പാര്‍ട്ടിയുടെ വളര്‍ച്ച കേരളത്തില്‍ മാത്രം, ബംഗാളിലും ത്രിപുരയിലും ശോഷിച്ചെന്ന് സംഘടനാ റിപ്പോര്‍ട്ട്
കണ്ണൂര്‍: പാര്‍ട്ടിയുടെ വളര്‍ച്ച കേരളത്തില്‍ ഒഴിച്ച് വേറൊരിടത്തും ഇല്ലെന്ന് സിപിഎം സംഘടനാ റിപ്പോര്‍ട്ട്. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ പാര്‍ട്ടിക്ക് കാര്യമായിട്ടുള്ള വളര്‍ച്ച നേടാനായിട്ടുണ്ടെങ്കില്‍ അത് കേരളത്തില്‍ നിന്ന് മാത്രമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്താകെയുള്ള അംഗത്വത്തില്‍ പകുതിയിലേറെയും കേരളത്തില്‍ നിന്നാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചു. 2017നെ അപേക്ഷിച്ച് അംഗങ്ങളുടെ കുറവാണ് പാര്‍ട്ടിക്ക് ഉണ്ടായിരിക്കുന്നത്. 2017ലെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമയത്ത് 10,25352 അംഗങ്ങളുണ്ടായിരുന്നു സിഎമ്മിന്. അതിപ്പോള്‍ 9,85757 അംഗങ്ങളായി കുറഞ്ഞിരിക്കുകയാണ്.

അതേസമയം കേരളത്തിലെ പാര്‍ട്ടി അംഗങ്ങളുടെ എണ്ണം കാര്യമായി വര്‍ധിച്ചിട്ടുണ്ട്. കേരളത്തില്‍ ഇതേ കാലയളവില്‍ 4,63472 പാര്‍ട്ടിയംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇത് 5,27174 ആയി വര്‍ധിച്ചിരിക്കുകയാണ്. എന്നാല്‍ ഇതേ തോതിലുള്ള വളര്‍ച്ചയൊന്നും മറ്റൊരു സംസ്ഥാനത്തുമില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടതുകോട്ടയായിരുന്ന പശ്ചിമ ബംഗാളില്‍ 2017ലെ കണക്ക് പ്രകാരം 2,08923 അംഗങ്ങളുണ്ടായിരുന്നു. ഇതില്‍ വലിയ ഇടിവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. 1,60827 അംഗങ്ങളായിട്ടാണ് കുറഞ്ഞത്. ത്രിപുരയിലും അംഗസംഖ്യ പകുതിയായി കുറഞ്ഞു. 2017ല്‍ 97990 അംഗങ്ങള്‍ പാര്‍ട്ടിക്കുണ്ടായിരുന്നു. ഇപ്പോള്‍ 50612 അംഗങ്ങള്‍ മാത്രമാണ് ഉള്ളത്.
മറ്റിടത്തും സ്ഥിതി ദയനീയമാണ്. ആന്ധ്രപ്രദേശില്‍ അംഗസംഖ്യ കാല്‍ലക്ഷമായിരുന്നു. ഇപ്പോള്‍ 23130 അംഗങ്ങളായി കുറഞ്ഞു. കര്‍ണാടകത്തില്‍ നേരത്തെ 9190 അംഗങ്ങളുള്ളത് 8052 ആയിട്ടാണ് കുറഞ്ഞത്. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്. 2017ല്‍ 12458 പേരായിരുന്നു മഹാരാഷ്ട്രയില്‍ അംഗങ്ങളായിട്ടുള്ളത്. ഇത് 12807 അംഗങ്ങളായിഉയര്‍ന്നു. തമിഴ്‌നാട്ടില്‍ അംഗസംഖ്യ 93982 ആയും ഉയര്‍ന്നു. അഞ്ച് വര്‍ഷം മുമ്പ് 93780 ആയിരുന്നു അംഗങ്ങളുടെ എണ്ണം. ബീഹാറില്‍ 18590 പേര്‍ ഉള്ളത് 19400 ആയി വര്‍ധിച്ചു. ഗുജറാത്തില്‍ 3718ല്‍ നിന്ന് 3724 ആയി വര്‍ധിച്ചു. ഹിമാചല്‍ പ്രദേശില്‍ 2016ല്‍ നിന്ന് 2205 പേരായിട്ടാണ് ഉയര്‍ന്നത്.
കര്‍ഷക പ്രക്ഷോഭം കൊണ്ട് ചെറിയ നേട്ടങ്ങള്‍ പാര്‍ട്ടിക്കുണ്ടായിട്ടുണ്ടുണ്ട്. പഞ്ചാബിലും രാജസ്ഥാനിലും അംഗസംഖ്യ ഭേദപ്പെട്ട രീതിയില്‍ വര്‍ധിച്ചു. ഡല്‍ഹിയിലും ചെറിയ തോതില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. പാര്‍ട്ടിക്ക് സാന്നിധ്യമുള്ള തെലങ്കാനയില്‍ പക്ഷേ അംഗങ്ങള്‍ കുറഞ്ഞു. 35170 അംഗങ്ങള്‍ പാര്‍ട്ടിക്കുണ്ടായിരുന്നു. ഇത് 32177 ആയി കുറഞ്ഞു. ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഒഡീഷ, ജമ്മു കശ്മീര്‍, ഛത്തീസ്ഗഡ്, അസം, എന്നിവിടങ്ങളിലെല്ലാം അംഗങ്ങള്‍ വല്ലാതെ കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചു. അതേസമയം കേരളത്തില്‍ ഭരണത്തുടര്‍ച്ച നേടിയെങ്കിലും പാര്‍ട്ടി അംഗങ്ങളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്ര നിലവാരം ഉയര്‍ത്തണമന്ന് സിപിഎം കേന്ദ്ര നേതൃത്വം പറഞ്ഞു. അഴിമതി, അഹംഭാവം, ഉദ്യോഗസ്ഥ പ്രവണത തുടങ്ങിയ തെറ്റായ നടപടികള്‍ക്കെതിരെ ജാഗ്രത വേണമെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.












Click it and Unblock the Notifications