പിന്തുടരുന്നത് ക്രിമിനലുകൾ; വീഡിയോ ചിത്രീകരിച്ചവർക്കെതിരെ ആരോപണങ്ങളുമായി ശോഭ സുരേന്ദ്രൻ!
സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ പാലക്കാട് നിയോജക മണ്ഡലത്തിൽ നാടകീയ സംഭവങ്ങളാണ് അരങ്ങേറുന്നത്. ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമിക്കുന്നു എന്ന ഗുരുതര ആരോപണത്തിന് പിന്നാലെ, പണം ലഭിച്ചിട്ടില്ല എന്ന വയോധികയുടെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ബിജെപി. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ എല്ലാം പച്ചക്കള്ളമാണെന്ന് വാദിച്ചാണ് ശോഭ സുരേന്ദ്രൻ പുതിയ വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചത്.
വീഡിയോ ചിത്രീകരിച്ചത് ക്രിമിനലുകൾ
വീഡിയോ ചിത്രീകരിച്ചവർക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായാണ് ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ മാധ്യമങ്ങൾക്ക് മുമ്പിൽ എത്തിയത്. താൻ സഞ്ചരിക്കുന്ന ഇടങ്ങളിലെല്ലാം ക്രിമിനൽ പശ്ചാത്തലമുള്ള ഒരു സംഘം കഴിഞ്ഞ രണ്ട് ദിവസമായി പിന്തുടരുകയാണെന്ന് ശോഭ ആരോപിച്ചു. തന്റെ സ്വകാര്യതയിലേക്ക് കടന്നുകയറാൻ ശ്രമിച്ചവരെയാണ് താൻ ചോദ്യം ചെയ്തതെന്നും, അതിന്റെ ദൃശ്യങ്ങൾ വളച്ചൊടിച്ചാണ് കോൺഗ്രസ് പ്രചരിപ്പിക്കുന്നതെന്നും അവർ പറഞ്ഞു. ശോഭ സുരേന്ദ്രൻ ദൃശ്യങ്ങൾ പകർത്തുന്നവരോട് തട്ടിക്കയറുന്ന വീഡിയോ കോൺഗ്രസ് ഗ്രൂപ്പുകളിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.

സാരി വിതരണം ചെയ്‌തെന്നും ആക്ഷേപം
പണത്തിന് പിന്നാലെ ബിജെപി പ്രവർത്തകർ പിരിയാരി മേഖലയിൽ സാരി വിതരണം ചെയ്തെന്ന പുതിയ പരാതിയുമായി കോൺഗ്രസും സിപിഎമ്മും രംഗത്തെത്തിയിട്ടുണ്ട്. ബിജെപിയുടെ പ്രചാരണ സമാപനത്തിൽ സ്ത്രീകൾ ഒരേ നിറത്തിലുള്ള സാരി ധരിച്ചെത്തിയത് ബിജെപി വിതരണം ചെയ്തതാണെന്നാണ് ആക്ഷേപം. ഇത് സംബന്ധിച്ച് ചിത്രങ്ങൾ സഹിതം ജില്ലാ കളക്ടർക്കും എസ്‌പിക്കും പരാതി നൽകിയിട്ടുണ്ട്. പണവും സാരിയും നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നാണ് ഇടത്-വലത് മുന്നണികളുടെ ആരോപണം.
പ്രാഥമിക അന്വേഷണത്തിൽ ക്ലീൻ ചിറ്റ്
കണ്ണാടിയിലെ വയോധികയുടെ വീട്ടിലെത്തി പരിശോധന നടത്തിയ തെരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്ക്വാഡ്, പണം കൈമാറ്റം ചെയ്യപ്പെട്ടതിന് തെളിവുകളില്ലെന്ന് പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്. വീഡിയോയിൽ കണ്ട പണം വയോധികയുടെ സ്വന്തം സമ്പാദ്യമാണെന്ന് കുടുംബാംഗങ്ങളും മൊഴി നൽകി. എന്നിരുന്നാലും, സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജില്ലാ കളക്ടറോട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. വോട്ടെടുപ്പ് ദിവസം ഈ വിവാദങ്ങൾ പോളിംഗ് ബൂത്തുകളിൽ എന്ത് പ്രതിഫലനമുണ്ടാക്കുമെന്ന ആശങ്കയിലാണ് രാഷ്ട്രീയ പാർട്ടികൾ.












Click it and Unblock the Notifications