ശ്രീനിവാസന്റെ തലയില്‍ മാത്രം മൂന്ന് വെട്ടുകള്‍, ശരീരത്തിലാകെ ആഴത്തിലുള്ള പത്തോളം മുറിവുകള്‍
പാലക്കാട്: മേലാമുറിയില്‍ കൊല്ലപ്പെട്ട ആര്‍ എസ് എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്റെ ശരീരത്തില്‍ ഉള്ളത് ആഴമേറിയ മുറിവുകളെന്ന് റിപ്പോര്‍ട്ട്. ഇന്‍ക്വസ്റ്റ് പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ശരീരത്തിലാകെ പത്തോളം ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയിട്ടുള്ളത്. ശ്രീനിവാസന്റെ തലയില്‍ മാത്രം മൂന്ന് വെട്ടുകളേറ്റിട്ടുണ്ട്. കാലിലും കൈയ്യിലും ആഴത്തിലുള്ള മുറിവുകളുണ്ട്. മൃതദേഹത്തിലെ ഇന്‍ക്വസ്റ്റ് പരിശോധനകള്‍ ഇന്നലെ രാത്രിയോടെ പൂര്‍ത്തിയായി. ഞായറാഴ്ച രാവിലെ പോസ്റ്റുമോര്‍ട്ടം നടത്തും. ഉച്ചയോടെ സംസ്‌കരിക്കും.
ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു ശ്രീനിവാസന്‍ ആക്രമിക്കപ്പെട്ടത്. മേലാമുറിയില്‍ ശ്രീനിവാസന്‍ നടത്തിയിരുന്ന എസ് കെ എസ്. ഓട്ടോസ് എന്ന ഓട്ടോ കണ്‍സള്‍ട്ടിങ് സ്ഥാപനത്തില്‍ വെച്ചാണ് കൊലപാതകം നടന്നത്. ശ്രീനിവാസന്‍ ആക്രമിക്കപ്പെട്ട സ്ഥലത്ത് ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി. അദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള കടയില്‍ വെച്ചാണ് ശ്രീനിവാസന്‍ ആക്രമിക്കപ്പെട്ടത്. ആറംഗ സംഘമാണ് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ എത്തിയത്. ഒരു സ്‌കൂട്ടറിലും രണ്ട് ബൈക്കിലുമാണ് കൊലയാളി സംഘം എത്തിയത്. ഈ വാഹനങ്ങള്‍ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. മൂന്ന് പേരാണ് മാരകമായ ആയുധങ്ങളുമായി ശ്രീനിവാസനെ ആക്രമിച്ചത്. മൂന്ന് പേര്‍ വാഹനങ്ങളില്‍ തന്നെ ഇരിക്കുകയായിരുന്നു. ശ്രീനിവാസനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം മൂന്ന് അക്രമികളും തിരികെ വാഹനത്തില്‍ കയറിയതോടെ നേരത്തെ കാത്ത് നിന്ന മൂന്ന് പേരും അതിവേഗം വാഹനമോടിച്ച് മടങ്ങി. ജനങ്ങള്‍ ആക്രമണത്തിന്റെ ഞെട്ടലില്‍ പരിഭ്രാന്തിയോടെ നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വെള്ളിയാഴ്ച എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പ്രത്യാക്രമണം എന്ന നിലയില്‍ ശ്രീനിവാസനും ആക്രമിക്കപ്പെട്ടത്.

പൊലീസിന്റെ നിരീക്ഷണം മറികടന്ന് ആറംഗ സംഘം ശ്രീനിവാസനെ ക്രൂരമായി കൊലപ്പെടുത്തിയത് എല്ലാവരേയും ഞെട്ടിച്ചു. വാള്‍ ഉപയോഗിച്ചാണ് ശ്രീനിവാസനെ വെട്ടിയതെന്ന് ദൃക്‌സാക്ഷി വാസുദേവന്‍ പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കടയില്‍ കയറിയ സംഘം ശ്രീനിവാസനെ തുരുതുരാ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അക്രമികള്‍ ആദ്യം ശ്രീനിവാസന്റെ കാലിലാണ് വെട്ടിയത്. പിന്നാലെ വയറിലും മറ്റുഭാഗങ്ങളിലും തുരുതുരാ വെട്ടി. ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ഉച്ചയ്ക്ക് രണ്ട് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

അതേസമയം തുടര്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പാലക്കാട് നഗരത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഈ മാസം 20 വരെ പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളും പൊലീസിന്റെ നിരീക്ഷണത്തിലാണ്. അക്രമം വ്യാപിക്കാതിരിക്കാന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്. അതേസമയം ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നില്‍ എസ് ഡി പി ഐ - പോപ്പുലര്‍ ഫ്രണ്ട് ആണെന്ന് ബി ജെ പി പറഞ്ഞു. സംഭവം പൊലീസിന്റെ വീഴ്ചയാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം സംഭവത്തില്‍ പങ്കില്ലെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫ് പറഞ്ഞു.

ഒരു അക്രമത്തിനും സംഘടന കൂട്ട് നില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സുബൈര്‍ വധക്കേസില്‍ പൊലീസ് പ്രതികള്‍ക്കൊപ്പം ഒത്തുകളിക്കുകയാണ്. കൊല്ലപ്പെട്ട സഞ്ജിത്തിന്റെ കുടുംബത്തെ കസ്റ്റഡിയിലെടുക്കണമെന്നും റൗഫ് ആവശ്യപ്പെട്ടു. അതേസമയം സുബൈര്‍ വധത്തില്‍ നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുബൈര്‍ വധത്തിലെ അക്രമികള്‍ മുന്‍പ് കൊല്ലപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ വാഹനമാണ് ഉപയോഗിച്ചിരുന്നത് എന്ന് വ്യക്തമായിട്ടുണ്ട്.












Click it and Unblock the Notifications