'പാലക്കാട്ടെ സ്ഥാനാർത്ഥിത്വം തിരുത്തണം; ജയിലിൽ കിടന്നാൽ ത്യാഗമാകില്ല'; ആഞ്ഞടിച്ച് സരിൻ
പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തിൽ ആഞ്ഞടിച്ച് പി സരിൻ. പാലക്കാട്ടെ യാഥാർത്ഥ്യം പാർട്ടി തിരിച്ചറിയണമെന്നും രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വം പുനഃപരിശോധിക്കണമെന്നും സരിൻ ആവശ്യപ്പെട്ടു. തെറ്റ് പറ്റിയെങ്കിൽ തിരുത്താൻ തയ്യാറകണം ഇല്ലെങ്കിൽ രാഹുൽ മാങ്കൂട്ടത്തിൽ അല്ല രാഹുൽ ഗാന്ധിയാണ് പരാജയപ്പെടാൻ പോകുന്നതെന്നും സരിൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
'നേതൃത്വം തോന്ന്യവാസമാണ് കാണിക്കുന്നത്. ഇൻസ്റ്റ റീലും സ്റ്റോറിയും ഇട്ടാൽ ഹിറ്റാകുമെന്ന് ചിലർ കരുതുന്നുണ്ട്. ജയിലിൽ കിടന്നാൽ ത്യാഗമാകില്ല. ഇപ്പോഴത്തെ സ്ഥാനാർത്ഥിയെ എങ്ങനെയാണ് നിർണയിച്ചത്. ഒരാളുടെ താത്പര്യത്തിന് വേണ്ടി പാർട്ടിയെ ബലകഴിപ്പിക്കരുത്.എനിക്ക് കിട്ടാത്തത് കൊണ്ടാണ് ഞാനിത് പറയുന്നതെന്ന് തെറ്റിധരിക്കരുത്. ജനങ്ങളുടെ വിശ്വാസത്തിലെടുക്കുന്ന രീതിയിലുള്ള സ്ഥാനാർത്ഥി പ്രഖ്യാപനത്തിലേക്ക് പാർട്ടി വരണം.

രാഹുൽ മാങ്കൂട്ടത്തലിന്റെ സ്ഥാനാർത്ഥിത്വം ജനങ്ങളെ ബോധ്യപ്പെടുത്താൻ സാധിച്ചില്ലെങ്കിൽ പാർട്ടി പാലക്കാട് തോറ്റ് പോകും. സ്ഥാനാർത്ഥി ആരാണന്നുള്ളതല്ല ഇവിടുത്തെ പ്രശ്നം. മുൻകൂട്ടി തീരുമാനിച്ചാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ഇത്തരത്തിലൂടെ ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങളാണ് വിഷയം. നേതൃത്വത്തിന് തിരുത്താൻ ഇനിയും സമയമുണ്ട്. ഇല്ലെങ്കിൽ തോൽക്കുക രാഹുൽ മാങ്കൂട്ടത്തിൽ അല്ല, രാഹുൽ ഗാന്ധിയാണ്.
എഐസിസിക്ക് താൻ കത്ത് നൽകിയിട്ടുണ്ട്. മറുപടി വരട്ടെ. 29 നാണ് നോമിനേഷൻ സമർപ്പിക്കാൻ ഉള്ള അവസാന തീയതി. എല്ലാവരും അംഗീകരിക്കുന്ന തീരുമാനം എടുക്കാൻ പാർട്ടിക്ക് എന്തുകൊണ്ടാണ് സാധിക്കാത്തത്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം വഹിക്കുന്നയാൾക്ക് സ്ഥാനാർത്ഥിത്വം നൽകില്ലെന്ന തീരുമാനം എടുക്കാൻ പാർട്ടിക്ക് സാധിക്കണം.
പാലക്കാട് 13 ന് തിരഞ്ഞെടുപ്പ് നടത്തുന്നത് ആരെ സഹായിക്കാനാണ്. തിരഞ്ഞെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചു. എന്നാൽ 13 ന് മുൻപ് നടത്തുമോയെന്നാണ് ചോദ്യം. 20 ന് നടത്തണം എന്നല്ല പറയുന്നത്. 13 ന് മുൻപേ നടത്തില്ല. അതുറപ്പാണെന്നിരിക്കെ ഇത്തരം ആവശ്യം ഉയർത്തുന്നതിന്റെ അടിസ്ഥാനമെന്താണ്. വ്യക്തിപരമായ വേദന കൊണ്ട് രാഷ്ട്രീയത്തിൽ നിൽക്കാൻ സാധിക്കില്ല. ഞാൻ പ്രതികരിച്ചത് വ്യക്തിപരമായ കാരണം കൊണ്ടല്ല, രാഷ്ട്രീയപരമായൊരു കാരണം കൊണ്ടാണ്.
ഇതൊരു അച്ചടക്കലംഘനമായിരിക്കും. ഒരുപക്ഷെ പാർട്ടി നടപടിയെടുത്തേക്കും. പക്ഷെ നടപടി പേടിച്ച് മിണ്ടാതിരിക്കുന്നത് ശരിയല്ല. സിപിഎം കുറ്റിച്ചൂലിനെ നിർത്തിയാലും വിജയിക്കും. ആ നിലയിലേക്ക് കോൺഗ്രസും മാറണം. രാഹുൽ മാങ്കൂട്ടത്തിൽ കഴിവില്ലാത്തയാളാണെന്ന് ഞാൻ കരുതുന്നില്ല. കഴിവുള്ള ഒരാൾക്ക് തന്നെ എല്ലാം കൊടുത്താൽ അത് ചോദ്യം ചെയ്യപ്പെടും. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചപ്പോൾ തന്റെ സ്ഥാനം താത്കാലികമായെങ്കിലും വൈസ് പ്രസിഡന്റിനെ ഏൽപ്പിക്കാൻ പോലും രാഹുൽ തയ്യാറായിട്ടില്ല. ഇവിടെ യോഗ്യതയുള്ള സമപ്രായക്കാരായ എത്രയോ നേതാക്കൾ വേറേയുണ്ട്. സ്ഥാനാർത്ഥിത്വം പുനഃപരിശോധിച്ച് രാഹുൽ തന്നെ എന്ന് ബോധ്യപ്പെടുത്താൻ നേതൃത്വത്തിന് സാധിച്ചാൽ പ്രശ്നം തീർന്നു', സരിൻ പറഞ്ഞു.
പാർട്ടി പുനഃപരിശോധിച്ചില്ലെങ്കിൽ സിപിഎം സ്ഥാനാർത്ഥിയാകുമോയെന്ന ചോദ്യത്തിന് ആദ്യം പാർട്ടി ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളട്ടെയെന്നായിരുന്നു മറുപടി. കോൺഗ്രസുമായി ഇടഞ്ഞ സരിനെ സിപിഎം സമീപിച്ചിട്ടുണ്ടെന്നാണ് സൂചന. അച്ചടക്കലംഘനത്തിന് സിപിഎം സരിനെതിരെ നടപടിയെടുത്താൽ സരിൻ പാർട്ടി വിട്ടേക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെയെങ്കിൽ സരിൻ സിപിഎം സ്ഥാനാർത്ഥിയാകാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല.












Click it and Unblock the Notifications