വടക്കഞ്ചേരി അപകടം: കെഎസ്ആർടിസി ഡ്രൈവറുടെ ഭാഗത്തും ഗുരുതര വീഴ്ചയെന്ന് നാറ്റ്പാക് റിപ്പോർട്ട്
പാലക്കാട്: വടക്കഞ്ചേരി ബസ് അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർക്കും ഗുരുതര വീഴ്ചയെന്ന് നാറ്റ്പാക് റിപ്പോർട്ട്. അമിത വേഗതയിലായിരുന്ന ബസ് പെട്ടെന്ന് വേഗത കുറച്ച് നടുറോഡിൽ നിർത്തി. അതേസമയം അപകടത്തിന് പ്രധാന ഉത്തരവാദി ടൂറിസ്റ്റ് ബസ് ഡ്രൈവറാണെന്നും നാറ്റ്പാക് റിപ്പോർട്ടിൽ പറയുന്നു.
ഒക്ടോബർ അഞ്ചിന് അർധരാത്രിയാണ് വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചത്. ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അനാസ്ഥയാണ് അപകടത്തിന് കാരണം എന്നാണ് ഇതുവരെ ഉള്ള റിപ്പോർട്ടുകൾ. എന്നാൽ ദേശീയ ഏജൻസിയായ നാറ്റ്പാക് നടത്തിയ പഠനത്തിലാണ് കെഎസ്ആർടിസി ഡ്രൈവർക്കും വീഴ്ച പറ്റിയതായി കണ്ടെത്തിയത്.

അപകടത്തിൽ ഒൻപത് പേരാണ് മരിച്ചത്. ഇതിൽ അഞ്ച് പേർ വിദ്യാർത്ഥികളും ഒരാൾ അധ്യാപകനും മൂന്ന് പേർ കെഎസ്ആർടിസി യാത്രക്കാരുമാണ്. എൽന ജോസ് (15), ക്രിസ്വിന്ത് (16), ദിവ്യ രാജേഷ്( 16), അധ്യാപകനായ വിഷ്ണു(33), അഞ്ജന അജിത് (16) എന്നിവരും കെഎസ്ആർടിസി ബസിൽ യാത്ര ചെയ്തിരുന്ന ഇമ്മാനുവൽ (16) ദീപു (25) രോഹിത് (24) എന്നിവരുമാണ് മരിച്ചത്.
മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിന്റെ പിന്നിൽ ഇടിച്ചുകയറുകയായിരുന്നു. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ കുട്ടികളുടെ സംഘമായിരുന്നു ടൂറിസ്റ്റ് ബസിൽ ഉണ്ടായിരുന്നത്. കൊട്ടാരക്കര കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്.
വടക്കഞ്ചേരി ബസ് അപകടത്തിന് കാരണം കെഎസ്ആർടിസി ബസ് പെട്ടെന്ന് നിർത്തിയതാണെന്ന് ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ പറഞ്ഞിരുന്നു എന്നാൽ ആക്ഷേപം തള്ളി ആയിരുന്നു ആർടിഒയുടെ റിപ്പോർട്ട്.അപകടസമയത്ത് കെഎസ്ആർടിസി ബസ് യാത്രക്കാരെ കയറ്റാനോ ഇറക്കാനോ നിർത്തിയിട്ടില്ല. ടൂറിസ്റ്റ് ബസ് മുന്നിലെ വാഹനവുമായി കൃത്യമായി അകലം പാലിച്ചില്ല.അപകടത്തിന് തൊട്ടുമുമ്പ് കെഎസ്ആർടിസി ബസ് വേഗത കുറച്ചു .എന്നാൽ അത് അപകടകാരണമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിന്റെ കാരണം, സാഹചര്യം, ബസിലെ നിയമ ലംഘനം എന്നിവ വിശകലനം ചെയ്തുള്ള സമഗ്ര റിപ്പോർട്ട് ട്രാൻസ്‌പോർട് കമ്മീഷണർക്ക് സമർപ്പിച്ചു. എൻഫോഴ്‌സ്മെന്റ് ആർടിഒ എം കെ ജയേഷ് കുമാറാണ് ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് വിശദ റിപ്പോർട്ട് കൈമാറിയത്. 18 പേജുള്ള റിപ്പോർട്ടിൽ അപകട കാരണം, സാഹചര്യം, ബസിലെ നിയമ ലംഘനം എന്നിവയെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. അപകടം ഡിജിറ്റൽ പുനരാവിഷ്ക്കരണവും റിപ്പോർട്ടിനു ഒപ്പം ചേർത്തിട്ടുണ്ട്. കെഎസ്ആർടിസിയെ കുറിച്ചുള്ള ചില കണ്ടെത്തലുകൾ റിപ്പോർട്ടിൽ ഉള്ളതായാണ് സൂചന.












Click it and Unblock the Notifications