സംസ്ഥാന സമ്മേളനത്തില്‍ വികാരധീനനായി പന്ന്യന്‍
കോട്ടയം: സി പി ഐ സംസ്ഥാന സമ്മേളനത്തില്‍ വികാരധീനനായി സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. തനിക്ക് എത്ര ശ്രമിച്ചാലും വെളിയം ഭാര്‍ഗവനോ പികെ വാസുദേവന്‍ നായരോ സികെ ചന്ദ്രപ്പനോ ആകാന്‍ കഴിയില്ലെന്ന് പന്ന്യന്‍ പറഞ്ഞു.
പരിമിതികള്‍ ഉണ്ടാകാമെങ്കിലും താന്‍ ഒരിക്കലും കമ്യൂണിസ്റ്റ് ആശയങ്ങള്‍ ബലികഴിച്ചിട്ടില്ല. വിമര്‍ശനങ്ങളെ തുറന്ന മനസോടെ നേരിടുമെന്നും പന്ന്യന്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ പന്ന്യന്‍ രവീന്ദ്രനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു ഉയര്‍ന്നത്.

പന്ന്യന്‍ രവീന്ദ്രന്‍ മുടിമുറിച്ചും ഫുട്‌ബോള്‍ കമന്ററി പറഞ്ഞും നടക്കുകയാണെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് ചേര്‍ന്ന ശൈലിയല്ല പന്ന്യന്റെയെന്നും മറ്റുമൊക്കെയാണ് സി പി ഐ സംസ്ഥാന സമ്മേളനത്തിലെ രാഷ്ട്രീയ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയില്‍ പരിഹാസങ്ങളുണ്ടായിരുന്നത്. ഇതിനുള്ള മറുപടി പ്രസംഗത്തിലാണ് പന്ന്യന്‍ വികാരാധീനനായത്.
പേയ്‌മെന്റ് സീറ്റ് വിവാദത്തില്‍, അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകളുടെ പശ്ചാത്തലത്തില്‍ മാതൃകാപരമായ നടപടിയാണ് പാര്‍ട്ടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മറുപടി പ്രസംഗത്തിലും സി പി എമ്മിനെതിരെ വിമര്‍ശനമുന്നയിക്കാന്‍ പന്ന്യന്‍ മറന്നില്ല.












Click it and Unblock the Notifications