സുബൈര്‍ വധത്തിലെ പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നു? അന്വേഷണം ഊര്‍ജിതമാക്കാന്‍ പൊലീസ്
പാലക്കാട്: പാലക്കാട് എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവ് സുബൈര്‍ കൊല്ലപ്പെട്ട കേസില്‍ അന്വേഷണം ഇഊര്‍ജിതമാക്കി പൊലീസ്. അക്രമികള്‍ക്കായി തമിഴ്‌നാട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. അഞ്ചംഗ കൊലയാളി സംഘം കൊഴിഞ്ഞാമ്പാറ എത്തിയ ശേഷം തമിഴ്‌നാട്ടിലേക്ക് കടന്നു എന്നാണ് ലഭിക്കുന്ന സൂചന. പ്രതികള്‍ സഞ്ചരിച്ച വാഗണാര്‍ കാര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണ സംഘത്തിന്റെ നീക്കം. വിശദവും കൃത്യവുമായി തയാറാക്കിയ പദ്ധതി പ്രകാരമാണ് സുബൈറിന്റെ കൊല നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ട സുബൈറിന്റെ നീക്കങ്ങള്‍ ദിവസങ്ങളായി കൊലയാളി സംഘം നിരീക്ഷിച്ച് വരികയായിരുന്നു എന്നാണ് വിവരം. അഞ്ച് മാസം മുമ്പ് പാലക്കാട് തന്നെ കൊല്ലപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കൊലപാതകം രാഷ്ട്രീയ കാരണങ്ങളാലാണെന്ന് സുബൈറിന്റെ പിതാവ് അബൂബക്കര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആര്‍ എസ് എസ് - ബി ജെ പി നേതാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നത്.

സുബൈറിന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമെന്നാണ് എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയ വിരോധം വെച്ച് വെട്ടി കൊലപ്പെടുത്തി എന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. സുബൈറിനെതിരെ മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള സംഘടിത ആക്രമണമാണ് നടന്നത്. സുബൈറിന്റെ പിതാവ് അബൂബക്കറിന്റെ പരാതിയിലാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പാലക്കാട് കസബ പൊലീസാണ് ഇന്നലെ തന്നെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പള്ളിയില്‍ നിന്ന് പ്രാര്‍ത്ഥന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് സുബൈറിനെ കൊലപ്പെടുത്തിയത്.

പിതാവിന്റെ കണ്‍മുന്നില്‍ വെച്ച് ആയിരുന്നു അരുംകൊല. സംഭവ സ്ഥലം സന്ദര്‍ശിച്ച പാലക്കാട് എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം കസബ പൊലീസ് സ്റ്റേഷനില്‍ പ്രത്യേക യോഗം വെള്ളിയാഴ്ച ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെ കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചു. ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി നേതൃത്വം നല്‍കുന്ന സംഘത്തില്‍ മൂന്ന് സി ഐമാരുണ്ട്. പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍ ഡി വൈ എസ് പിമാര്‍ പ്രത്യേക സംഘത്തിന് പുറത്തു നിന്ന് സഹായം നല്‍കും.

കൊലയാളി സംഘത്തില്‍ അഞ്ചുപേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കൊല നടത്തിയതിന് ശേഷം ഇവര്‍ കൊഴിഞ്ഞാമ്പാറ ഭാഗത്തേക്ക് പോയെന്ന് പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. കൊലയാളി സംഘത്തിലെ രണ്ട് പേരെ താന്‍ കണ്ടു എന്നാണ് പാലക്കാട് എലപ്പുള്ളി പാറയില്‍ കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ പിതാവ് അബൂബക്കര്‍ പൊലീസിനോട് പറഞ്ഞത്. ഇവര്‍ മുഖം മൂടി ധരിച്ചിരുന്നില്ല എന്നും ഇരുവരെയും കണ്ടാല്‍ തിരിച്ചറിയുമെന്നും അബൂബക്കര്‍ പറഞ്ഞു.

അതേസമയം വീടിന് നേരെ ഇതിന് മുമ്പ് ആക്രമണം ഉണ്ടായിരുന്നതായി സുബൈറിന്റെ മകന്‍ സജാദ് മാധ്യമങ്ങളോട് പറഞ്ഞു. വീടിന് നേരെ ചിലര്‍ കല്ലെറിഞ്ഞിരുന്നു. പൊലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്നും ഉപ്പയുടേത് വാഹനാപകടം ആണ് എന്നാണ് ആദ്യം കരുതിയത് എന്നും സജാദ് പറഞ്ഞു. അതേസമയം കൊലപാതകത്തിന് പിന്നില്‍ ആര്‍ എസ് എസ് ആണെന്നും എസ് ഡി പി ഐ- പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പറഞ്ഞു. സുബൈറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം എസ് ഡി പി ഐ- പോപ്പുലര്‍ ഫ്രണ്ട് നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. അതേസമയം കൊലപാതകത്തില്‍ പങ്കില്ലെന്നാണ് ബി ജെ പി നേതാക്കള്‍ വിശദീകരിക്കുന്നത്.












Click it and Unblock the Notifications