'യുഡിഎഫ് ബിജെപിയുടെ അടിവേര് മാന്തി, സുരേന്ദ്രൻ രാജിവെക്കാതെ ബിജെപി രക്ഷപ്പെടില്ല'; സന്ദീപ് വാര്യർ
പാലക്കാട്; ബി ജെ പിയെ പരിഹസിച്ച് സന്ദീപ് വാര്യർ. പാലക്കാട്ടെ പരാജയത്തിന്റെ ഉത്തരവാദിത്തം ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണെന്നും സുരേന്ദ്രൻ രാജിവെയ്ക്കാതെ ആ പാർട്ടി രക്ഷപ്പെടുമെന്ന് കരുതുന്നില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു. കൃഷ്ണകുമാറിനും ഭാര്യയ്ക്കും പാലക്കാട് എഴുതിക്കൊടുത്ത ബി ജെ പി നേതൃത്വം നേതൃത്വം പ്രവർത്തകരോട് മറുപടി പറയട്ടെ. അദ്ദേഹത്തേയും അനുനായികളേയും അടിച്ച് പുറത്താക്കി ചാണകവെള്ളം തെളിച്ച് ശുദ്ധീകരിക്കാതെ ബി ജെ പിക്ക് രക്ഷയുണ്ടാകില്ല. അടുത്ത തിരഞ്ഞെടുപ്പിൽ പാലക്കാട് മുനിസിപ്പാലിറ്റിയിൽ ബി ജെ പിക്ക് ഭരണം നഷ്ടമാകുമെന്നും സന്ദീപ് പറഞ്ഞു.
'സന്ദീപ് വാര്യർ ഏതുവരെ പോകുമെന്ന് നോക്കാം, സന്ദീപ് വാര്യർ ചീള് കേസാണ്, ഒന്നുമില്ലാത്തവനാണ്, ഒരു സന്ദീപ് പോയാൽ നൂറ് സന്ദീപ് വരും എന്നൊക്കെയാണല്ലോ പറഞ്ഞിരുന്നത്. പാലക്കാട്ടെ ജനങ്ങളിൽ എനിക്ക് വിശ്വാസമുണ്ട്, അവർ തന്ന സ്നേഹത്തിന് നന്ദി. ഒരു കാര്യം നിസംശയം പറയാം, പാലക്കാട് നഗരസഭയിൽ ബി ജെ പിയുടെ അടിവേര് മാന്തിയിരിക്കുകയാണ് യു ഡി എഫ്.

ബി ജെ പി നേതാക്കൾ വഞ്ചിച്ചത് ബലിദാനികളെയാണ്. ഈ പരാജയത്തിന്റെ ഉത്തരവാദിത്തം കെ സുരേന്ദ്രനാണ്. സുരേന്ദ്രൻ രാജിവെയ്ക്കാതെ ബി ജെ പിയെന്ന രാഷ്ട്രീയ പ്രസ്ഥാനം രക്ഷപ്പെടാൻ പോകുന്നില്ല. ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നത് സുരേന്ദ്രൻ രാജിവെയ്ക്കരുതെന്നാണ്.
സി കൃഷ്ണകുമാർ സ്ഥാനാർത്ഥി ആയതിനാൽ തന്നെയാണ് ബി ജെ പിക്ക് ഇത്ര വലിയ തിരിച്ചടി നേരിടേണ്ടി വന്നത്. ഏത് തിരഞ്ഞെടുപ്പ് നടന്നാലും കൃഷ്ണകുമാറാണ് സ്ഥാനാർത്ഥി. കൃഷ്ണകുമാറിനും ഭാര്യയ്ക്കും പാലക്കാട് എഴുതിക്കൊടുത്ത ബി ജെ പി നേതൃത്വം തന്നെയാണ് പാലക്കാട്ടെ പരാജയത്തിന്റെ ഉത്തരവാദികൾ. അദ്ദേഹത്തേയും അനുനായികളേയും അടിച്ച് പുറത്താക്കി ചാണകവെള്ളം തെളിച്ച് ശുദ്ധീകരിക്കാതെ ആ പാർട്ടി രക്ഷപ്പെടാൻ പോകുന്നില്ല.
യു ഡി എഫ് പ്രവർത്തകരുടെ പരിശ്രമത്തിന്റെ ഫലം കൂടിയാണ് രാഹുലിന്റെ കൂറ്റൻ വിജയം. അടുത്ത മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പോടെ പാലക്കാട് നഗരസഭയിലെ ബി ജെ പിയുടെ ഭരണം നഷ്ടപ്പെടും', സന്ദീപ് വാര്യർ പറഞ്ഞു. അതേസമയം പാലക്കാടേക്ക് മിന്നും വിജയത്തിലേക്ക് നീങ്ങുകയാണ് യു ഡി എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. 5063 വോട്ടുകൾക്കാണ് രാഹുൽ ലീഡ് ചെയ്യുന്നത്.












Click it and Unblock the Notifications