സന്ദീപ് വാര്യർ ബിജെപി വിട്ട് സിപിഎമ്മിലേക്ക്?; പുകഴ്ത്തി എകെ ബാലൻ, 'നല്ല നേതാവ്, ബിജെപിയിലെ തിരുത്തൽവാദി'
ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ പാലക്കാട് രാഷ്ട്രീയത്തിൽ വമ്പൻ ട്വിസ്റ്റുകളാണ് അരങ്ങേറുന്നത്. അതിൽ ആദ്യത്തേതായിരുന്നു കോൺഗ്രസ് യുവ നേതാവായിരുന്ന പി സരിന്റെ കാലുമാറ്റം. കോൺഗ്രസിനെ തള്ളി പറഞ്ഞ സരിൻ മണിക്കൂറുകൾക്കകമാണ് ഇടതു ക്യാമ്പിലെത്തി എൽ ഡി എഫ് സ്ഥാനാർത്ഥിയാകുന്നത്. ഇതിന് പിന്നാലെയും നിരവധി പേർ പാർട്ടി വിട്ട് സി പി എമ്മിനൊപ്പം ചേർന്നു.
ഇപ്പോഴിതാ ബി ജെ പിയിൽ നിന്നൊരാൾ ഇടതുപക്ഷത്തേക്ക് എന്ന അഭ്യൂഹമാണ് ശക്തമായിരിക്കുന്നത്. സന്ദീപ് വാര്യരുടെ പേരാണ് ചർച്ചകളിൽ ഇടംപിടിക്കുന്നത്. ബി ജെ പിയുമായി ഇടഞ്ഞ സന്ദീപ് സി പി എമ്മുമായി ചർച്ച നടത്തിയെന്ന അഭ്യൂഹങ്ങളാണ് പുറത്തുവരുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച നടന്ന എൻ ഡി എ കൺവെൻഷനിൽ മുതിർന്ന നേതാക്കൾക്കൊപ്പം സന്ദീപിന് സീറ്റ് നൽകാത്തത് അദ്ദേഹത്തെ ചൊടിപ്പിച്ചിരുന്നു. പാർട്ടിയിലെ പ്രമുഖർ പങ്കെടുത്ത പരിപാടിയിൽ അണികൾക്കൊപ്പമാണ് സന്ദീപ് വേദിയിലിരുന്നത്. ഇതോടെ സന്ദീപ് പരിപാടിയിൽ നിന്നും പിണങ്ങിപ്പോകുകയായിരുന്നുവെന്നാണ് വാർത്തകൾ. അതിന് ശേഷം സന്ദീപ് ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ സജീവമായിരുന്നില്ല. ബി ജെ പി സ്ഥാനാർത്ഥി സി കൃഷ്ണകുമാറുമായും സന്ദീപിന് അഭിപ്രായ വ്യത്യാസം ഉണ്ടെന്നാണ് വിവരം. ഈ സാഹചര്യത്തിൽ പാലക്കാട് പ്രചരണ ചുമതലയിൽ നിന്നും ഒഴിഞ്ഞ് പാർട്ടി വിടാനുള്ള നീക്കത്തിലാണ് സന്ദീപ് എന്ന അഭ്യൂഹങ്ങളാണ് ശക്തമായിരിക്കുന്നത്. അദ്ദേഹം സി പി എം നേതൃത്വവുമായി ചർച്ച നടത്തിയതായി മലയാളം ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.
അതിനിടെ സന്ദീപിനെ പുകഴ്ത്തിയിരിക്കുകയാണ് ഇപ്പോൾ സി പി എം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലൻ. സന്ദീപ് മികച്ച നേതാവാണെന്നും കാര്യങ്ങൾ കൃത്യമായി സംസാരിക്കുന്നയാളാണെന്നും എകെ ബാലനെ ഉദ്ധരിച്ച് മലയാളം ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.' 'ബി ജെ പിക്കുള്ളിൽ ശക്തമായ പൊട്ടിത്തെറിയുണ്ട്. സന്ദീപ് വാര്യർ എന്നോട് സംസാരിച്ചിട്ടൊന്നുമില്ല. അദ്ദേഹം വ്യക്തമായ നിലപാട് പറയുന്നയാളാണ്. സന്ദീപ് നട്ടെല്ല് വളക്കുന്നൊരു നേതാവാണെന്ന് തോന്നുന്നില്ല. സരിനെ പോലെ സന്ദീപും ഒരു തിരുത്തൽവാദിയാണ്. പല കാര്യങ്ങളിലും ശക്തമായ വിയോജിപ്പ് അദ്ദേഹത്തിന് ഉള്ളതായി ബി ജെ പിക്കാർ എന്നോട് പറഞ്ഞിട്ടുണ്ട്. ഇതൊക്കെ എങ്ങനെയാണ് രൂപപ്പെട്ട് വരുന്നതൊന്നും അറിയില്ല. സന്ദീപ് നിലപാട് വ്യക്തമാക്കിയാൽ അല്ലേ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യണമോയെന്ന് പറയാൻ സാധിക്കൂ', എകെ ബാലൻ പറഞ്ഞു.
തിരഞ്ഞെടുപ്പിന് മുൻപ് സന്ദീപ് വാര്യർ സി പി എമ്മിലേക്ക് എത്തിയാൽ അത് പാലക്കാട് രാഷ്ട്രീയത്തിൽ മറ്റൊരു ട്വിസ്റ്റാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സന്ദീപ് പാർട്ടി വിട്ടാൽ അത് ബി ജെ പിയെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരിക്കും. യുവാക്കൾക്കിടയിൽ വലിയ സ്വാധീനമുള്ള നേതാവ് കൂടിയാണ് സന്ദീപ്. അതേസമയം ഇപ്പോഴത്തെ വിവാദങ്ങളോട് സന്ദീപ് വാര്യർ ഇതുവരെ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications