തദ്ദേശ തിരഞ്ഞെടുപ്പ്; മുല്ലപ്പള്ളിയെ പ്രശംസിച്ച് ശൂരനാട് രാജശേഖരന്റെ ഫെയ്സബുക്ക് പോസ്റ്റ്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് ശൂരനാട് രാജശേഖരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. യുഡിഎഫ് ചരിത്രത്തില്‍ ആദ്യമായി സ്ഥാനാര്‍ഥി നിര്‍ണയം കെപിസിസിയും, യുഡിഎഫും കുറ്റമറ്റതാക്കിയ ഒരു തിരഞ്ഞെടുപ്പാണിതെന്ന് ശൂരനാട് രാജശേഖരന് ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇക്കാര്യത്തില്‍ കെപിസിസി പ്രസിഡന്റിന്റെ ഉറച്ച നിലാപാടിനെ അഭിനന്ദിക്കാതെ വയ്യെന്നും ശൂരനാട് തന്റെ ഫെയ്സ്ബുക്ക് പോസിറ്റില് പറയുന്നു. ഫൈയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം.

ത്രിതല പഞ്ചായത്തുകളുടെ സ്ഥാനാർത്ഥിനിർണയം കെ പി സി സിയും ,യു ഡി എഫും ചരിത്രത്തിലാദ്യമായി കുറ്റമറ്റതാക്കിയ ഒരു തിരഞ്ഞെടുപ്പാണ് ഇത്.
കേരളത്തിലെ 80 ശതമാനം ബൂത്തുകളിലും കെപിസിസിയുടെ സർക്കുലർ പ്രകാരമാണ് സ്ഥാനാർത്ഥിനിർണയം പൂർത്തീകരിച്ചത്.
വാർഡ് കമ്മിറ്റികളെയും മണ്ഡലം ബ്ലോക്ക് കമ്മിറ്റികളെയും വിശ്വാസത്തിലെടുത്ത് ഒരു സ്ഥാനാർത്ഥിനിർണയം ഇത്രയേറെ വിജയകരമായി നടപ്പിലാക്കിയ ഒരു സന്ദർഭം മുൻപ് ഉണ്ടായിട്ടുള്ളതായി തോന്നുന്നില്ല. ഇക്കാര്യത്തിൽ കെപിസിസി പ്രസിഡന്റ് സ്വീകരിച്ച ഉറച്ച നിലപാടിനെ പ്രശംസിക്കാതെ വയ്യ.
കോൺഗ്രസ് പാർട്ടി ഇത്രയേറെ യുവജനങ്ങൾക്ക് സ്ഥാനാർത്ഥിത്വം നൽകിയ ഒരു തിരഞ്ഞെടുപ്പ് മുൻപ് ഉണ്ടായിക്കാണില്ല. 21 വയസ്സ് പ്രായമുള്ള സ്ഥാനാർത്ഥികളുടെ ഒരു വലിയ നിര തന്നെ സംസ്ഥാനമൊട്ടാകെ നിറഞ്ഞുനിൽക്കുകയാണ്.യുവാക്കൾക്കും, യുവതികൾക്കും വനിതകൾക്കും മറ്റു പാർട്ടികളും മുന്നണികളും നൽകാത്ത പരിഗണനയാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. ഇത്തവണത്തെ സ്ഥാനാർത്ഥി നിർണയത്തിലൂടെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നിശബ്ദമായെങ്കിലും ഒരു തലമുറ മാറ്റം നടന്നു എന്ന് തന്നെ പറയാം.കെപിസിസിയുടെ നിശ്ചയപ്രകാരം തന്നെ 98% സ്ഥാനാർത്ഥി നിർണയവും ഡിസിസിക്ക് പൂർത്തിയാക്കാൻ കഴിഞ്ഞു. കഴിഞ്ഞകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ചുരുക്കം ചില ജില്ലകളിൽ നിന്നും മാത്രമാണ് സംസ്ഥാന കമ്മിറ്റിയിലേക്ക് അപ്പീലുകൾ വന്നത്.
നോമിനേഷനുകൾ പിൻവലിക്കേണ്ട 23ന് മുൻപുതന്നെ ചില ഡിസിസികൾ ചിഹ്നം വിതരണം ചെയ്തതൊഴിച്ചാൽ മറ്റു പ്രശ്നങ്ങൾ ഒന്നും തന്നെ സ്ഥാനാർത്ഥി നിർണയത്തിൽ എടുത്തു കാണിക്കാൻ കഴിയില്ല.
കൈപ്പത്തി ചിഹ്നം ലഭിച്ചവർ എല്ലാം തന്നെ ഔദ്യോഗിക സ്ഥാനാർത്ഥികളാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള തർക്കവും കേരളത്തിൽ ഒരിടത്തും നിലനിൽക്കുന്നില്ല.
അവരെ അംഗീകരിക്കാൻ എല്ലാ നേതാക്കന്മാരും ബാധ്യസ്ഥരാണ്. തർക്കം നിലനിൽക്കുന്നു എന്ന സ്ഥിതി ഉണ്ടാക്കുന്നവർ പരോക്ഷമായെങ്കിലും മുന്നണിയുടെയും പാർട്ടിയുടെയും വിജയത്തെ തുരങ്കം വയ്ക്കാനുള്ള ശ്രമമാണ് നടത്തുന്നത്.അധോലോക പ്രവർത്തനങ്ങളെ നാണംകെടുത്തും വിധം സംസ്ഥാനത്ത് പ്രവർത്തിക്കുന്ന പിണറായി വിജയൻ സർക്കാരിന് എതിരായിട്ടുള്ള വലിയ ജനരോക്ഷം നിലനിൽക്കുകയാണ്. മികച്ച സ്ഥാനാർത്ഥി നിർണയത്തിലൂടെ മറ്റു മുന്നണികളെക്കാൾ ബഹുദൂരം മുന്നോട്ട് പോകാനും നമുക്ക് സാധിച്ചിട്ടുണ്ട്. സാധാരണക്കാരായ പ്രവർത്തകർക്ക് ജനപ്രതിനിധികൾ ആവാനുള്ള ഒരു വലിയ അവസരമാണ് കൈവന്നിരിക്കുന്നത്. എംഎൽഎമാരെയും എംപിമാരെയും നേതാക്കളെയും ഒക്കെ സൃഷ്ടിച്ചത് ഈ സാധാരണ പ്രവർത്തകരാണ്. സംസ്ഥാനത്ത് എവിടെയെങ്കിലും ഒന്നോ രണ്ടോ തർക്കങ്ങളുടെ പേരിൽ ചാനലുകളുടെ മുന്നിൽ പൊട്ടിത്തെറിക്കുന്ന നേതാക്കന്മാർ സംസ്ഥാനമെമ്പാടും മത്സര രംഗത്തുള്ള നമ്മുടെ സഹപ്രവർത്തകരുടെ മുഖം ഓർക്കുന്നത് നന്നായിരിക്കും.
ഇന്ദിരാഗാന്ധിയും ലീഡർ കെ കരുണാകരനും പകർന്നുതന്ന
ആവേശം ഉൾക്കൊണ്ട കൈപ്പത്തി ചിഹ്നത്തിലും മറ്റ് ഐക്യ ജനാധിപത്യ മുന്നണിയുടെ ഘടകകക്ഷികളുടെ ഔദ്യോഗിക ചിഹ്നങ്ങളിലും മത്സരിക്കുന്ന മുഴുവൻ സ്ഥാനാർത്ഥികളുടെ യും വിജയം ഉറപ്പാക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കർത്തവ്യമാണ്.ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സ്ഥാനാർത്ഥി നിർണയത്തിന് അപ്പീൽ കമ്മിറ്റി അംഗങ്ങളായി എന്നെയും ശ്രീ. തമ്പാനൂർ രവിയെയും ശ്രീ. അനിൽ കുമാറിനെയും ചുമതലപ്പെടുത്തിയത് കെപിസിസി പ്രസിഡന്റിന്റെ തീരുമാനമാണ്.
കെ പി സി സിയും ഡിസിസികളും തമ്മിൽ കേരളത്തിൽ ഒരിടത്തും ഒരു തർക്കവും നിലനിൽക്കുന്നില്ല എന്ന് വ്യക്തമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
കഴിഞ്ഞ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകുന്ന കെപിസിസിയുടെ കരുത്തനായ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അതോടൊപ്പം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മറ്റ് നേതാക്കന്മാർക്കും ഡിസിസി പ്രസിഡന്റുമാർക്കും സ്ഥാനാർത്ഥി നിർണയത്തിൽ പങ്കെടുത്ത മറ്റു ഭാരവാഹികൾക്കും
കെപിസിസി അപ്പീൽ കമ്മിറ്റിയുടെ അഭിവാദ്യങ്ങൾ.