പാലക്കാട് - പൊള്ളാച്ചി റൂട്ടിൽ പുതിയ മെമു ട്രെയിൻ; വിവരം പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി
പാലക്കാട് - പൊള്ളാച്ചി റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് വേണമെന്ന ദീർഘനാളത്തെ ആവശ്യത്തിന് പരിഹാരം.പുതിയ മെമു സർവ്വീസ് ആണ് അനുവദിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് ഇക്കാര്യം അറിയിച്ചത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൽ നിന്നും അനുമതി ലഭിച്ചതായി അദ്ദേഹം പറഞ്ഞു.
മെമു ട്രെയിനിൻ്റെ സമയം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകൾ വന്നിട്ടില്ല. നിലവില പാലക്കാട് നിന്ന് പൊള്ളാച്ചിയിലേക്ക് മൂന്ന് ട്രെയിനുകൾ മാത്രമാണ് സർവ്വീസ് നടത്തുന്നത്. തിരുവനന്തപുരം രാമേശ്വരം അമൃത എക്‌സ്പ്രസ്, പാലക്കാട് ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്, പാലക്കാട് തിരുച്ചെന്തൂര്‍ എക്‌സ്പ്രസ് എന്നിവയാണത്. ട്രെയിനുകള്‍ തമ്മില്‍ പത്ത് മണിക്കൂറിലധികമാണ് ഇപ്പോഴത്തെ സമയ വ്യത്യാസം.അതുകൊണ്ട് തന്നെ പുതിയ ട്രെയിൻ യാത്രക്കാരെ സംബന്ധിച്ച് വലിയ ആശ്വാസമായിരക്കും.

പാലക്കാട് ടൗൺ-പാർളി ബൈപ്പാസ് റെയിൽവേ ലൈൻ നിർമ്മാണത്തിന് നേരത്തേ കേന്ദ്രസർക്കാർ 163.57 കോടി രൂപ അനുവദിച്ചിരുന്നു. ദക്ഷിണ റെയിൽവേ ശൃംഖലയിലെ തിരക്കേറിയ പാലക്കാട് ജംഗ്ഷനിലെ പ്രധാന പ്രശ്നമായ എഞ്ചിൻ റിവേഴ്സൽ ഒഴിവാക്കുക എന്നതാണ് ഈ ബൈപ്പാസിന്റെ മുഖ്യ ലക്ഷ്യം. നിലവിൽ ഒരു ട്രെയിൻ എത്തുമ്പോൾ, ലോക്കോമോട്ടീവ് മാറ്റം ആവശ്യമായി വരുന്നത് കാര്യമായ കാലതാമസത്തിനും ഗതാഗതക്കുരുക്കിനും ഇടയാക്കുന്നുണ്ട്.
പുതിയ ബൈപ്പാസ് പൂർത്തിയാകുന്നതോടെ, ട്രെയിനുകൾക്ക് ജംഗ്ഷനിൽ പ്രവേശിക്കാതെ നേരിട്ട് റൂട്ടുകളെ ബന്ധിപ്പിക്കാനാകും. ഇത് പാസഞ്ചർ ട്രെയിനുകളുടെ ശരാശരി യാത്രാതടസ്സം 40-44 മിനിറ്റും, ചരക്ക് ട്രെയിനുകളുടേത് 120 മിനിറ്റ് വരെയും കുറയ്ക്കാൻ സഹായിക്കും.
ഷൊർണൂർ, തിരുവനന്തപുരം, പൊള്ളാച്ചി, മധുര (പൊള്ളാച്ചി വഴി) തുടങ്ങിയ പ്രധാന റെയിൽ ഇടനാഴികളിലെ സമയനിഷ്ഠയും ഷെഡ്യൂളിംഗിനും ഈ ബൈപ്പാസ് ഗുണം ചെയ്യും. ഇത് മേഖലയിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നായ പാലക്കാട് ജംഗ്ഷനിലെ മൊത്തത്തിലുള്ള തിരക്ക് കുറയ്ക്കും. മാത്രമല്ല അവിടെ നിന്ന് പുതിയ പാസഞ്ചർ സർവീസുകൾ ആരംഭിക്കാനും വഴിയൊരുക്കും.












Click it and Unblock the Notifications