ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയുടെ ഹര്‍ജി തള്ളി സുപ്രീംകോടതി; 'ഇടപെടുന്നത് ശരിയല്ല'
ന്യൂദല്‍ഹി: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയുടേയും കൂട്ടാളികളുടേയും ഹര്‍ജി തള്ളി സുപ്രീം കോടതി. വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണം എന്ന ആവശ്യവുമായാണ് ഗ്രീഷ്മയും കൂട്ടുപ്രതികളുമായ അമ്മയും അമ്മാവനും സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ഈ ആവശ്യം സുപ്രീം കോടതി തള്ളുകയായിരുന്നു. ജസ്റ്റിസ് ദിപാങ്കര്‍ ദത്തയുടെ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
നെയ്യാറ്റിന്‍കരയില്‍ നിന്ന് നാഗര്‍കോവിലിലേക്ക് മാറ്റണം എന്നായിരുന്നു ഹര്‍ജിയില്‍ ഗ്രീഷ്മ ആവശ്യപ്പെട്ടിരുന്നത്. കുറ്റകൃത്യം നടന്ന സ്ഥലം തമിഴ്‌നാട്ടിലാണ് എന്നാണ് പൊലീസ് പറയുന്നത് എന്നും അതിനാല്‍ വിചാരണ മാറ്റണം എന്നുമായിരുന്നു ഗ്രീഷ്മയുടെ വാദം. കുറ്റപത്രം സ്വീകരിച്ചതിനെതിരെ വിചാരണ കോടതിയെ വീണ്ടും സമീപിക്കാന്‍ ഹൈക്കോടതി പ്രതികളോട് പറഞ്ഞിരുന്നു.

ഈ സാഹചര്യത്തില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ ഇടപെടുന്നത് ശരിയല്ല എന്ന് സുപ്രീംകോടതി പറഞ്ഞു. ഗ്രീഷ്മ ഉള്‍പ്പടെയുള്ള പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകരായ ശ്രീറാം പറകാട്, സതീഷ് മോഹന്‍ എന്നിവരാണ് ഹാജരായത്. എവിടെയാണോ കുറ്റകൃത്യം നടക്കുന്നത് ആ സ്ഥലത്തിന്റെ പരിധിയിലുള്ള കോടതിയാണ് കേസ് പരിഗണിക്കേണ്ടതെന്ന് ക്രിമിനല്‍ നടപടി ചട്ടത്തിലെ 177-ാം വകുപ്പില്‍ പറഞ്ഞിട്ടുണ്ട്.
ഷാരോണ്‍ മരിച്ചത് തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജില്‍ ആയതുകൊണ്ട് മാത്രം കേസ് തിരുവനന്തപുരം കോടതിക്ക് പരിഗണിക്കാനാകില്ലെന്നും ഗ്രീഷ്മയുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. കന്യാകുമാരി ജില്ലയിലെ പൂമ്പള്ളിക്കോണത്താണ് പ്രതികളുടെ വീട്. കേസിലെ നടപടികള്‍ കേരളത്തില്‍ നടക്കുന്നത് പ്രതികള്‍ക്ക് ലഭിക്കേണ്ട നീതി ഉറപ്പാക്കാന്‍ തടസമാകും എന്നും അഭിഭാഷകര്‍ പറഞ്ഞു.
കന്യാകുമാരിയില്‍ നിന്ന് വിചാരണ നടപടികള്‍ക്കായി കേരളത്തിലേക്ക് എത്തുന്നതിന് പ്രയോഗിക ബുദ്ധിമുട്ടുകളുണ്ട് എന്ന് ഹര്‍ജിയില്‍ ഗ്രീഷ്മ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ വിചാരണ കോടതിയിലാണ് പറയേണ്ടത് എന്നായിരുന്നു സുപ്രീം കോടതി പറഞ്ഞത്. കാമുകനായ ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തി എന്നാണ് കേസ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു സംഭവം.
മറ്റൊരു വിവാഹാലോചന വന്നതോടെയാണ് ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചത്. നേരത്തെ ജ്യൂസില്‍ പാരസെറ്റാമോള്‍ കലര്‍ത്തി ഷാരോണിനെ ഇല്ലാതാക്കാന്‍ ഗ്രീഷ്മ ശ്രമിച്ചിരുന്നു. എന്നാല്‍ ഇത് ഫലം കണ്ടില്ല. ഇതോടെയാണ് കഷായത്തില്‍ കീടനാശിനി കലര്‍ത്തി ഷാരോണിനെ ഇല്ലാതാക്കാന്‍ ഗ്രീഷ്മ പദ്ധതിയിട്ടത്. സ്വന്തം വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് ഗ്രീഷ്മ ഷാരോണിനെ ഇല്ലാതാക്കിയത്.
കേസില്‍ അധികം വൈകാതെ തന്നെ ഗ്രീഷ്മ പിടിയിലായിരുന്നു. അതിനിടെ ഗ്രീഷ്മ പൊലീസ് കസ്റ്റഡിയില്‍ കഴിയവെ ബാത്‌റൂം ക്ലീനര്‍ കഴിച്ച് ആത്മഹത്യാശ്രമം നടത്തുകയും ചെയ്തു. 11 മാസം ജയിലില്‍ കഴിഞ്ഞതിന് ശേഷമാണ് ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചത്.












Click it and Unblock the Notifications