ജീവനക്കാരെ കയ്യേറ്റം ചെയ്തു: ലണ്ടന്‍ വിമാനം ദില്ലിയില്‍ തിരിച്ചിറക്കി, യാത്രക്കാരന്‍ അറസ്റ്റില്‍
ദില്ലി: യാത്രക്കാരന്‍ ജീവനക്കാരോട് മോശമായി പെരുമാറിയതിനെ തുടർന്ന് പറന്നുയർന്ന എയർ ഇന്ത്യ വിമാനം ദില്ലി വിമാനത്താവളത്തില്‍ തിരിച്ചിറക്കി. ദില്ലി ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട വിമാനമാണ് യാത്രക്കാരന്റെ പെരുമാറ്റത്തെ തുടർന്ന് തിരിച്ചിറക്കിയതെന്നാണ് എയർ ഇന്ത്യ വ്യക്തമാക്കുന്നത്. കാബിന്‍ ക്രൂ അംഗങ്ങളെ യാത്രക്കാരന്‍ അക്രമിച്ചുവെന്നും വിമാന കമ്പനി അധികൃതർ വ്യക്തമാക്കുന്നു.
തിരിച്ച് ഇറക്കിയ വിമാനത്തില്‍ നിന്നും യാത്രക്കാരനെ ഇറക്കിവിടുകയും പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഹീത്രൂവിലേക്കുള്ള വിമാനം പറന്നുയർന്ന് അല്‍പ്പസമയത്തിന് പിന്നാലെയാണ് യാത്രക്കാരന്‍ കാബിന്‍ ക്രൂ അംഗങ്ങളോട് മോശമായി പെരുമാറിയത്.

'വാക്കാലുള്ളതും രേഖാമൂലമുള്ളതുമായ മുന്നറിയിപ്പുകൾക്ക് ചെവികൊടുക്കാതെ, രണ്ട് ക്യാബിൻ ക്രൂ അംഗങ്ങളെ ശാരീരിക ഉപദ്രവമുണ്ടാക്കുന്നതുൾപ്പെടെയുള്ള അനിയന്ത്രിതമായ പെരുമാറ്റം യാത്രക്കാരൻ തുടർന്നു. ഇതേ തുടർന്ന് വിമാനം ദില്ലിയിലേക്ക് തിരിച്ചിറക്കാന്‍ പൈലറ്റ് തീരുമാനിക്കുകയും യാത്രക്കാരനെ ലാൻഡിംഗിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്തു. സംഭവത്തില്‍ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്," എയർലൈൻ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
വിമാനത്തിലുള്ള എല്ലാവരുടെയും സുരക്ഷയും അഭിമാനവും എയർ ഇന്ത്യയ്ക്ക് പ്രധാനമാണെന്ന് വ്യക്തമാക്കിയ കമ്പനി യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുകയും വിമാനം ഇന്ന് ഉച്ചയ്ക്ക് ലണ്ടനിലേക്ക് പുറപ്പെടുന്നതിന് പുനഃക്രമീകരിച്ചതായും അറിയിച്ചു. എയർ ഇന്ത്യ ബോയിംഗ് 787 വിമാനം രാവിലെ 6.35 ന് പറന്നുയർന്ന് 9.42 ന് ഡൽഹിയിൽ തിരിച്ചെത്തിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (ഡിജിസിഎ) അറിയിച്ചു. സംഭവത്തെക്കുറിച്ച് സിവിൽ ഏവിയേഷൻ റെഗുലേറ്ററും അന്വേഷണം നടത്തും.
പാക്കിസ്ഥാനിലെ പെഷവാറിന് സമീപത്തൂടെ പറക്കുമ്പോഴാണ് വിമാനം ഇന്ത്യയിലേക്ക് മടങ്ങിയതെന്നാണ് ഏവിയേഷൻ ഫ്ലൈറ്റ് ട്രാക്കർ ആപ്ലിക്കേഷനായ ഫ്ലൈറ്റ്‌റാഡാർ 24 സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications