തദ്ദേശ തിരഞ്ഞെടുപ്പ്: ആദ്യ ഘട്ടത്തില്‍ യു ഡി എഫ് തരംഗമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ആദ്യ ഘട്ട തിരഞ്ഞെടുപ്പില്‍ അതി ശക്തമായ യു ഡി എഫ് തരംഗമാണ് ദൃശ്യമായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അഴിമതിയിലും, കൊള്ളയിലും മുങ്ങിക്കുളിച്ച എല്‍ ഡി എഫ് സര്‍ക്കാരിനെതിരെയുള്ള ശക്തമായ ജനവികാരം ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതായും രമേശ് ചെന്നിത്തല പറഞ്ഞു. അടുത്ത രണ്ട് ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിലും ഇടതു സര്‍ക്കാരിനെതിരായുള്ള ജനവികാരം അതി ശക്തമായി തന്നെ പ്രതിഫലിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വളരെ ആവേശപൂര്‍വ്വമാണ് ജനങ്ങള്‍ തിരഞ്ഞെടുപ്പ് പ്രകിയയില്‍ പങ്കാളികളായത്. ഇടതു സര്‍ക്കാരിന്റെ ജന വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതികരിക്കാനുള്ള ഒരവസരവും ജനങ്ങള്‍ പാഴാക്കില്ലന്നതിന്റെ വ്യക്തമായ സൂചനയാണ് തിരഞ്ഞെടുപ്പില്‍ കണ്ട ജനപങ്കാളിത്തമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേ സമയം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് വോട്ടെടുപ്പ് നടത്തുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്ന് വന്‍ വീഴ്ചയുണ്ടായെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പോളിംഗ് സാമഗ്രികളുടെ വിതരണം മുതല്‍ വോട്ടടുപ്പ് വരെ എല്ലാ ഘട്ടങ്ങളിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയതാണ്. അതിന് ഫലമുണ്ടായില്ല. കഴിഞ്ഞ ദിവസം പോളിംഗ് സാമഗ്രികള്‍ സ്വീകരിക്കാന്‍ ഉദ്യേഗസ്ഥര്‍ വിവിധ കേന്ദ്രങ്ങളില്‍ എത്തിയപ്പോഴും വന്‍ തിക്കും തിരക്കും അനുഭവപ്പെട്ടിരുന്നു. രണ്ട് ഘട്ടമായി നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളില്‍ പോളിംഗ് കേന്ദ്രങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച കൊണ്ട് തന്നെ തിരഞ്ഞെടുപ്പ് നടത്താനുള്ള ക്രമീകരണങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സജ്ജീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു












Click it and Unblock the Notifications