പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലെ ഹോട്ട് സീറ്റുകളില്‍ ഒന്നാണ് ഇത്തവണ പാലക്കാട് മണ്ഡലം. എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും തമ്മില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തില്‍ ആര് ജയിക്കുമെന്ന് പ്രവചിക്കുക അസാധ്യം.
കോണ്‍ഗ്രസിന്റെ നടനായ സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിയും എല്‍ഡിഎഫിന്റെ എന്‍ എം ആര്‍ റസാഖും എന്‍ഡിഎയുടെ മുതിര്‍ന്ന നേതാവ് ശോഭാ സുരേന്ദ്രനുമാണ് കളത്തിലുളളത്. മൂന്ന് മുന്നണികളും വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.
നിലവില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണ് പാലക്കാട്. ഈ സീറ്റ് കോണ്‍ഗ്രസ് ഇത്തവണയും നിലനിര്‍ത്തും എന്നാണ് മനോരമന്യൂസ് സി വോട്ടര്‍ മെഗാ ഇലക്ഷന്‍ സര്‍വ്വേ പ്രവചിക്കുന്നത്. പതിനൊന്നാം തവണ മത്സരത്തിന് ഇറങ്ങിയ ശോഭാ സുരേന്ദ്രനും കന്നിയങ്കത്തിന് ഇറങ്ങിയ പാലക്കാട്ടുകാരനായ റസാഖിനും രമേഷ് പിഷാരടിയെ വീഴ്ത്താനാകില്ല എന്നാണ് സര്‍വ്വേ പറയുന്നത്.

പാലക്കാട് ജില്ലയിലെ മറ്റൊരു ഹോട്ട് സീറ്റായ തൃത്തായ യുഡിഎഫ് തിരിച്ച് പിടിക്കുമെന്നും സര്‍വ്വേ പറയുന്നു. മുന്‍ തൃത്താല എംഎല്‍എ കൂടിയായ വിടി ബല്‍റാമിന് നേരിയ മുന്‍തൂക്കം ഉണ്ടെന്നാണ് സര്‍വ്വേ പ്രവചനം. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബല്‍റാമില്‍ നിന്ന് എംബി രാജേഷ് പിടിച്ചെടുത്തതാണ് തൃത്താല മണ്ഡലം. മന്ത്രി കൂടിയായ രാജേഷ് വികസന നേട്ടങ്ങള്‍ ഉയര്‍ത്തിയാണ് വീണ്ടും ജനവിധി തേടുന്നത്.
സിപിഎമ്മില്‍ നിന്ന് യുഡിഎഫ് ക്യാമ്പിലേക്ക് എത്തി സ്ഥാനാര്‍ത്ഥിയായ പികെ ശശിക്ക് ഒറ്റപ്പാലം മണ്ഡലത്തില്‍ ജയിക്കാനാകില്ലെന്നും മനോരമ സര്‍വ്വേ പ്രവചിക്കുന്നു. ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റായ ഒറ്റപ്പാലത്ത് നിലവിലെ എംഎല്‍എയായ അഡ്വക്കേറ്റ് കെ പ്രേംകുമാറിന് തന്നെയാണ് സര്‍വ്വേ വിജയസാധ്യത പറയുന്നത്.
പാലക്കാട് ജില്ല ആകെ എടുത്താലും ഇടതുപക്ഷത്തിനാണ് മുന്‍തൂക്കമെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. ജില്ലയിലെ 12 സീറ്റില്‍ 8 മുതല്‍ 10 വരെ എല്‍ഡിഎഫ് നേടിയേക്കും. യുഡിഎഫിന് 2 മുതല്‍ 4 വരെ സീറ്റുകള്‍ ലഭിച്ചേക്കാം. അതേസമയം പാലക്കാട് വലിയ സ്വാധീനം ഉളള ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സാധിക്കില്ലെന്നും മനോരമ സര്‍വ്വേ പ്രവചിക്കുന്നു.












Click it and Unblock the Notifications