ഗ്രീഷ്മയെ തൂക്കിക്കൊല്ലണം, അമ്മയും കുറ്റക്കാരി.. വെറുതെ വിട്ടതെന്തിന്? ഷാരോണിന്റെ കുടുംബം
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയുടെ അമ്മയും രണ്ടാം പ്രതിയുമായ സിന്ധുവിനെ വെറുതെ വിട്ടതില്‍ പ്രതികരണവുമായി ഷാരോണിന്റെ മാതാപിതാക്കള്‍. സിന്ധുവിനെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കും എന്ന് ഷാരോണിന്റെ മാതാപിതാക്കളായ പ്രിയയും ജയരാജും പറഞ്ഞു. പൂര്‍ണമായും നീതി കിട്ടിയില്ല എന്നും പ്രിയ പറഞ്ഞു.
ഗ്രീഷ്മക്ക് വധശിക്ഷ തന്നെ നല്‍കണം. പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയെങ്കിലും പൂര്‍ണമായും നീതി കിട്ടിയില്ല. സിന്ധുവിനെ വിട്ടയച്ചതിനെതിരെ ശിക്ഷാ വിധി വന്നശേഷം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. ഗ്രീഷ്മയുടെ അമ്മയും കുറ്റക്കാരിയല്ലേ? ഗ്രീഷ്മയുടെ അമ്മയും കൂടി ചേര്‍ന്നല്ലേ എല്ലാം ചെയ്തത്. പിന്നെന്തിനാണ് അവരെ വെറുതെ വിട്ടത്?' അമ്മ ചോദിച്ചു.

അവരെ വെറുതെ വിടരുതായിരുന്നു എന്നും പ്രിയ കൂട്ടിച്ചേര്‍ത്തു. സിന്ധുവിനെ ശിക്ഷിക്കാത്തതില്‍ വിഷമമുണ്ട് എന്നും ഹൈക്കോടതിയെ സമീപിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും ഷാരോണിന്റെ അച്ഛന്‍ ജയരാജും പ്രതികരിച്ചു. അതേസമയം ഗ്രീഷ്മ കുറ്റക്കാരിയാണെന്ന കോടതി വിധി പ്രതീക്ഷിച്ചിരുന്നതാണ് എന്നും കുടുംബം വ്യക്തമാക്കി. ഗ്രീഷ്മയെയും അമ്മാവനെയും ശിക്ഷിക്കുമെന്നത് ബോധ്യമായി.
അമ്മയെ വെറുതെ വിട്ടതില്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കും എന്നും കുടുംബം പറഞ്ഞു. നാളത്തെ വിധിയില്‍ കുറ്റക്കാര്‍ക്ക് പരമാവധി ശിക്ഷ തന്നെ കൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ഷാരോണിന്റെ മാതാപിതാക്കള്‍ പറഞ്ഞു. ഗ്രീഷ്മയെ അത്രയ്ക്ക് ഇഷ്ടമായിരുന്നു ഷാരോണിന് എന്നും അതുകൊണ്ടാണ് മജിസ്ട്രേറ്റിനോട് മരണക്കിടക്കയില്‍ കിടക്കുമ്പോഴും അവളുടെ പേര് പോലും പറയാതിരുന്നത് എന്നും ജയരാജ് പറഞ്ഞു.
ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതി അമ്മാവന്‍ നിര്‍മ്മലകുമാറും കുറ്റക്കാരാണെന്നാണ് നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി കണ്ടെത്തിയത്. ശനിയാഴ്ചയാണ് കോടതി ഇവര്‍ക്കുള്ള ശിക്ഷ പ്രഖ്യാപിക്കുക. ഷാരോണിന്റെ കാമുകിയായിരുന്നു ഗ്രീഷ്മ. ഒരു സൈനികന്റെ വിവാഹാലോചന വന്നതോടെയാണ് ഷാരോണിനെ ഒഴിവാക്കാനായി കഷായത്തില്‍ വിഷം കലര്‍ത്തി കൊടുത്ത് കൊലപ്പെടുത്തിയത്.
ഇതിന് മുന്‍പ് ജ്യൂസില്‍ അമിത അളവില്‍ പാരസെറ്റാമോള്‍ കൊടുത്തും ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇത് വിജയിച്ചില്ല. ഇതോടെയാണ് ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്ക് വിളിച്ച് വരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി കൊടുത്തത്. 2022 ഒക്ടോബര്‍ 14 ന് ആയിരുന്നു സംഭവം. ഒക്ടോബര്‍ 25 നാണ് ഷാരോണ്‍ മരണപ്പെടുന്നത്.
മജിസ്‌ട്രേറ്റിന് നല്‍കിയ മരണ മൊഴിയില്‍ ഗ്രീഷ്മക്കെതിരെ ഷാരോണ്‍ ഒന്നും പറഞ്ഞിരുന്നില്ല. ഷാരോണിന്റെ മരണശേഷം നിയോഗിച്ച പ്രത്യേക സംഘത്തിന് ഫോറന്‍സിക് ഡോക്ടര്‍മാര്‍ കൈമാറിയ ശാസ്ത്രീയ തെളിവുകള്‍ ആണ് കേസ് തെളിയിക്കുന്നതില്‍ നിര്‍ണായകമായത്.












Click it and Unblock the Notifications