Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് ജയം പ്രതീക്ഷിച്ച ബിജെപിക്ക് അത്ര എളുപ്പമല്ല കാര്യങ്ങള്‍; 3 ഘടകങ്ങള്‍ ആശ്വാസം, പക്ഷേ...

പാലക്കാട്: കേരളത്തില്‍ ബിജെപിക്ക് ഏറ്റവും പ്രതീക്ഷയുള്ള നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാണ് പാലക്കാട്. ഷാഫി പറമ്പില്‍ വടകര വഴി ഡല്‍ഹിയിലേക്ക് പോയതോടെ ഒഴിവുവന്ന പാലക്കാട് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പേ പാര്‍ട്ടി തന്ത്രങ്ങള്‍ ഒരുക്കിയിരുന്നു. ഇത്തവണ ബിജെപിക്ക് നിയമസഭയില്‍ പാലക്കാട് നിന്ന് പ്രതിനിധിയുണ്ടാകുമെന്ന പ്രതീക്ഷയാണ് മുതിര്‍ന്ന നേതാക്കള്‍ പങ്കുവയ്ക്കുന്നത്.

ബിജെപി ഘട്ടങ്ങളായി വോട്ടു വിഹിതം ഉയര്‍ത്തുന്ന മണ്ഡലമാണ് പാലക്കാട്. മോദി തരംഗം ദേശീയ തലത്തില്‍ വരുന്നതിന് മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ 19 ശതമാനം വോട്ട് നേടിയ ചരിത്രം ഇവിടെ ബിജെപിക്കുണ്ട്. പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളില്‍ വീണ്ടും വോട്ടുകള്‍ കൂടിയതും ബിജെപിക്ക് പ്രതീക്ഷയാണ്. എന്നാല്‍ എല്ലായിപ്പോഴും തിരിച്ചടിയാകുന്നത് പാളയത്തില്‍ പടയാണ്. ഇത്തവണയും മുഴച്ചുനില്‍ക്കുന്നു ഉള്‍പോര്.

palakkad by election bjp

സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രനെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗം ബിജെപി പ്രവര്‍ത്തകരുള്ള മണ്ഡലമാണ് പാലക്കാട്. നഗരസഭയിലെ വിവിധ ഭാഗങ്ങളില്‍ ശോഭയെ സ്വാഗതം ചെയ്തുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഇപ്പോഴും കാണാം. അതിനിടെയാണ് സി കൃഷ്ണകുമാറിനെ വീണ്ടും മല്‍സരിപ്പിക്കാന്‍ ബിജെപി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ ഒരു വിഭാഗത്തിന് അമര്‍ഷമുണ്ടെന്ന് നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നു.

ശോഭ സുരേന്ദ്രനെ പാലക്കാട് മല്‍സരിപ്പിക്കണം എന്ന് ചില നേതാക്കള്‍ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു എങ്കിലും നറുക്ക് വീണത് കൃഷ്ണകുമാറിനാണ്. ബിജെപിക്ക് വേണ്ടി ആര് മല്‍സരിച്ചാലും ഇവിടെ ജയിക്കുമെന്നും പലര്‍ക്കും വ്യത്യസ്തമായ അഭിപ്രായമുണ്ടെങ്കിലും നേതൃത്വം പേര് നിര്‍ദേശിച്ചാല്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകുകയാണ് രീതി എന്നും കൃഷ്ണകുമാര്‍ പറയുന്നു.

ശോഭ സുരേന്ദ്രന്‍ മല്‍സരിച്ചാല്‍ സിംപിളായി ജയിക്കുമെന്ന് അഭിപ്രായമുള്ള വ്യക്തിയാണ് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജന്‍. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇദ്ദേഹവുമായി സംസാരിച്ചിരുന്നു. പാലക്കാട് ആര് ജയിക്കുമെന്ന കാര്യം പോളിങ് കഴിഞ്ഞ ശേഷം പറയാമെന്നും ദേശീയ നേതൃത്വം സ്ഥാനാര്‍ഥിയെ തീരുമാനിച്ചാല്‍ മറ്റൊന്നും പറയില്ലെന്നും ശിവരാജന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

2011ല്‍ 19 ശതമാനം വോട്ട് നേടിയ ബിജെപി 2016ല്‍ 29 ശതമാനമാക്കി പോളിങ് ഉയര്‍ത്തിയിരുന്നു. 2021ല്‍ 35 ശതമാനത്തിലേക്കും വര്‍ധിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറ്റവും ഉദ്വേഗ നിമിഷം സമ്മാനിച്ച വോട്ടെണ്ണലും പാലക്കായിരുന്നു. അവസാന നിമിഷം വരെ സസ്‌പെന്‍സ് നിലനിര്‍ത്തിയ ശേഷമാണ് ഷാഫി പറമ്പില്‍ 3800ത്തിലികം വോട്ടിന് ജയിച്ചത്.

ഇത്തവണ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ആണ് യുഡിഎഫ് സ്ഥാനാര്‍ഥി. വിമത സ്വരം ഉയര്‍ത്തി കോണ്‍ഗ്രസ് വിട്ട പി സരിന്‍ എല്‍ഡിഎഫിന് വേണ്ടി കളത്തിലിറങ്ങി കഴിഞ്ഞു. കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിക്കാനുള്ള ഈ സാധ്യത ബിജെപിക്ക് ആശ്വാസമാണ്. മാത്രമല്ല, ബിജെപി ജയിക്കാതിരിക്കാന്‍ ഇടതുക്ഷത്തുള്ളവര്‍ പോലും കഴിഞ്ഞ തവണ ഷാഫി പറമ്പിലിന് വോട്ട് ചെയ്തിരുന്നുവത്രെ.

ഇത്തരം ക്രോസ് വോട്ടിങ് രാഹുലിന് കിട്ടില്ലെന്ന് ബിജെപി കണക്കുകൂട്ടുന്നു. നിശിതമായ പിണറായി-സിപിഎം വിമര്‍ശകനായ രാഹുലിന് സിപിഎം പ്രവര്‍ത്തകര്‍ വോട്ട് ചെയ്‌തേക്കില്ലെന്ന ആശങ്ക യുഡിഎഫ് ക്യാംപിലുമുണ്ട്. പിവി അന്‍വറിന്റെ ഡിഎംകെ പിന്തുണയ്ക്കുന്ന മിന്‍ഹാജിന്റെ സ്ഥാനാര്‍ഥിത്വവും യുഡിഎഫിനും എല്‍ഡിഎഫിനുമാണ് ആശങ്ക സമ്മാനിക്കുന്നത്. സ്വാഭാവികമായും ബിജെപിക്ക് ആശ്വാസവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+