ഷാരോണ്‍ വധം: ഗ്രീഷ്മ കഷായത്തില്‍ കലര്‍ത്തിയത് പാരക്വിറ്റ്; ഫലമുണ്ടാകുമോ എന്ന് ഗൂഗിളില്‍ തപ്പി
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഷാരോണ്‍ കൊലപാതകത്തില്‍ മെഡിക്കല്‍ സംഘത്തിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. ഷാരോണിന് കഷായത്തില്‍ കലര്‍ത്തി നല്‍കിയത് കളനാശിനിയായി ഉപയോഗിക്കുന്ന പാരക്വിറ്റാണ് എന്ന് മെഡിക്കല്‍ സംഘം കോടതിയില്‍ മൊഴി നല്‍കി. നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എ എം ബഷീറിന് മുന്നിലാണ് ഡോക്ടര്‍മാര്‍ മൊഴി നല്‍കിയത്.
ഷാരോണിനെ ചികിത്സിച്ച മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരാണ് കോടതിയിലെത്തിയത്. ഏത് കളനാശിനിയാണ് ഷാരോണിന് ഗ്രീഷ്മ നല്‍കിയത് എന്നത് സംബന്ധിച്ച് വ്യക്തതയില്ലായിരുന്നു. ചില ഡിജിറ്റല്‍ തെളിവുകളും കോടതിക്ക് മുന്നിലെത്തിയിട്ടുണ്ട്. ഗ്രീഷ്മ വെബ് സെര്‍ച്ചിലൂടെ വിഷത്തിന്റെ പ്രവര്‍ത്തനരീതി പരിശോധിച്ചിരുന്നു എന്നാണ് പ്രോസിക്യൂഷന്റെ കണ്ടെത്തല്‍.

2022 ഒക്ടോബര്‍ 14 - ന് രാവിലെ പത്തരയ്ക്കാണ് ഗ്രീഷ്മ ഷാരോണിന് കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കുന്നത്. ഇതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പാരക്വിറ്റ് വിഷം മനുഷ്യശരീരത്തില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് മനസിലാക്കാനായി ഇന്റര്‍നെറ്റില്‍ തിരഞ്ഞിരുന്നു. 15 മില്ലി ലിറ്റര്‍ വിഷം ശരീരത്തില്‍ എത്തിയാല്‍ മരണം ഉറപ്പാണ് എന്ന് ഇതുവഴി ഗ്രീഷ്മ മനസിലാക്കിയിരുന്നു.
ഇതിന്റെ തെളിവാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. കൂടാതെ വിഷം ശരീരത്തില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം മേധാവി ഡോ. അരുണ കോടതിയില്‍ മൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്. മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മല്‍ കുമാറാണ് പാരക്വിറ്റ് കളനാശിനി വാങ്ങി നല്‍കിയത് എന്നാണ് പൊലീസ് പറയുന്നത്.
ഇതിന് മുന്‍പും ഷാരോണിനെ ഇല്ലാതാക്കാന്‍ ഗ്രീഷ്മ ശ്രമിച്ചിരുന്നു. ജ്യൂസില്‍ അമിത അളവില്‍ പാരസെറ്റാമോള്‍ നല്‍കിയായിരുന്നു ഇത്. അതിന് വേണ്ടിയും ഗ്രീഷ്മ വെബ് സെര്‍ച്ച് നടത്തിയിരുന്നു എന്ന് അന്വേഷണത്തില്‍ വ്യക്തമായി. പാരസെറ്റമോള്‍ എത്ര അളവില്‍ നല്‍കിയാലാണ് ശരീരത്തിന് ഹാനികരമാകുന്നതെന്ന് ഗൂഗിളില്‍ പരിശോധിച്ച് മനസിലാക്കി. ഈ ഡിജിറ്റല്‍ തെളിവുകളെല്ലാം കോടതിയില്‍ എത്തിയിട്ടുണ്ട്.
തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നിന്നാണ് ഷാരോണിന്റെയും ഗ്രീഷ്മയുടെയും മൊബൈല്‍ ഫോണുകളില്‍ നിന്ന് ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുത്തത്. കൂടാതെ ഷാരോണിന് നല്‍കിയ വിഷത്തിന്റെ കുപ്പിയും മറ്റ് തെളിവുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഷാരോണും ഗ്രീഷ്മയും തമ്മില്‍ ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇതിനിടെ ഒരു ആര്‍മി ഉദ്യോഗസ്ഥന്റെ വിവാഹാലോചന വന്നതോടെയാണ് ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കാന്‍ ശ്രമിച്ചത്.
ഗ്രീഷ്മയുടെ ആദ്യ ഭര്‍ത്താവ് മരിച്ച് പോകും എന്ന് ഒരു ജ്യോത്സ്യന്‍ പറഞ്ഞിരുന്നു. ഇതോടെ ഷാരോണിനെ കൊണ്ട് തന്നെ താലി കെട്ടിച്ച ശേഷമായിരുന്നു ഗ്രീഷ്മ കൃത്യം നടത്തിയത്. വെട്ടുകാട് പള്ളിക്ക് സമീപം വെച്ച് ഷാരോണ്‍ ഗ്രീഷ്മക്ക് കുങ്കുമം ചാര്‍ത്തുകയും ചെയ്തിരുന്നു. ഷാരോണിനെ താലികെട്ടിയശേഷം ഇരുവരും ഒരുമിച്ച് തൃപ്പരപ്പിലെ ഹോട്ടലില്‍ താമസിച്ചു. വാദത്തിനിടെ ഹോട്ടല്‍ മാനേജര്‍ കോടതിയിലെത്തി ഗ്രീഷ്മയെ തിരിച്ചറിഞ്ഞിരുന്നു.
പാറശ്ശാല സമുദായപ്പറ്റ് സ്വദേശിയാണ് ഷാരോണ്‍ രാജ്. തമിഴ്നാട്ടിലെ ദേവിയോട് സ്വദേശിനിയാണ് ഗ്രീഷ്മ. 2022 ഒക്‌ടോബര്‍ 14 നാണ് ഷാരോണിന് വിഷം കലര്‍ത്തിയ കഷായം നല്‍കുന്നത്. 11 ദിവസത്തെ വിദഗ്ധ ചികിത്സ നല്‍കിയിട്ടും ഷാരോണിന്റെ ജീവന്‍ രക്ഷിക്കാനായിരുന്നില്ല. ഗ്രീഷ്മയുടെ അമ്മ സിന്ധു കേസില്‍ രണ്ടാം പ്രതിയാണ്.












Click it and Unblock the Notifications