പത്തനംതിട്ടയില്‍ ശബരിമല തീര്‍ത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ചു; നവദമ്പതികളടക്കം നാല് പേര്‍ മരിച്ചു
പത്തനംതിട്ട: പത്തനംതിട്ടയില്‍ ബസും കാറും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ നാല് പേരാണ് മരിച്ചത്. ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസുമായാണ് ഇവര്‍ സഞ്ചരിച്ച കാര്‍ കൂട്ടിയിടിച്ചത്. മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പന്‍, അനു, നിഖില്‍ മാത്യു, ബിജു എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ കൂടല്‍മുറിഞ്ഞകല്ലില്‍ വെച്ചായിരുന്നു അപകടം.
നിഖിലും അനുവും ഭാര്യാഭര്‍ത്താക്കന്‍മാരാണ്. ഇക്കഴിഞ്ഞ നവംബറിലായിരുന്നു ഇരുവരുടേയും വിവാഹം. മലേഷ്യയില്‍ ഹണിമൂണ്‍ ആഘോഷിക്കാന്‍ പോയി തിരിച്ചുവരുന്നതിനിടെയാണ് അപകടം. ഇവരെ തിരിച്ചുവിളിക്കാനായി ഇരുവരുടേയും അച്ഛന്‍മാരായ മത്തായി ഈപ്പനും ബിജുവും തിരുവനന്തരം വിമാനത്താവളത്തിലേക്ക് കാറില്‍ പോയിരുന്നു. മത്തായി ഈപ്പന്റെ മകനാണ് നിഖില്‍.

അനു ബിജുവിന്റെ മകളാണ്. പുലര്‍ച്ചെ 5 മണിയോടെയാണ് അപകടമുണ്ടായത്. ആന്ധ്രാ പ്രദേശ് സ്വദേശികളായ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസുമായി ഇവര്‍ സഞ്ചരിച്ച കാര്‍ കൂട്ടിയിടിച്ചക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് കാര്‍ യാത്രക്കാരെ പുറത്തെടുത്തത് എന്ന് നാട്ടുകാര്‍ പറയുന്നത്. കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ സംഭവസ്ഥലത്ത് വെച്ചും അനു ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.
പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് അപകടം. കാര്‍ ബസിനുള്ളിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതോ അമിതവേഗതയോ ആകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. കാര്‍ തെറ്റായ ദിശയിലായിരുന്നു എന്ന് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.












Click it and Unblock the Notifications