പരവൂര്‍ ദുരന്തം; തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടിയായേക്കും
കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍വെച്ചുണ്ടായ വെടിക്കെട്ട് ദുരന്തം ദിവസങ്ങള്‍ കഴിയുംതോറും സര്‍ക്കാരിന് കുരുക്കാകുന്നു. ആദ്യത്തെ രണ്ടുദിവസം ദുരന്തത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ സജീവമായെങ്കില്‍ കളക്ടറും എഡിഎമ്മും പോലീസിനെതിരെ തിരിഞ്ഞതോടെ പ്രതിപക്ഷ കക്ഷികളും സര്‍ക്കാരിനെതിരെ ആരോപണവുമായി രംഗതെത്തിയിരിക്കുകയാണ്.

ദുരന്തം സംഭവിച്ച് മണിക്കൂറുകള്‍ക്കകം പോലീസും സര്‍ക്കാര്‍ സംവിധാനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ വാഗ്ദാനം ചെയ്തും, മരണമടഞ്ഞവര്‍ക്ക് 10 ലക്ഷം രൂപ വീതം വാഗ്ദാനം ചെയ്തും, ദുരന്തത്തെ തുടര്‍ന്ന് അനാഥരായവരെ ഏറ്റെടുത്തും സര്‍ക്കാര്‍ കൈയ്യടി നേടിയിരുന്നു.
എന്നാല്‍, ദുരന്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം പോലീസാണെന്ന കളക്ടറുടെ റിപ്പോര്‍ട്ടും എഡിഎമ്മിന്റെ പരാമര്‍ശവും സര്‍ക്കാരിനെ അക്ഷരാര്‍ഥത്തില്‍ പ്രതിരോധത്തിലാഴ്ത്തിയിരിക്കുകയാണ്. ഇത് ഏറ്റുപിടിച്ച് ആഭ്യന്തരമന്ത്രി രാജിവെക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടതോടെ മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ പഴുതുകള്‍ തേടുകയാണ്.
ദുരന്തത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്ന മുഖ്യമന്ത്രിയുടെ അപേക്ഷാ സ്വരം ഇതിന്റെ തെളിവാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുണ്ടായ ദുരന്തം യുഡിഎഫിനെ കാര്യമായി ബാധിക്കാനാണ് സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു. കോണ്‍ഗ്രസ് നേതാവ് പീതാംബര കുറുപ്പാണ് വെടിക്കെട്ടിന് അനുമതി വാങ്ങിത്തന്നതെന്ന ക്ഷേത്രം ഭാരവാഹികളുടെ അനൗണ്‍സ്‌മെന്റ് പുറത്തുവന്നിരുന്നു. ഇതും തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെതിരെ ആയുധമാക്കാന്‍ പ്രതിപക്ഷം ഉപയോഗിക്കുമെന്നുറപ്പാണ്. തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഏറ്റവും വലിയ തിരിച്ചടി കിട്ടിയ ജില്ലയാണ് കൊല്ലം. പരവൂര്‍ ദുരന്തത്തില്‍ ആരോപണം ഉയരുന്നതോടെ സിബിഐയെ അന്വേഷണ ചുമതല ഏല്‍പ്പിച്ച് തല്‍ക്കാലം തടി രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമം.












Click it and Unblock the Notifications