പാനൂര്‍ വിഷ്ണുപ്രിയ വധക്കേസ്: അരും കൊലയില്‍ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി
കണ്ണൂർ: പാനൂര്‍ വിഷ്ണുപ്രിയ വധക്കേസില്‍ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം ശിക്ഷ. തലശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേരളത്തെ ഞെട്ടിച്ച വധക്കേസില്‍ ശിക്ഷ വിധിച്ചത്. കേസില്‍ പ്രതിക്കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൂത്തുപറമ്പ് മാനത്തേരി സ്വദേശിയാണ് പ്രതി ശ്യാംജിത്ത്. ഐ പി സി 302 (കൊലക്കുറ്റം), ഐ പി സി 449 (വീട്ടില്‍ അതിക്രമിച്ച് കയറല്‍) തുടങ്ങിയ കുറ്റങ്ങള്‍ പ്രതി ചെയ്തിട്ടുണ്ടെന്ന് പ്രോസിക്യൂഷന് കോടതിയില്‍ തെളിയിക്കാന്‍ സാധിച്ചു. രണ്ട് തടവും ഒരുമിച്ച് അനുഭവിച്ചാല്‍ മതി.
കൊലക്കുറ്റത്തിന് ജീവപര്യന്തം തടവും, വീട്ടില്‍ അതിക്രമിച്ച് കയറിയതിന് പത്ത് വർഷം തടവും വിധിച്ചിട്ടുണ്ട്. രണ്ട് ലക്ഷം രൂപ പിഴ അടക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടി തടവ് അനുഭവിക്കണം. ഐ പി സി 449 പ്രകാരം 25000 രൂപയും പിഴ അടയ്ക്കണം. ഇതിന് തയ്യാറായില്ലെങ്കില്‍ ഒരു മാസം അധികമായി തടവില്‍ കഴിയണം. പരമാവധി ശിക്ഷ ആവശ്യപ്പെട്ടെങ്കിലും വിധി സ്വാഗതാർഹമ്മാണെന്ന് പ്രോസിക്യൂഷന്‍ കോടതി വിധിക്ക് പിന്നാലെ വ്യക്തമാക്കി.

2022 ഒക്ടോബർ 22ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകളോടൊപ്പം തന്നെ വിഷ്ണുപ്രിയയോടൊപ്പം വീഡിയോ കോളില്‍ സംസാരിച്ചുകൊണ്ടിരുന്ന സുഹൃത്തിന്റെ മൊഴിയും നിർണ്ണായകമായി. താനുമായി സംസാരിക്കുന്നതിനിടയിൽ ശ്യാംജിത് വിഷ്ണുപ്രിയയുടെ വീട്ടിൽ എത്തിയെന്നും ഫോൺ പെട്ടെന്ന് കട്ടായെന്നും സുഹൃത്ത് പൊലീസ് അറിയിക്കുകയായിരുന്നു.
സുഹൃത്തിന്റെ മൊഴി ലഭിച്ചതിന് പിന്നാലെ വൈകീട്ടോടെ തന്നെ പ്രതിയെ പിടികൂടുകയായിരുന്നു. സംഭവദിവസം രാവിലെ അമ്മയും സഹോദരിയും സമീപത്തെ ബന്ധുവീട്ടിൽ പോയതിനാൽ വിഷ്ണുപ്രിയ തനിച്ചായിരുന്നു വീട്ടില്‍ തനിച്ചായിരുന്നു. ഈ സമയത്താണ് പ്രതി വീട്ടിലേക്ക് എത്തുന്നത്. ഫോണിൽ സംസാരിച്ചുകൊണ്ടു കട്ടിലിൽ ഇരുന്ന വിഷ്ണുപ്രിയയുടെ തലയിൽ ചുറ്റികകൊണ്ട് അടിച്ചു ബോധം കെടുത്തിയ ശേഷം കത്തികൊണ്ട് തല അറുക്കുകയായിരുന്നു. ഇതോടൊപ്പം തന്നെ ദേഹമാസകലം കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു.
മരിച്ച ശേഷവും പ്രതി വിഷ്ണുപ്രിയയുടെ ശരീരത്തില്‍ പത്തോളം മുറിവുകളേല്‍പ്പിച്ചു. വിഷ്ണുപ്രിയയുടെ സഹോദരിക്കൊപ്പം ബികോം പഠിച്ചയാളായിരുന്നു ശ്യാംജിത്. ഇതുവഴിയുള്ള പരിചയമാണ് സൗഹൃദമായി മാറിയത്. എന്നാല്‍ പിന്നീട് വിഷ്ണുപ്രിയ അടുപ്പം കാണിക്കാത്തതായിരുന്നു വിരോധത്തിന് കാരണമായിരുന്നത്.












Click it and Unblock the Notifications