പറവൂര്‍ പീഡനം: മാതാപിതാക്കള്‍ക്ക് തടവ് ശിക്ഷ
എറണാകുളം: സ്വന്തം മകളെ പെണ്‍വാണിഭത്തിന് ഉപയോഗിച്ച മാതാപിതാക്കള്‍ക്ക് തടവ് ശിക്ഷ. പറവൂര്‍ പീഡന കേസിലാണ് എറണാകുളം സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.
പെണ്‍കുട്ടിയുടെ പിതാവ് സുധീറിന് 14 വര്‍ഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. മാതാവ് സുബൈദക്ക് ഏഴ് വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. കേസിലെ പ്രതികളായ സിനിമ നിര്‍മാതാവിനും സഹ സംവിധായകനും ശിക്ഷ വിധിച്ചിട്ടുണ്ട്.

സിനിമ മോഹങ്ങള്‍ നല്‍കിയാണ് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ പലര്‍ക്കും കാഴ്ചവച്ചത്. സിനിമ നിര്‍മാതാവ് ജനത വിജയന്‍, സഹസംവിധായകന്‍ ബിജു നാരായണന്‍ എന്നിവര്‍ക്ക് കോടതി ഏഴ് വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. മറ്റൊരു പ്രതിയായ മനോജിന് അഞ്ച് വര്‍ഷം തടവും ഇരുപത്തയ്യായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
മുഖ്യപ്രതിയായ പെണ്‍കുട്ടിയുടെ പിതാവ് സുധീര്‍ ഒന്നേകാല്‍ ലക്ഷം രൂപ പിഴ അടക്കണം. മാതാവ് ഇരുപത്തി അയ്യായിരം രൂപയും. അഞ്ച് പ്രതികള്‍ക്കാണ് കോടതി ശിക്ഷ വിധിച്ചിട്ടുള്ളത്.
പീഡനവുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ ഇടനിലക്കാരിയായ ഓമനയെ കോടതി തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു. ഈ കേസില്‍ നിന്ന് പെണ്‍കുട്ടിയുടെ മാതാവിനേയും ഒഴിവാക്കിയിട്ടുണ്ട്.
പറവൂര്‍ പീഡന കേസില്‍ 54 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 16 എണ്ണത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. എട്ട് കേസില്‍ ഇപ്പോള്‍ വിചാരണ പൂര്‍ത്തിയായിട്ടുണ്ട്.












Click it and Unblock the Notifications