'പാര്‍ട്ടി നേതൃത്വത്തിന് എല്ലാമറിയാം', സമയം വരുമ്പോള്‍ എല്ലാ സത്യവും വെളിപ്പെടുത്തുമെന്ന് ചാണ്ടി ഉമ്മൻ
ചിലര്‍ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്ന് ചാണ്ടി ഉമ്മൻ

കോട്ടയം: അസുഖ ബാധിതനായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും പ്രചാരണങ്ങളുമാണ് ഉയർന്നിട്ടുളളത്. കുടുംബം അദ്ദേഹത്തിന് ചികിത്സ നിഷേധിക്കുന്നതായി ആരോപിച്ച് ഉമ്മൻചാണ്ടിയുടെ സഹോദരൻ തന്നെ രംഗത്ത് വന്നിരുന്നു.
ഇതുമായി ബന്ധപ്പെട്ട വിവാദം കത്തുന്നതിനിടെ പ്രതികരണവുമായി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ രംഗത്ത് വന്നിരിക്കുകയാണ്. അദ്ദേഹത്തെ ചികിത്സയ്ക്കായി നാളെ ബെംഗളൂരുവിലേക്ക് കൊണ്ട് പോവുകയാണ്. സമയം വരുമ്പോൾ സത്യം വെളിപ്പെടുത്തുമെന്ന് ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

എന്താണ് കേരളത്തില്‍ നടക്കുന്നത്
അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് വളരെ അധികം കണ്‍സേണ്‍ ഉണ്ടെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ''അദ്ദേഹം ന്യൂമോണിയ ബാധിതനായിരുന്നു. എന്താണ് കേരളത്തില്‍ നടക്കുന്നത്. വളരെ ദുഖപൂര്‍ണമായ ഒരു ക്യാംപെയ്ന്‍ ഇവിടെ നടന്നു. കഴിഞ്ഞ 53 വര്‍ഷം അദ്ദേഹം എംഎല്‍എ ആയിരിക്കുന്ന പുതുപ്പള്ളിയില്‍ നിന്നടക്കം നൂറുകണക്കിന് ആളുകള്‍ ഇവിടെ വന്നിരിക്കുകയാണ്. അത് വഴി അദ്ദേഹത്തിന് ന്യൂമോണിയ കിട്ടി''.

വ്യാജ പ്രചരണങ്ങളും വാര്‍ത്തകളും
''ന്യൂമോണിയ ബാധിതനായി അദ്ദേഹം ആശുപത്രിയില്‍ കിടക്കുമ്പോഴും ഈ ക്യാംപെയ്ന്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഈ പ്രായത്തില്‍ ന്യൂമോണിയ വന്നാല്‍ അദ്ദേഹത്തിന്റെ ശരീരത്തെ അത് എത്രത്തോളമാണ് ബാധിക്കുക. ഒരു ചികിത്സയോടും തങ്ങള്‍ക്ക് എതിര്‍പ്പില്ല. പക്ഷേ വ്യാജ പ്രചരണങ്ങളും വാര്‍ത്തകളും പടച്ച് വിടുന്നത് ശരിയല്ല''.

കോണ്‍ഗ്രസ് നേതൃത്വത്തോട് നന്ദി
''ഇതുവരെയുളള എല്ലാ ചികിത്സയുടേയും റെക്കോര്‍ഡ്‌സ് തന്റെ കയ്യിലുണ്ട്. ഏതൊക്കെ ട്രീറ്റ്‌മെന്റ് എന്തുകൊണ്ട് എടുത്തു എന്ന് തനിക്ക് വ്യക്തമായി പറയാന്‍ സാധിക്കും. പാര്‍ട്ടി നേതൃത്വത്തെ ബോധിപ്പിച്ചിട്ടുള കാര്യമാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ ജര്‍മ്മനിയില്‍ കൊണ്ട് പോകാനുളള സഹായം ചെയ്തത്. കോണ്‍ഗ്രസ് നേതൃത്വത്തോട് നന്ദി പറയുന്നു''.

ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നു
''തന്റെ പിതാവ് ഏതെങ്കിലുമൊരു ട്രീറ്റ്‌മെന്റ് എടുത്തിട്ടുണ്ടെങ്കിലത് അദ്ദേഹത്തിന്റെ തീരുമാന പ്രകാരമാണ്. 2015ല്‍ അദ്ദേഹത്തിന് ആദ്യമായി പ്രശ്‌നം വരുമ്പോള്‍ അദ്ദേഹം കേരള മുഖ്യമന്ത്രിയാണ്. 19ലും അദ്ദേഹമാണ് തീരുമാനമെടുത്തത്. അതിലും ചിലര്‍ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നു. എന്തിനാണെന്ന് അറിയില്ല. ന്യൂമോണിയ മാറിയിട്ടുണ്ട് എങ്കിലും അദ്ദേഹം ക്ഷീണിതനാണ്. അദ്ദേഹത്തിന് എങ്ങനെ മികച്ച ചികിത്സ കൊടുക്കണം എന്നതാണ് തങ്ങള്‍ ആലോചിക്കുന്നത്''.

എല്ലാ സത്യവും വെളിപ്പെടുത്തും
''കുടുംബം അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് സഹകരിക്കുന്നില്ല എന്നൊക്കെയാണ് വാര്‍ത്തകള്‍. തന്റെ പിതാവിന്റെ കാര്യത്തില്‍ തനിക്ക് അല്ലാതെ വേറെ ആര്‍ക്കാണ് താല്‍പര്യം. അദ്ദേഹത്തെ ചികിത്സിക്കുന്നത് പാര്‍ട്ടി സഹായത്തോടെയാണ്. ബെംഗളൂരുവിലേക്ക് കൊണ്ട് പോകുന്നതും പാര്‍ട്ടി പിന്തുണയോടെയാണ്. പാര്‍ട്ടി നേതൃത്വത്തിന് എല്ലാ കാര്യവും അറിയാം. സമയം വരുമ്പോള്‍ എല്ലാ സത്യവും വെളിപ്പെടുത്തുന്നതായിരിക്കും''.

രേഖ വ്യാജ രേഖയുണ്ടാക്കി
അതിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. പിതാവിന്റെ ചികിത്സയും അതില്‍ നിന്നുളള മോചനവുമാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നത്. ചികിത്സാ വിവരങ്ങള്‍ സമയമാകുമ്പോള്‍ പുറത്ത് വിടും. ആശുപത്രി രേഖ വ്യാജ രേഖയുണ്ടാക്കിയാണ് പ്രചരണം. അദ്ദേഹത്തോടും കുടുംബത്തോടും ഇത്ര ക്രൂരമായ ഇടപെടല്‍ എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഏത് തരം ചികിത്സ എടുക്കണം എന്നുളളത് ആ വ്യക്തിയുടേയും കുടുംബത്തിന്റേയും തീരുമാനമാണ് എന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.












Click it and Unblock the Notifications