പാലക്കാട് കൊലപാതകം: പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി വിവരം; അറസ്റ്റ് വൈകാതെയുണ്ടാകും
പാലക്കാട്: പാലക്കാട് മമ്പറത്തെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി അന്വേഷണ സംഘം. പ്രതികളുടെ അറസ്റ്റ് വൈകാതെയുണ്ടായേക്കുമെന്നാണ് പുറത്തു വരുന്ന വിവരം. അതിനിടെ എൻഐഎ അന്വേഷണമാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ കാണും. കൊലപാതകം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും ഒരു പ്രതിയെ പോലും പിടികൂടാനാകാത്തത് പൊലീസിനെ കടുത്ത സമ്മർദ്ദത്തിലാക്കിയിരുന്നു.

സഞ്ജിത്തിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി എസ്ഡിപിഐ പ്രവർത്തകരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. പ്രവർത്തകരുടെ മൊഴി രേഖപ്പെടുത്തുകയും ഫോൺ രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു. മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികളുമായി ബന്ധമുണ്ടെന്ന് കരുതുന്നവരിലേക്ക് അന്വേഷണ സംഘമെത്തിയത്. സംഭവത്തിൽ ഉൾപ്പെട്ട അഞ്ച് പേരെയും കസ്റ്റഡിയിലെടുക്കാനുള്ള നീക്കവും പാലക്കാട് എസ്.പി ആർ.വിശ്വനാഥിൻ്റെ നേതൃത്യത്തിലുള്ള സംഘം തുടങ്ങി.
എന്തൊരു ഗ്ലാമറാണിത് അലസാന്‍ഡ്ര; പുതുപുത്തന്‍ മേക്കോവര്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

അതിനിടെ പൊലീസ് അന്വേഷണം പര്യാപ്തമല്ലെന്നും കേസ് എൻഐഎ ഏറ്റെടുക്കണമെന്നുമാണ് ബിജെപിയും ആർഎസ്എസും ആവശ്യപ്പെടുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ ക്കണ്ട് ഇക്കാര്യം ആവശ്യപ്പെടും. പൊലീസിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിനും ബിജെപി അഹ്വാനം ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു കൊലപാതകം നടന്നത്. പാലക്കാട് മമ്പറത്തെ ഭാര്യവീട്ടിൽ നിന്നും ഭാര്യയോടൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെയാണ് കാറിലെത്തിയ അക്രമികൾ തലങ്ങും വിലങ്ങും വെട്ടിക്കൊലപ്പെടുത്തിയത്. വിജനമായ സ്ഥലത്ത് വച്ച് ബൈക്ക് തടഞ്ഞ ശേഷമായിരുന്നു ആക്രമണം.

ബൈക്കിൽ നിന്നും സഞ്ജിത്തിനെ തള്ളിയിട്ട അക്രമികൾ ഭാര്യയുടെ മുന്നിൽ വച്ച് യാതൊരു പ്രകോപനവുമില്ലാതെ നിർദാക്ഷണ്യം കൊലപ്പെടുത്തുകയായിരുന്നു. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആസൂത്രിതമായിട്ടാണ് സംഭവം നടന്നിട്ടുള്ളത് എന്നതാണ് കണ്ടെത്തൽ. സ്ഞ്ജിത്തിൻ്റെ കൊലപാതകത്തിൻ്റെ മരണകാരണം തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. തലയിൽ മാത്രം ആറ് വെട്ടുകളുണ്ടായിരുന്നു. ശരീരത്തിലാകെ 30 ലേറെ വെട്ടുകളുണ്ടായിരുന്നെന്നും പരിശോധയിൽ കണ്ടെത്തിയിരുന്നു. അതിനിടെ, സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായി പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. കൊലപാതകം നടത്തിയ ശേഷം പ്രതികൾ രക്ഷപ്പെട്ട കാറിൽ തമിഴ്നാട്ടിലേക്ക് കടന്നു പോയിട്ടുണ്ടെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നു. കോയമ്പത്തൂരിൽ നിന്നുള്ളവരാണ് പ്രതികൾ എന്ന് പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.

എട്ട് സംഘങ്ങളായി തിരിഞ്ഞ് കേസന്വേഷണം നടത്തുന്നതിനിടെയാണ് എഡിജിപിയുടെ നിർദ്ദേശാനുസരണം അന്വേഷണസംഘം വിപുലീകരിച്ചത്. കേസുമായി ബന്ധപ്പെട്ട് സംശയമുള്ളവരെ പലഘട്ടങ്ങളിലായി ചോദ്യം ചെയ്യുന്നതിലേക്കായി പൊലീസ് വിളിച്ചു വരുത്തിയിരുന്നു. നേരത്തെ ഉത്തരമേഖല ഐ.ജി.അശോക് യാദവ് പാലക്കാട് എസ്.പി ഓഫീസിലെത്തി അന്വേഷണപുരോഗതിയും വിലയിരുത്തിയിരുന്നു. സംഭവുമായി ബന്ധപ്പെട്ട് അൻപതോളം വരുന്ന എസ്ഡിപിഐ പ്രവർത്തകരെ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചതായാണ് ലഭിക്കുന്ന വിവരം. ഉന്നത വൃത്തങ്ങളിൽ നിന്ന് പോലും കടുത്ത സമ്മർദ്ദമാണ് പ്രതികളെ പിടികൂടാൻ പൊലീസിന് ഉണ്ടായിരിക്കുന്നത്. ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്തത് വലിയ പ്രതിസന്ധിയാണ് പൊലീസിന് സൃഷ്ടിക്കുന്നത്.

പ്രതികളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പലതവണ അവകാശപ്പെടുമ്പോഴും ഒരു പ്രതിയെ പോലും പട്ടാപ്പകൽ നടന്ന സംഭവത്തിൽ പിടികൂടാൻ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് വാസ്തവം. നേരത്തെ പ്രതികളിൽ ഒരാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ പ്രതികൾ വലയിലാകും എന്നാണ് അന്വേഷണ സംഘം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. പ്രതികൾക്കായി അന്വേഷണസംഘം ഊർജിതമായി തിരച്ചിൽ നടത്തവേയാണ് കൃത്യമായ സൂചന പൊലീസിന് ലഭിക്കുന്നത്.ഇവരുടെ അറസ്റ്റ് വൈകാതെ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

അതിനിടെ, കഴിഞ്ഞദിവസം സഞ്ജിത്തിൻ്റെ വീട് സന്ദർശിച്ച സുരേഷ് ഗോപി എം.പി പ്രതികളെ രക്ഷപ്പെടാൻ അനുവദിച്ച ആഭ്യന്തര വകുപ്പും പൊലീസും ഇതിന് ഉത്തരം പറയേണ്ടിവരുമെന്ന് പ്രതികരിച്ചിരുന്നു. കൊലപാതകം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും ഇതുവരെയും പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രതികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയത് ആരാണെന്നും സുരേഷ് ഗോപി ചോദിച്ചു. പൊലീസ് അന്വേഷണം ശരിയായ രീതിയിൽ അല്ലെങ്കിൽ നമുക്ക് നോക്കാമെന്നും അദ്ദേഹം ആഞ്ഞടിച്ചിരുന്നു.

സാമൂഹിക അനീതിയാണ് ഇത്തരത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. എല്ലാവരേയും മനുഷ്യന്‍ എന്ന നിലയ്‌ക്ക് കണ്ടാല്‍ മതിയെന്നും അതില്‍ രാഷ്‌ട്രീയമോ ജാതിയോ വര്‍ഗമോ വിഭാഗമോ ഒന്നും വേര്‍തിരിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരെങ്കിലും മനുഷ്യരാകാന്‍ ശ്രമിക്കണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകൾ. കഴിഞ്ഞ ദിവസം വൈകിട്ട് നാലുമണിയോടെ പാലക്കാട്ടെ വീട്ടിലെത്തി മരിച്ച സഞ്ജിത്തിൻ്റെ കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. അതിനുശേഷമായിരുന്നു പൊലീസിനും ആഭ്യന്തരവകുപ്പിനും നേരെ വിമർശനവുമായി അദ്ദേഹം രംഗത്തെത്തിയത്.

കഴിഞ്ഞദിവസം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് പൊലീസിനെതിരെ രംഗത്ത് വന്നിരുന്നു. കൊലപാതകം കഴിഞ്ഞ് ഒരാഴ്ചയായിട്ടും ഒരു തുമ്പും കേരള പൊലീസിന് കിട്ടിയില്ലെന്ന് പറയുന്നത് അവിശ്വസനീയമാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തിയിരുന്നു. പൊലീസിന്റെ സഹായം തീവ്രവാദികൾക്ക് കിട്ടിയിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എൻഐഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി സംസാരിക്കുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications