ശബരിമലയുടെ അവകാശം ദേവസ്വം ബോര്‍ഡിനല്ല, ഭക്തര്‍ക്ക്, മുഖ്യമന്ത്രിക്ക് മറുപടിയുമായി പന്തളം കൊട്ടാരം
പന്തളം: ശബരിമല ക്ഷേത്രത്തിന്റെ അവകാശവാദവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പന്തളം രാജകുടുംബം. ശബരിമല ക്ഷേത്രത്തിന്റെ അവകാശം ദേവസ്വം ബോര്‍ഡിനാണ് എന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ശബരിമലയുടെ അവകാശം ദേവസ്വം ബോര്‍ഡിനല്ല, ഭക്തര്‍ക്കാണ് എന്നാണ് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മയുടെ മറുപടി. ശബരിമല അയ്യപ്പനും പന്തളം കൊട്ടാരവും തമ്മിലുള്ള ബന്ധം അഞ്ച് വര്‍ഷം കൂടുമ്പോള്‍ മാറുന്നതല്ല. അത് പിതാവും പുത്രനും തമ്മിലുള്ള ബന്ധം പോലെ ആണെന്നും വാര്‍ത്താ സമ്മേളനത്തില്‍ ശശികുമാര വര്‍മ്മ വ്യക്തമാക്കി.
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ മാറ്റാന്‍ അനുവദിക്കില്ല. ആചാരങ്ങള്‍ മാറ്റമില്ലാതെ തുടരാനുള്ള അവകാശം കവനന്റിലുണ്ട്. ആചാരങ്ങള്‍ നടപ്പിലാക്കാത്തത് കൊണ്ടാണ് കൊട്ടാരത്തിന് ഇടപെടേ ണ്ടതായി വന്നത്. ചെയ്യേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തില്ലെങ്കില്‍ കൊട്ടാരത്തിന് മുന്നോട്ട് വരേണ്ടി വരും. രാജാവ് ഇല്ലെങ്കില്‍ എന്തിനാണ് മന്ത്രി എന്നും കൊട്ടാരം പ്രതിനിധി ചോദിച്ചു. ശബരിമലയിലെ വരുമാനത്തില്‍ കണ്ണ് നട്ടിരിക്കുന്നവരുണ്ടെന്നും പന്തളം കൊട്ടാരം അത്തരക്കാരല്ലെന്നും ശശികുമാര വര്‍മ്മ പറഞ്ഞു.

ദേവസ്വം ബോര്‍ഡിനോട് പന്തളം കൊട്ടാരം ഇതുവരെ പണമൊന്നും ആവശ്യപ്പെട്ടിട്ടില്ല. തങ്ങളുടെ അവകാശങ്ങളെ കുറിച്ച് മാത്രമാണ് ആവശ്യപ്പെടുന്നത്. കവനന്റ് പ്രകാരം ക്ഷേത്രം കൈമാറിയവര്‍ക്കും അവകാശമുണ്ട്. മുഖ്യമന്ത്രി പുച്ഛത്തോടെ മറുപടി നല്‍കിയതില്‍ ദുഖമുണ്ട്. പൂജാരിയും തന്ത്രിയുമെല്ലാം ക്ഷേത്രത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെ സംബന്ധിച്ച് തന്ത്രിയുടേതാണ് അവസാന വാക്കെന്നും ശശികുമാര വര്‍മ്മ പറഞ്ഞു.
തിരുവിതാംകൂറില്‍ നിന്ന് പന്തളം കൊട്ടാരം അക്കാലത്ത് പണം വാങ്ങിയത് രാജ്യസുരക്ഷയ്ക്കാണ്. മലയരയന്മാരെ ഓടിച്ച് വിട്ടത് ദേവസ്വം ബോര്‍ഡ് രൂപീകരിച്ചതിന് ശേഷമാണ്. നിലയ്ക്കലില്‍ ആദ്യം അടി കൊണ്ടതും മലയരയന്മാര്‍ക്കാണ് എന്നും പന്തളം കൊട്ടാരം പ്രതിനിധികള്‍ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ രോഷം തന്ത്രിയുടെ മേല്‍ പ്രയോഗിക്കുന്നുവെന്നും പിണറായി വിചാരിച്ചാല്‍ മാറ്റാന്‍ പറ്റുന്നതല്ല ശബരിമലയിലെ ആചാരങ്ങളെന്നും ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications