പറയാന്‍ പാടില്ലാത്തതാണ്, പക്ഷെ അടിച്ചമര്‍ത്തണം; പാലക്കാട് കൊലപാതകങ്ങളില്‍ മന്ത്രി കൃഷ്ണന്‍ കുട്ടി
പാലക്കാട്: ജില്ലയിലെ തുടരെ തുടരെയുള്ള കൊലപാതകങ്ങള്‍ പ്രതികരണവുമായി വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി. പാലക്കാട് ജില്ലയുടെ ചുമതലയുള്ള മന്ത്രിയാണ് കെ കൃഷ്ണന്‍ കുട്ടി. അക്രമ സംഭവങ്ങളില്‍ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും അതിന്റെ പേരില്‍ എന്ത് പരാതി വന്നാലും കുഴപ്പമില്ലെന്നും കൃഷ്ണന്‍ കുട്ടി പറഞ്ഞു. അക്രമികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മന്ത്രി കൃഷ്ണന്‍ കുട്ടിയുടെ പ്രതികരണം.
ഈ സംഭവം അറിഞ്ഞയുടനെ തന്നെ മുഖ്യമന്ത്രിയുമായിട്ട് സംസാരിച്ചെന്ന് അദ്ദേഹം പറഞ്ഞു. വളരെ ശക്തമായ നടപടി, അതിപ്പോള്‍ 144 അടക്കമുള്ള നടപടികള്‍ അത് മജിസ്‌ട്രേറ്റ് ആണ് ചെയ്യേണ്ടതെങ്കിലും അത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ കൊടുത്തിട്ടുണ്ട്. ഇനിയൊരു സംഭവം ഇവിടെ ആവര്‍ത്തിക്കരുത് എന്നും അദ്ദേഹം പറഞ്ഞു. അതിന് ഇരുകക്ഷികളും സമ്മതിക്കണം. അതിനോടൊപ്പം തന്നെ പൊലീസിന്റെ ഭാഗത്ത് നിന്ന് മുഖം നോക്കാതെയുള്ള ശക്തമായ നടപടികള്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

ഒരുപക്ഷെ ഞാന്‍ പറയാന്‍ പാടില്ലാത്തതാണ്. ഒരു അടിച്ചമര്‍ത്തല്‍ തന്നെ വേണം. എന്നാലേ ഇത് നിര്‍ത്താന്‍ പറ്റൂ. അതാണ് എനിക്ക് പറയാനുള്ളത്. ഇതിന്റെ വേരുകള്‍ എവിടെയാണെന്ന് നോക്കി അവിടെ പിടിക്കണം. എന്നാലേ ഇത് അവസാനിക്കൂ, അതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം, മന്ത്രി പറഞ്ഞു. ചിലര്‍ ഒരുങ്ങി പുറപ്പെട്ടാല്‍ പൊലീസ് സംവിധാനത്തെയെല്ലാം മറികടന്ന് ചെയ്യുമെന്നുള്ള അനുഭവം നമ്മുടെ നാട്ടില്‍ ഉണ്ടല്ലോ. ഇന്ത്യയില്‍ തന്നെ പല സ്ഥലങ്ങളിലും അത് ഉണ്ട്. ഇനി മേല്‍ വരാതിരിക്കാന്‍ നമുക്ക് എന്ത് ചെയ്യാനാകും എന്നതിനെ കുറിച്ചാണ് ഗൗരവമായി ചിന്തിക്കുന്നത്. അതിന് ഇരുകക്ഷികളും സ്വയം ഒന്ന് നിയന്ത്രിക്കണം.

അല്ലെങ്കില്‍ നിയന്ത്രിക്കാനുള്ള ഒരു സമ്മര്‍ദ്ദം എല്ലാ ഭാഗത്ത് നിന്നും വേണം. അതാണ് എനിക്ക് അതില്‍ പറയാനുള്ളത്. ഇന്ന് എല്‍ ഡി എഫ് യോഗം ചേരുന്നുണ്ട്. അതിന് ശേഷം സമാധാന ചര്‍ച്ച ആവശ്യമാണെങ്കില്‍ ആലോചിച്ചിട്ട് വിളിക്കും. എല്‍ ഡി എഫില്‍ തീരുമാനിച്ച് സര്‍വകക്ഷി യോഗം ആവശ്യമെങ്കില്‍ വിളിക്കും. യോഗ തീരുമാനം മുഖ്യമന്ത്രിയെ അറിയിക്കും. മുഖ്യമന്ത്രിയുടെ തീരുമാനപ്രകാരമാണ് സര്‍വകക്ഷിയോഗം വിളിക്കേണ്ടത്. ആയുധം താഴെ വെക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. അത് അവരുടേയും നന്മയ്ക്ക് നല്ലതാണ്. ഇത് എവിടേക്കാണ് കൊണ്ടെത്തിക്കുക. മനുഷ്യന് സമാധാനമായി ജീവിക്കണ്ടേ.

വര്‍ഗീയതയിലേക്ക് പോയി ചേരാതിരിക്കണ്ടേയെന്നും മന്ത്രി ചോദിച്ചു. പണ്ട് സംഘടനകള്‍ തമ്മിലുള്ള തര്‍ക്കമായിരുന്നു. ഇപ്പോള്‍ വര്‍ഗീയതയിലേക്ക് അല്ലേ പോകുന്നതെന്നും കൃഷ്ണന്‍ കുട്ടി ചൂണ്ടിക്കാട്ടി. അതിനെ മുളയിലേ നുള്ളിക്കളയുകേ നിവൃത്തിയുള്ളൂ. അതിന് പൊലീസ് കര്‍ശന നടപടി എടുക്കണം. അതിന്റെ പേരില്‍ എന്ത് പരാതി ഉണ്ടായാലും കുഴപ്പമില്ല എന്നും മന്ത്രി വ്യക്തമാക്കി. തുടര്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പാലക്കാട് നഗരത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഈ മാസം 20 വരെ പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
Recommended Video


സോഷ്യല്‍ മീഡിയയും പൊലീസിന്റെ നിരീക്ഷണത്തിലാണ്. അതേസമയം ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നില്‍ എസ് ഡി പി ഐ - പോപ്പുലര്‍ ഫ്രണ്ട് ആണെന്ന് ബി ജെ പി പറഞ്ഞു. സംഭവം പൊലീസിന്റെ വീഴ്ചയാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. അതേസമയം സംഭവത്തില്‍ പങ്കില്ലെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫ് പറഞ്ഞു. വെള്ളിയാഴ്ചയാണ് എസ് ഡി പി ഐ പ്രവര്‍ത്തകനായ സുബൈര്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ ബി ജെപി - ആര്‍ എസ് എസ് ആണെന്ന് എസ് ഡി പി ഐ ആരോപിച്ചിരുന്നു. ശനിയാഴ്ചയാണ് ആര്‍ എസ് എസ് പ്രവര്‍ത്തകനായ ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. എസ് ഡി പി ഐ ആണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് ബി ജെ പി ആരോപിക്കുന്നത്.












Click it and Unblock the Notifications