ആരോഗ്യവകുപ്പിലെ പാർട്ടി നിയമനം: മന്ത്രിയുടെ അവകാശവാദം തെറ്റ്; സംവാദത്തിന് വെല്ലുവിളിച്ച് യൂത്ത് ലീഗ്
കോഴിക്കോട്: ആയുർവ്വേദ വകുപ്പിൽ തൊള്ളായിരം പാർട്ടി നിയമനങ്ങൾ നടന്നു എന്ന മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിൻ്റെ ആരോപണം തെറ്റാണെന്ന് വാദിച്ച ആരോഗ്യ മന്ത്രിയെ പരസ്യ സംവാദത്തിന് വെല്ലുവിളിക്കുന്നുവെന്ന് മുസ്‌ലിം യൂത്ത് ലീഗ് നാഷണൽ ഓർഗനൈസിങ് സെക്രട്ടറി ടിപി അഷ്റഫലി. പിണറായി ഭരണത്തിൽ സിപിഐഎം റിക്രൂട്ടിംഗ് ഏജൻസിയായി മാറിയ കാര്യം എവിടെയും തെളിയിക്കാൻ സജ്ജമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആയൂഷ് മിഷന്റെ കീഴിൽ എടക്കര കൗക്കാട് ആയൂർവേദ ആശുപത്രിയിൽ ആരോഗ്യവകുപ്പ് നടത്തിയ 13 പിൻവാതിൽ നിയമനങ്ങൾക്കെതിരെ നിലമ്പൂർ നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മറ്റി ആശുപത്രിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മാനദണ്ഡങ്ങൾ പാലിച്ചാണ് നിയമനം നടത്തിയത് എന്ന ആരോഗ്യമന്ത്രിയുടെ വാദം തെളിയിക്കാനാണ് യൂത്ത്ലീഗ് മന്ത്രിയെ പരസ്യമായി സംവാദത്തിന് വെല്ലുവിളിച്ചത്.

വകുപ്പ് ഭരിക്കാൻ അറിയാത്ത വീണജോർജ്ജ് സി പി എം പാർട്ടി നേതാക്കൾ നൽകുന്ന ലിസ്റ്റ് പ്രകാരം പാർട്ടിക്കാരെ നിയമിക്കുകയാണ്. എടക്കര ആയുർവ്വേദ ആശുപത്രിയിലെ മുഴുവൻ പിൻവാതിൽ നിയമനങ്ങളും റദ്ദ് ചെയ്ത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി സുതാര്യമായ നിയമനം നടത്താത്ത പക്ഷം യൂത്ത് ലീഗും മുസ്ലിം ലീഗും തുടർ സമരങ്ങളുമായി രംഗത്തുണ്ടാവുമെന്നും ടി പി അഷ്റഫലി പറഞ്ഞു.
അതേസമയം, പികെ ഫിറോസിന്റെ വാദങ്ങളെ തള്ളിക്കൊണ്ടായിരുന്നു ആരോഗ്യ മന്ത്രി വീണ ജോർജ് കഴിഞ്ഞ ദിവസം രംഗത്ത് വന്നത്. ആയുര്‍വേദ -ഹോമിയോ വകുപ്പുകളില്‍ കൂട്ട പിന്‍വാതില്‍ നിയമനമെന്ന ഫിറോസിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് മന്ത്രി വ്യക്തമാക്കി. ആയുഷ് വകുപ്പിലെ നിയമനങ്ങളെപ്പറ്റിയുള്ള ഫിറോസിന്റെ ആരോപണം വസ്തുതാ വിരുദ്ധവും ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതും രാഷ്ട്രീയ ലക്ഷ്യംവെച്ചുളള നീക്കവുമാണെന്നും മന്ത്രി വിശദീകരിച്ചു.
നാഷണല്‍ ആയുഷ് മിഷനിലെ നിയമനങ്ങളെല്ലാം തന്നെ കൃത്യമായ മാനദണ്ഡങ്ങളനുസരിച്ചാണ് നടത്തുന്നത്. പത്ര പരസ്യം നല്‍കി അപേക്ഷ ക്ഷണിച്ച് പരീക്ഷയും ഇന്റര്‍വ്യൂവും നടത്തിയാണ് നിയമനം നടത്തുന്നത്. 20 ല്‍ കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ മാനദണ്ഡമനുസരിച്ച് പരീക്ഷയും നിര്‍ബന്ധമാണ്. ആരോഗ്യ മേഖലയിലെ സ്ഥിരം തസ്തികകളില്‍ നിയമനം നടത്തുന്നത് പി എസ് സി വഴിയാണ്. എന്നാല്‍ സ്ഥിരം തസ്തികകളില്‍ ഒഴിവ് വരുമ്പോള്‍ പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലില്ലാത്ത സാഹചര്യത്തില്‍ അത്തരം തസ്തികകളില്‍ എംപ്ലോയ്മെന്റ് എക്സേഞ്ച് വഴി ആളുകളെ നിയമിക്കാറുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications