പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേക്ക് പച്ചക്കൊടി ഉടൻ;പുതിയ അപ്ഡേറ്റുമായി എംപി..21 കിമി പാത ഗെയിം ചേഞ്ചറാകും
കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേയ്ക്ക് (NH-966) അനുമതി ഉടൻ. ലോക്സഭ എംപി കെ രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം പാർലമെന്റിൽ നടന്ന ചോദ്യോത്തര വേളയിൽ വിഷയം ഉന്നയിച്ചെന്നും വൈകാതെ തന്നെ അനുമതി നൽകുമെന്ന കാര്യം ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി അറിയിച്ചെന്നും എംപി വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.
'പാർലമെൻ്റിൽ നടന്ന ചോദ്യോത്തര വേളയിൽ കേരളത്തിലെ ദേശീയപാതകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേയ്ക്ക് (NH-966) അനുമതി നൽകുന്നത് പരിഗണനയില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരി ലോക്സഭയിൽ മറുപടിയിൽ വ്യക്തമാക്കി. പദ്ധതിക്ക് അനുമതി ലഭിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. സംസ്ഥാന സർക്കാരിൻ്റെ ഇടപെടലിൻ്റെ ഫലമായി പദ്ധതിക്കാവശ്യമായ 76% ഭൂമിയും ഏറ്റെടുത്ത് ദേശീയ പാത അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്.

പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച് വരികയാണെന്നും കേന്ദ്രം പദ്ധതിയോട് അനുകൂല തീരുമാനം കൈക്കൊള്ളുമെന്നും ഗഡ്ഗരി വ്യക്തമാക്കി.ഇതോടെ 121 കിലോമീറ്റർ നീളുന്ന കേരളത്തിന്റെ സ്വപ്ന പദ്ധതിയായ പാലക്കാട് - കോഴിക്കോട് ഗ്രീൻഫീൽഡ് അതിവേഗ ഇടനാഴി യാഥാർത്ഥ്യമാവാനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്' എംപി വിശദീകരിച്ചു.
പന്തീരാങ്കാവ് മുതൽ പാലക്കാട് വരെ നീളുന്നതാണ് കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ
പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവെ. ദേശീയപാത 544ൽ പാലക്കാട് മരുത റോഡിൽ നിന്നാണ് പാതയുടെ ആരംഭം. 7937 കോടി രൂപ ചെലവിലാണ് പദ്ധതി നിർമ്മിക്കുന്നത്. 121 കിമി പാത പൂർത്തിയാകുന്നതോടെ പാലാക്കാട് നിന്ന് കോഴിക്കോട്ടേക്ക് എത്താൻ വെറും ഒന്നര മണിക്കൂർ മതിയാകും.
നിലവിൽ പാലക്കാട്-കോഴിക്കോട് യാത്രയ്ക്ക് പാലക്കാട്-മണ്ണാർക്കാട്-നിലമ്പൂർ-അരീക്കോട്-കോഴിക്കോട് അല്ലെങ്കിൽ പാലക്കാട്-മലപ്പുറം-കോഴിക്കോട് റൂട്ടുകളാണ് ആശ്രയം. പതിവ് ഗതാഗതക്കുരുക്കുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ യാത്ര ദുഷ്കരമാക്കാറുണ്ട്. അതായത് യാത്ര പൂർത്തിയാക്കൻ കുറഞ്ഞ് 3-4 മണിക്കൂർ വേണ്ടി വരുന്ന സാഹചര്യം. പദ്ധതി നടപ്പാകുന്നതോടെ ഇതുവഴിയുള്ള യാത്രാസമയം ഗണ്യമായി കുറയും. മലപ്പുറം ജില്ലക്കാർക്കും കോഴിക്കോട് എയർപോർട്ട് വഴി പോകുന്ന വിമാന യാത്രക്കാർക്കും പാത കൂടുതൽ പ്രയോജനകരമാകും.
ഗെയിം ചേഞ്ചറാകും
ഈ ഹൈവേ കേരളത്തെ പ്രധാന സാമ്പത്തിക കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കും. പാലക്കാട്, കോയമ്പത്തൂർ വ്യവസായ മേഖലകളെയും ദേശീയപാത 544, ദേശീയപാത 66 എന്നിവയെയും ഇത് സംയോജിപ്പിക്കും. മാത്രമല്ല കോഴിക്കോട് തുറമുഖത്തേക്ക് അതിവേഗ പാതയൊരുക്കുമെന്നത് കയറ്റുമതി-ഇറക്കുമതി മേഖലയ്ക്ക് ഗുണകരമാകും.
വെല്ലുവിളി നിർമ്മാണ ചെലവ് തന്നെ
ഭൂമി ഏറ്റെടുക്കൽ തന്നെയാണ് ഗ്രീൻഫീഡ് ഹൈവേ നിർമ്മാണത്തിൽ ഏറ്റവും വലിയ വെല്ലുവിളി തീർത്തേക്കുക. കേരളത്തിൽ ഒരു കിലോമീറ്റർ നിർമാണത്തിന് ആവശ്യമായ ഭൂമി വാങ്ങാൻ ഏകദേശം 50 കോടിയോളം രൂപയാണ് ചെലവ് വേണ്ടി വരുന്നത്. ഭൂമി ഏറ്റെടുക്കലിന് മാത്രമായി 5580 കോടിയാണ് കേരള സർക്കാർ ഇതുവരെ മാറ്റി വെച്ചിട്ടുള്ളത്. എന്നാൽ ബജറ്റിൽ ഇത്രയും തുക മാറ്റി വെയ്ക്കുന്നതിൽ കേരളം കടുത്ത ആശങ്ക കേന്ദ്രത്തെ അറിയിച്ചിരുന്നു.












Click it and Unblock the Notifications