വിവാഹത്തിന് ഡ്രസ് കോഡ് പാലിച്ചു, വസ്ത്രത്തിന് പണം കൊടുക്കാൻ വൈകിയതോടെ പൊരിഞ്ഞ അടി; 8 വാഹനങ്ങൾ തകർത്തു
പാലക്കാട്: വിവാഹത്തിന് വധൂവരൻമാരും കൂട്ടുകാരും ബന്ധുക്കളുമൊക്കെ ഡ്രസ് കോഡ് പാലിക്കുന്നത് ഇപ്പോഴത്തെ ട്രെന്റാണ്. സാധാരണ ഗതിയിൽ ഈ ഡ്രസ് കോഡ് പാലിക്കാതിരുന്നാൽ ഇതിനെ ചൊല്ലി അൽപം സ്വൽപം കശപിശയൊക്കെ ഉണ്ടാകാറുണ്ട്. വാക്ക് പാലിക്കാത്തവരോട് വധൂവരനമാർ പിണങ്ങി നടക്കാറുമുണ്ട്. എന്നാൽ ഡ്രസ് കോഡ് പാലിച്ച് വസ്ത്രമിട്ട് വന്നിട്ടും ഇവിടെയിതാ വലിയൊരു അടിപൊട്ടിയിരിക്കുകയാണ്, പാലക്കാടാണ് സംഭവം. അടിയെന്ന് പറഞ്ഞാൽ വീട്ടിലെ മുറ്റത്ത് നിർത്തിയിട്ട 8 വാഹനങ്ങൾ അടക്കമാണ് തകർത്ത്. സംഭവം ഇങ്ങനെ
പാലക്കാട് കോട്ടായ് സ്വദേശി മൻസൂറിന്റെ വീട്ടിലെ വാഹനങ്ങളാണ് അയൽവാസിയും സുഹൃത്തുക്കളും അടങ്ങുന്ന അക്രമി സംഘം തകർത്തത്. കാർ, ബൈക്ക്, ടിപ്പർ ലോറി, ട്രാവലറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളാണ് ആക്രമിക്കപ്പെട്ടത്. ശനിയാഴ്ച പുലർച്ചെയോടെയാണ് സംഭവം. ആദ്യം അക്രമികൾ വീട് തകർത്ത് അകത്ത് കയറാൻ ശ്രമിക്കുകയായിരുന്നുവെന്നും എന്നാൽ വീട്ടുകാർ ഇത് ചെറുത്തതോടെ വാഹനം തകർത്ത് കളന്ന് കളഞ്ഞെന്നും മൻസൂറിന്റെ കുടുംബം ആരോപിച്ചു.

'ഒരു കല്ല്യാണത്തിന് സുഹൃത്തുക്കൾ എല്ലാവരും ചേർന്ന് ഒരു ഡ്രസ് കോഡ് തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എല്ലവാരും വസ്ത്രം വാങ്ങുകയും ചെയ്തു. എന്നാൽ മൻസൂറും ചില കൂട്ടുകാരും വസ്ത്രത്തിന്റെ പണം കൊടുക്കാൻ അൽപം വൈകി. ഇത് സുഹൃത്തിന് അത്ര ദഹിച്ചില്ല. ഇതോടെ സുഹൃത്തുക്കളിൽ ഒരാൾ രാത്രി ഒരു മണിക്ക് വീട്ടിൽ വന്ന് വസ്ത്രത്തിന്റെ പണം ആവശ്യപ്പെട്ടു. 'തന്നെ അനാവശ്യം പറഞ്ഞ് ഇറങ്ങി പിന്നീട് കുറെ പേരുമായി വീട്ടിലേക്ക് വന്ന് തല്ലുകയായിരുന്നു. പ്രശ്നത്തിൽ എല്ലാവരും ഇടപെട്ട് പരിഹാരം ഉണ്ടാക്കിയിരുന്നു. എന്നാൽ വീണ്ടും വന്ന് തന്നെ ആക്രമിച്ചു. ഇതോടെ പോലീസിനെ സമീപിച്ചു. പരാതിയും കൊടുത്തു. ഇതിന് പിന്നാലെ സംഘം ഭീഷണിപ്പെടുത്തി. ഇന്ന് രാവിലെയോടെ വീണ്ടും വന്ന് ആക്രമിച്ചു', മൻസൂറിന്റെ സഹോദരൻ പറഞ്ഞതായി മാത്യഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഏകദേശം 15 ഓളം പേരടങ്ങുന്ന സംഘമാണ് വീട്ടലേക്ക് അതിക്രമിച്ച് കയറിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ പോലീസിന് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാൻ തയ്യാറാകുന്നില്ലെന്നും ഇവർ ആരോപിച്ചു.












Click it and Unblock the Notifications