'അത്ര ഗതികെട്ട പ്രസ്ഥാനമല്ലല്ലോ സിപിഎം'; ലീഗിനെ ക്ഷണിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മുഖ്യമന്ത്രി
തിരുവനന്തപുരം: പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ മുസ്ലീം ലീഗിനെ ക്ഷണിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലീഗിനെ തങ്ങള്‍ ക്ഷണിച്ചതല്ലെന്നും അവരുടെ നേതാവിന്റെ പ്രതികരണത്തോടുള്ള നിലപാടാണ് തങ്ങള്‍ അറിയിച്ചത് എന്നും മുഖ്യമന്ത്രി പറഞ്ഞു. പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലീഗ് പരിപാടി നടത്തുന്നത് നല്ല കാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെയാണ്...
'പലസ്തീനെ നമ്മള്‍ എല്ലാവരും അനുകൂലിക്കുകയും പിന്താങ്ങുകയും ചെയ്യേണ്ടതാണ്. അതാണ് നമ്മളുടെ രാജ്യം പൊതുവായി സ്വീകരിച്ച നിലപാട്. ആ നിലപാടില്‍ നിന്ന് ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ചിലര്‍ പിന്മാറി. നെഹ്‌റു പ്രധാനമന്ത്രിയായി ഇരിക്കുമ്പോള്‍ തന്നെ അതിശക്തമായ സാമ്രാജ്യത്വ വിരുദ്ധ നിലപാട് സ്വീകരിച്ചതായിരുന്നു. അതിന്റെ ഭാഗമായി പലസ്തീന്‍ അനുകൂല നിലപാട് പ്രഖ്യാപിതമായി ഇന്ത്യാ ഗവണ്‍മെന്റ് സ്വീകരിച്ചിട്ടുണ്ട്.

അവിടെ നിന്ന് പിന്നീട് മാറ്റം വന്നു. ആ മാറ്റം തുടക്കത്തില്‍ തന്നെയുണ്ടായി. നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് ആ നയത്തില്‍ തന്നെ മാറ്റമുണ്ടായത്. നേരത്തെ ഇസ്രായേലുമായി ഒരു ബന്ധവുമില്ലാതിരുന്ന നമ്മള്‍ ഇസ്രായേലിനോട് കൂടുതല്‍ അടുത്തു. ഇപ്പോള്‍ അതിന്റെ പരമോന്നതതലത്തില്‍ എത്തി. യഥാര്‍ത്ഥ കാരണം അമേരിക്കയെ പ്രീണിപ്പിക്കലാണ്. അതിന്റെ ഭാഗമായി പലസ്തീനെ തള്ളുകയാണ്.
മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ ഒരു പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടി സംഘടിപ്പിക്കുന്നത് നല്ല കാര്യമാണ്. ആ സാഹചര്യത്തില്‍ സി പി എം സംഘടിപ്പിക്കുന്ന റാലിയില്‍ ഞങ്ങളെ ക്ഷണിച്ചാല്‍ ഞങ്ങള്‍ പങ്കെടുക്കും എന്ന് മുസ്ലീം ലീഗിന്റെ വളരെ പ്രധാനപ്പെട്ട ഒരു നേതാവ് പരസ്യമായി പറയുകയാണ്. അത് അങ്ങോട്ട് ആരും ആവശ്യപ്പെട്ടതല്ല. നിങ്ങള്‍ ഏതെങ്കിലും തരത്തില്‍ പ്രേരണ ചെലുത്തി പറയിപ്പിച്ചതുമല്ല എന്നാണ് ഞാന്‍ മനസിലാക്കുന്നത്.
അദ്ദേഹം അത് പരസ്യമായി പറഞ്ഞു. ഞങ്ങള്‍ക്ക് അറിയാമായിരുന്നു ഈ പറഞ്ഞത് നടപ്പിലാക്കാന്‍ അവര്‍ക്ക് പ്രയാസമായിരുന്നു എന്ന്. കാരണം അവര്‍ യു ഡി എഫിന്റെ ഭാഗമായി നില്‍ക്കുന്നതാണ്. ലീഗില്ലെങ്കില്‍ പിന്നെ യു ഡി എഫുണ്ടോ. കേരളത്തിന്റെ യു ഡി എഫിന്റെ അടിസ്ഥാനം എന്ന് പറയുന്നത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് ആണ്. ലീഗില്ലെങ്കില്‍ യു ഡി എഫ് ഇല്ല എന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ ഒരുതരത്തിലുമുള്ള വ്യാമോഹങ്ങളും ഞങ്ങള്‍ക്കുണ്ടായിരുന്നില്ല.
പക്ഷെ ഈ ചോദ്യം പൊതുസമൂഹത്തിന് മുന്നില്‍ നില്‍ക്കുകയാണ്. ഞങ്ങളെ ക്ഷണിച്ചാല്‍ ഞങ്ങള്‍ പങ്കെടുക്കും. എന്താണ് നിങ്ങളുടെ പ്രതികരണം എന്ന് സ്വാഭാവികമായി ഞങ്ങളോട് ചോദിക്കുമല്ലോ. അപ്പോള്‍ അതിന്റെ ഭാഗമായി സി പി എം പറയുന്നു ഇവരെ പങ്കെടുക്കാന്‍ വേണ്ടി ക്ഷണിക്കുന്നു എന്ന്. ആ ക്ഷണം ലഭിച്ചപ്പോള്‍ അവര്‍ അത് സ്വാഭാവികമായി പ്രതികരിക്കുന്നു. നേരത്തെ ഒരു നേതാവ് പറഞ്ഞ കാര്യമായിരുന്നു.
പക്ഷെ അത് ഒരു പാര്‍ട്ടിയുടെ കാര്യമായി വന്നു. അങ്ങനെ അവര്‍ ആലോചിച്ചപ്പോള്‍ ഇന്നത്തെ യു ഡി എഫിന്റെ ഒരു നിലവെച്ച് അവര്‍ക്ക് ഇതില്‍ പങ്കെടുക്കാന്‍ കഴിയില്ല എന്ന് തീരുമാനിച്ചു. ഇതാണ് സംഭവിച്ചത്. അതില്‍ ആശ്ചര്യകരമായി ഒന്നുമില്ല. യു ഡി എഫിന്റെ ഭാഗമായി നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് പരോക്ഷമായി ഈ നിലപാടിന് എതിരായി നില്‍ക്കുന്ന ഘട്ടത്തില്‍ അവര്‍ക്ക് പ്രത്യക്ഷമായി അതിനെ തള്ളിക്കൊണ്ട് വരാന്‍ കഴിയില്ല.
അതാണ് സംഭവിച്ചിട്ടുള്ളത്. പലസ്തീന്‍ അനുകൂലം എന്നത് തീവ്രവാദപ്രസ്ഥാനങ്ങളെ പിന്താങ്ങലാണോ. കോണ്‍ഗ്രസിനോട് രാഷ്ട്രീയമായി യോജിപ്പില്ലെങ്കിലും ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായുള്ള പാര്‍ട്ടിയല്ലേ. അത് ഇത്രമാത്രം അധപതിക്കാന്‍ പാടുണ്ടോ. ഏതെങ്കിലും ഭാഗത്ത് നിന്ന് ആരെയങ്കിലും കിട്ടുന്നുണ്ടോ എന്ന് നോക്കി നടക്കുന്ന ഗതികെട്ട പ്രസ്ഥാനമല്ലല്ലോ സിപിഎം. അങ്ങനെ ചിന്തിക്കേണ്ട കാര്യമില്ലല്ലോ.












Click it and Unblock the Notifications