Palakkad Result: 'ജയിച്ചാല്‍ ആദ്യം ചാണ്ടിസാറിന്റെ കല്ലറ സന്ദര്‍ശിക്കും'; പ്രതീക്ഷയില്‍ രാഹുല്‍
പാലക്കാട്: ജൂനിയര്‍ ഷാഫി പറമ്പില്‍ എന്ന വിളികേള്‍ക്കുമ്പോള്‍ സന്തോഷവും അഭിമാനവുമാണ് ഉള്ളത് എന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തില്‍. വണ്‍ഇന്ത്യ മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 15 കൊല്ലത്തിലേറെയായി ഷാഫിയുമായി അടുപ്പമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഷാഫി പറമ്പിലുമായി 2008 കാലത്ത് തുടങ്ങിയ ബന്ധമാണ്. അദ്ദേഹം കെഎസ്‌യു ജനറല്‍ സെക്രട്ടറിയായ സമയത്ത് ഞാന്‍ പത്തനംതിട്ട ജില്ലാ ഭാരവാഹിയാണ്. അദ്ദേഹത്തിനായിരുന്നു അന്ന് പത്തനംതിട്ടയുടെ ചുമതല. അന്ന് തൊട്ട് വലിയ അടുപ്പമുണ്ട്. സഹോദര തുല്യനാണ് ഷാഫിക്ക. എതിരാളികള്‍ പോലും ഷാഫി പറമ്പിലിന്റെ പിന്‍ഗാമി എന്നാണ് എന്നെ വിശേഷിപ്പിക്കുന്നത് അത് വലിയ സന്തോഷം തരുന്ന ഒന്നാണ്,' രാഹുല്‍ പറഞ്ഞു.

ജയിച്ച് കഴിഞ്ഞാല്‍ പാലക്കാടിന് പുറത്തേക്ക് ആദ്യം പോകുന്നത് ഉമ്മന്‍ചാണ്ടി സാറിന്റെ കല്ലറയിലേക്കായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. 'ചാണ്ടി ഉമ്മനുമായി ഒരു പ്രശ്‌നവുമില്ല. ഞങ്ങള്‍ ഒന്നിച്ച് പഠിച്ച ആളുകളാണ്. അദ്ദേഹവുമായി ഒരുപാട് കാലം ഒന്നിച്ച് താമസിക്കുകയും യാത്ര ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്റെ ഫോണില്‍ അദ്ദേഹത്തിന്റെ പേര് ചാണ്ടിച്ചായന്‍ എന്നാണ് സേവ് ചെയ്തിരിക്കുന്നത്.
അല്ലാതെ ചാണ്ടി ഉമ്മന്‍ എംഎല്‍എ എന്നല്ല,' രാഹുല്‍ പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ വരുമ്പോള്‍ ഏറ്റവും അടുത്ത വ്യക്തിബന്ധമുള്ള ആളോട് പോലും തങ്ങള്‍ തമ്മില്‍ പ്രശ്‌നമൊന്നുമില്ല എന്ന് വിശദീകരിക്കേണ്ടി വരുന്നത് ഒരു ഗതികേടാണ് എന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് ത്രികോണ മത്സരമില്ല എന്നും ഇവിടെ ബിജെപിയുമായി നേരിട്ട് മത്സരമാണ് നടന്നത് എന്നും രാഹുല്‍ വിശദീകരിച്ചു.
സിപിഎം പിന്തുണ ബിജെപിക്ക് ലഭിച്ചതിനാലാണ് കമ്മ്യൂണിസ്റ്റ് ജനതാ പാര്‍ട്ടി എന്ന് വിളിക്കുന്നത്. തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങളില്‍ എല്ലാം കേസെടുക്കാന്‍ താന്‍ തന്നെയാണ് ആവശ്യപ്പെട്ടത് എന്നും നുണപരിശോധനയ്ക്ക് തയ്യാറാണ് എന്നുവരെ അറിയിച്ചതാണ് എന്നം രാഹുല്‍ പറഞ്ഞു. പത്മജ വേണുഗോപാല്‍ പാര്‍ട്ടി വിട്ടപ്പോള്‍ നടത്തിയ വിവാദ പരാമര്‍ശത്തിലും അദ്ദേഹം പ്രതികരിച്ചു.
'കരുണാകരന്റെ മകള്‍ പാര്‍ട്ടി വിടുന്നത് സഹിക്കാന്‍ പറ്റുന്നതായിരുന്നില്ല. ഒമ്പത് എംഎല്‍എമാര്‍ മാത്രമുണ്ടായിരുന്ന പാര്‍ട്ടിയെ അധികാരത്തിലെത്തിച്ച നേതാവാണ് ലീഡര്‍. അദ്ദേഹത്തിന്റെ മകളാണ് എന്ന് അവര്‍ ഓര്‍ക്കണമായിരുന്നു. അന്ന് ഞാന്‍ അവര്‍ക്കെതിരെ പറഞ്ഞത് പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റാണ്. അത് ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടു. ഞാന്‍ ലീഡറുടെ ഭാര്യയെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല,' രാഹുല്‍ പറഞ്ഞു.
പത്മജയെ കുറിച്ച് പോലും ഒന്നും പറഞ്ഞിട്ടില്ല എന്നും പിന്നെന്തിനാണ് പത്മജയുടെ ചെയ്തിയുടെ പേരില്‍ തങ്ങളുടെ പാര്‍ട്ടി നേതാവിന്റെ ഭാര്യയെ പറയുന്നത് എന്നും അദ്ദേഹം ചോദിച്ചു. തെറ്റിദ്ധാരണയാണെങ്കില്‍ താന്‍ തന്നെ വിളിച്ച് മാപ്പ് പറഞ്ഞേനെ എന്നും ഇത് മനപൂര്‍വം ദുര്‍വ്യാഖ്യാനം ചെയ്തതാണ് എന്നും രാഹുല്‍ വ്യക്തമാക്കി.












Click it and Unblock the Notifications