീരുമാനിച്ച് അറിയിക്കട്ടെ. അത്തരമൊരു നിർദ്ദേശം വന്നാൽ പാലക്കാട്ടേക്ക് പോകും. ദേശീയ തലത്തിലുള്ള ചില നേതാക്കൾ തന്നെ ബന്ധപ്പെട്ടിരുന്നു. പാർട്ടി എന്നോട് ആവശ്യപ്പെട്ടാൽ താൻ അവിടെ ഉണ്ടാകുമെന്നാണ് അറിയിച്ചത്. തിരഞ്ഞെടുപ്പ് സമയത്ത് അഭിപ്രായ വ്യത്യാസങ്ങൾക്ക് പ്രസക്തിയില്ല.

തിരഞ്ഞെടുപ്പ് സമയത്ത് മോദി സർക്കാരിന്റേയും പിണറായി സർക്കാരിന്റേയും ജനവിരുദ്ധ നയങ്ങൾളും കൊടകര കുഴൽപ്പണവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുമല്ലേ ചർച്ചയാകേണ്ടത്. അല്ലാതെ മുരളീധരന്റെ മാനസിക പ്രയാസമല്ല. പാർട്ടിയുടെ ആഭ്യന്തരകാര്യം ഈ 13 ദിവസത്തിനിടെ ചർച്ചയ്ക്ക് വെയ്ക്കാൻ താൻ ഉദ്ദേശിക്കുന്നില്ല. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇത് തന്നെ ചർച്ച ചെയ്തോണ്ടിരുന്നാൽ പാർട്ടിയെ അത് ബാധിക്കും.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ രണ്ട് നിയമസഭ മണ്ഡലങ്ങളിലും കോൺഗ്രസിന് അനുകൂല സാഹചര്യമാണ്. പാലക്കാട് ഞങ്ങൾ നിലനിർത്തും. ചേലക്കര പിടിച്ചെടുക്കും. ആ സമയത്ത് ഷാഫി ചെയ്തത് ശരിയാണോ, കത്ത് പുറത്ത് വന്നത് ശരിയാണോ എന്ന ചർച്ചകൾക്കൊന്നും യാതൊരു പ്രാധാന്യവുമില്ല', മുരളീധരൻ പറഞ്ഞു.
അതേസമയം മുരളീധരൻ അടക്കം എല്ലാവരോടും പ്രചരണത്തിന് എത്താൻ താൻ നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞത്. 'മുരളീധരൻ തിരഞ്ഞെടുപ്പ് പ്രചരണത്തിന് വരണമോയെന്നതൊക്കെ പാർട്ടിയുടെ ആഭ്യന്തര കാര്യമാണ്. പാർട്ടിയുടെ എല്ലാ നേതാക്കൾക്കും 17 ന് തന്നെ പാർട്ടിയുടെ കൺവൻഷൻ തീയതികൾ അടക്കമുള്ള കാര്യങ്ങൾ അയച്ച് കൊടുക്കുകയും നേരിട്ട് ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. മുരളീധരൻ അടക്കമുള്ളവരെ ബന്ധപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് എല്ലാവരും തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തും', വിഡി സതീശൻ പറഞ്ഞു.












Click it and Unblock the Notifications