പന്തീരങ്കാവ് യുഎപിഎ കേസ്; എന്‍ഐഎയ്ക്ക് തിരിച്ചടി, അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കില്ല
കണ്ണൂര്‍ പാലയാട് കോളേജിലെ ആക്രമങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് എന്‍ ഐ എ രംഗത്തെത്തിയത്.
കൊച്ചി: പന്തീരങ്കാവ് യു എ പി എ കേസില്‍ എന്‍ ഐ എയ്ക്ക് തിരിച്ചടി. അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ ഐ എയുടെ ആവശ്യം കോടതി തള്ളി. കൊച്ചിയിലെ എന്‍ ഐ എ കോടതിയാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളിയത്.

റാഗിങ്ങുമായി ബന്ധപ്പെട്ട് അലന്‍രെ ജാമ്യം റദ്ദാക്കണമെന്നാണ് എന്‍ ഐ എ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം കോടതി അംഗീകരിച്ചില്ല. അതേസമയം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് എന്‍ ഐ എ കോടതി അലന് താക്കീത് നല്‍കി.
കണ്ണൂര്‍ പാലയാട് കോളേജിലെ ആക്രമങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് എന്‍ ഐ എ രംഗത്തെത്തിയത്. കോളേജില്‍ വച്ച് അലനും എസ് എഫ് ഐ വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. റാഗിംഗിനെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്. ഇതേ തുടര്‍ന്ന് അലന്‍ ഷുഹൈബ് അടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
യു എ പി എ കേസില്‍ ജാമ്യം അനുവദിക്കുമ്പോള്‍ ചില നിബന്ധനകള്‍ വച്ചിരുന്നു. മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ലായിരുന്നു എന്നാണ് ഏറ്റവും പ്രധാനപ്പെട്ട നിബന്ധന. പുതിയ കേസ് വന്നതോടെയാണ് അന്വേഷണ ഏജന്‍സി ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഈ മാസം ആദ്യമായിരുന്നു സംഭവം. എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ ഒരു വിഭാഗവും അലന്‍ ഷുഹൈബിന്റെ നേതൃത്വത്തിലുള്ള വിദ്യാര്‍ഥി ഐക്യമുന്നണിയും തമ്മിലായിരുന്നു പ്രശ്‌നം. എസ്എഫ്‌ഐക്കാരായ എല്‍എല്‍ബി വിദ്യാര്‍ഥികളെ അലന്‍ ഷുഹൈബിന്റെ നേതൃത്വത്തില്‍ റാഗ് ചെയ്‌തെന്നായിരുന്നു ആരോപണം. ഇതിനു പിന്നാലെയാണ് അലനെ ഉള്‍പ്പെടെ കസ്റ്റഡിയില്‍ എടുത്തത്.
പാലയാട് ക്യാമ്പസിലെ നാലാം വര്‍ഷ എല്‍ എല്‍ ബി വിദ്യാര്‍ത്ഥിയാണ് അലന്‍ ഷുഹൈബ്. ഒന്നാം വര്‍ഷ എല്‍ എല്‍ ബി വിദ്യാര്‍ത്ഥിയായ അഥിന്റെ നേതൃത്വത്തില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ബദ്രുദീനെ മര്‍ദ്ദിച്ചുവെന്നാരോപിച്ചാണ് പ്രശ്‌നങ്ങളുടെ തുടക്കം. മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അലന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥി കൂട്ടായ്മ ക്യാംപസില്‍ പ്രതിഷേധിക്കുകയായിരുന്നു.
2019 ലാണ് വിദ്യാര്‍ത്ഥികളായ അലന്‍ ഷുഹൈബിനേയും താഹ ഫസലിനേയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പന്തീരങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. യുഎപിഎ ചുമത്തിയ കേസ് ഒരു മാസത്തിനുള്ളില്‍ അന്വേഷണം എന്‍ ഐ എ ഏറ്റെടുത്തിരുന്നു.












Click it and Unblock the Notifications