പഞ്ചായത്തംഗമാണോ... ഇനി സഹായിയെ വയ്ക്കാം, സര്‍ക്കാര്‍ ശമ്പളവും കൊടുക്കാം!!
തിരുവനന്തപുരം: ഒരു കാലത്ത് പഞ്ചായത്ത് അംഗങ്ങളുടെ സ്ഥിതി വളരെ കഷ്ടമായിരുന്നു. തുച്ഛമായ വേതനം, പണിയാണെങ്കിലോ, എടുത്താല്‍ പൊന്താത്ത അത്രയും. ആ കാലമൊക്കെ ഇപ്പോള്‍ മാറി. തരക്കേടില്ലാത്ത ഓണറേറിയം ലഭിച്ചു തുടങ്ങി.
ഒരാള്‍ക്ക് ഒറ്റയ്ക്ക് ചെയ്യാവുന്ന പണിയൊന്നും അല്ല ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍ ചെയ്യുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം. അവര്‍ക്ക് സഹായകമായി ഇപ്പോഴിതാ പുതിയൊരു തീരുമാനം വന്നിരിയ്ക്കുന്നു.

ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍ക്ക് സഹായികളെ നിയമിയ്ക്കാം. അതും സര്‍ക്കാര്‍ ചെലവില്‍ തന്നെ. പക്ഷേ സഹായി, അംഗത്തിന്റെ ബന്ധുവാകരുതെന്ന് മാത്രം.
ഗ്രാമ സേവാ കേന്ദ്രങ്ങളില്‍ പഞ്ചായത്ത് അംഗം നിര്‍ദ്ദേശിയ്ക്കുന്ന വ്യക്തിയെ ഫെസിലിറ്റേറ്ററായി നിയമിക്കാമെന്ന് തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഉത്തരവ് പുറത്തിറക്കിയിരിയ്ക്കുന്നത്. ആയിരം രൂപയാണ് ഓണറേറിയം ആയി ലഭിയ്ക്കുക.
ആരേയും പിടിച്ച് ഫെസിലിറ്റേറ്ററാക്കിക്കളയാം എന്ന് ആരും മോഹിയ്ക്കരുത്. ചുരുങ്ങിയത് പത്താം ക്ലാസ്സ് എങ്കിലും ജയിച്ചിരിയ്ക്കണം. മൂന്ന് മാസം ദൈര്‍ഘ്യമുള്ള സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്‌സും പാസായിരിയ്ക്കണം.
കുടുംബശ്രീ അംഗങ്ങള്‍ക്കും അവരുടെ അംഗങ്ങള്‍ക്കും നിയമനത്തില്‍ മുന്‍ഗണന ലഭിയ്ക്കും. ഓണറേറിയത്തിന് പുറമേ മറ്റ് ചില വരുമാനങ്ങളും ഇവര്‍ക്ക് ലഭിയ്ക്കും. പഞ്ചായത്തിന്റെ ഡിമാന്റ് നോട്ടീസ് വിതരണം ചെയ്യുന്നതിന് അഞ്ചുരൂപ വീതം ലഭിയ്ക്കും. മറ്റ് സേവനങ്ങള്‍ക്ക് പഞ്ചായത്ത് പൊതു നിരക്ക് നിശ്ചയിച്ച് അതിന്റെ ഒരു ശതമാനവും ഫെസിലിറ്റേറ്റര്‍ക്ക് നല്‍കും.
രണ്ട് വര്‍ഷമായിരിയ്ക്കും നിയമനത്തിന്റെ കാലാവധി. പഞ്ചായത്ത് അംഗം നിര്‍ദ്ദേശിയ്ക്കുകയാണെങ്കില്‍ കാലാവധി നീട്ടി നല്‍കും. പ്രവര്‍ത്തനം തൃപ്തികരമല്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടപ്പെടുകയും ചെയ്യും. എന്തൊക്കെ വന്നാലും പഞ്ചായത്ത് അംഗത്തിന്റെ കാലാവധി വരെ മാത്രമേ ഫെസിലിറ്റേറ്റര്‍ നിയമനത്തിനും ആയുസ്സുണ്ടാവുകയുള്ളൂ.












Click it and Unblock the Notifications