പോരാട്ട വീറിൻ്റെ വിജയം: പാലക്കാടിൻ്റെ വിജയം വടകരയുടെ കൂടെ വിജയമാണെന്ന് കെകെ രമ
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് നേടിയ വിജയം വടകരയുടെ കൂടെ വിജയമാണെന്ന് ആർ എം പി നേതാവും വടകര എം എല്‍ എയുമായ കെകെ രമ. വടകരയില്‍ നവമാധ്യമങ്ങളിലായിരുന്നു വർഗീയക്കാർഡിറക്കിയതെങ്കിൽ പാലക്കാട്ടത് നേരിട്ട് മാധ്യമങ്ങളിലായിരുന്നുവെന്നും കെകെ രമ ഫേസ്ബുക്കില്‍ കുറിച്ചു.
'ചരിത്രം പോരാളികളുടേതാണ് എന്ന് മറ്റാരേക്കാളും നന്നായി അറിയാവുന്നവരാണ് ഞങ്ങൾ. ചന്ദ്രശേഖരൻ്റെ നാട്ടുകാർ ആയതുകൊണ്ടു മാത്രമല്ല, ചന്ദ്രശേഖരൻ്റെ രാഷ്ട്രീയത്തോട് ചേർന്ന് നിൽക്കാൻ ചില ചെറുപ്പക്കാർ പാലക്കാടിനും വടകരയ്ക്കുമിടയിൽ നെയ്ത പാലത്തിലൂടെ നടക്കാൻ തീരുമാനിച്ചതുകൊണ്ട് കൂടിയാണത്.' കെകെ രമ കുറിച്ചു.

'പാലക്കാടിൻ്റെ വിജയം വടകരയുടെ കൂടെ വിജയമാണ്. പോരാട്ട വീറിൻ്റെ വിജയമാണ്. ഇവിടെ നവമാധ്യമങ്ങളിലായിരുന്നു വർഗീയക്കാർഡിറക്കിയതെങ്കിൽ
പാലക്കാട്ടത് നേരിട്ട് മാധ്യമങ്ങളിലായിരുന്നു. തോറ്റ സ്ട്രാറ്റജികൾ രണ്ടിടത്തും ഒന്നാണ്. തോൽപ്പിച്ച ജനതയും ഒന്നാണ്. വർഗീയപാർട്ടികളെ കെട്ടുകെട്ടിച്ച പാലക്കാട്ടുകാർക്ക് വടകരയുടെ അഭിവാദ്യങ്ങൾ. ഈ ഇരിപ്പ് ഇനി സഭയിലും നമുക്കൊന്നിച്ചിരിക്കാം. പ്രിയ രാഹുൽ, അഭിനന്ദനങ്ങൾ.' എന്നും എംഎല്‍എ കൂട്ടിച്ചേർത്തു.
18198 എന്ന മികച്ച വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു ഡി എഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടില്‍ പാലക്കാട് മണ്ഡലം നിലനിർത്തിയിരുന്നത്. വിജയം പ്രതീക്ഷിച്ചിരുന്ന ബി ജെ പി ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. പാർട്ടി മുന്നേറ്റം പ്രതീക്ഷിച്ചിരുന്ന നഗരസഭ മേഖലയില്‍ അടക്കം സി കൃഷ്ണകുമാറിന് വലിയ തോതില്‍ വോട്ട് കുറഞ്ഞു. ഇതോടെ അവരുടെ പ്രതീക്ഷകള്‍ തുടക്കത്തില്‍ തന്നെ അടഞ്ഞു.
യു ഡി എഫിന്റെ കണക്ക് കൂട്ടലുകള്‍ക്കും അപ്പുറത്തേക്കുള്ള ലീഡിലേക്കാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പോയത്. 10000ന് മുകളിൽ വോട്ടുകളുടെ ഭൂരിപക്ഷത്തോടെ രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കുമെന്നായിരുന്നു കോൺഗ്രസ് നേതാവ് വികെ ശ്രീകണ്ഠൻ്റെ പ്രതികരണം. യു ഡി എഫിന് 58389 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 39549 വോട്ടുകളാണ് ബി ജെ പിക്ക് ലഭിച്ചത്. 37293 വോട്ടുകളുമായി എല്‍ ഡി എഫ് മൂന്നാമതായി. പി സരിന്‍ വന്നിട്ടും കഴിഞ്ഞ തവണത്തേക്കാള്‍ ആയിരത്തില്‍ താഴെ വോട്ടുകള്‍ മാത്രമാണ് അവർക്ക് അധികമായി നേടാന്‍ സാധിച്ചത്.
അതേസമയം, ചേലക്കര മണ്ഡലം നിലനിർത്താന്‍ എല്‍ഡിഎഫിനും സാധിച്ചു. ഉപതിരഞ്ഞെടുപ്പില്‍ 12122 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍ ഡി എഫ് സ്ഥാനാർത്ഥി യു ആർ പ്രദീപിന്റെ വിജയം. എല്‍ ഡി എഫ് 64827 വോട്ട് നേടിയപ്പോള്‍ യു ഡി എഫിന് ലഭിച്ചത് 52626 വോട്ടുകളാണ്. 33609 വോട്ട് നേടി ബി ജെ പിയും മികച്ച മുന്നേറ്റം കാഴ്ചവെച്ചു.












Click it and Unblock the Notifications