സ്വകാര്യ രംഗങ്ങൾ കാണിച്ച് ഭീഷണി, അക്ഷര ബോസ് ആയിഷയായി! കേസ് എൻഐഎ ഏറ്റെടുത്തു....
പത്തനംതിട്ട സ്വദേശിനിയായ അക്ഷര ബോസിനെ നിർബന്ധിപ്പിച്ച് മതം മാറ്റുകയും വിവാഹം കഴിച്ച ശേഷം ഐസിസിലേക്ക് കടത്താൻ ശ്രമിച്ചെന്നുമാണ് കേസ്.
കൊച്ചി: പത്തനംതിട്ട സ്വദേശിനിയായ യുവതിയെ മതപരിവർത്തനത്തിന് ശേഷം ഐസിസിൽ ചേർക്കാൻ ശ്രമിച്ചെന്ന കേസ് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ)ഏറ്റെടുത്തു. കേസ് ഏറ്റെടുക്കുന്നതായി എൻഐഎ ഹൈക്കോടതിയെയും അറിയിച്ചു. നേരത്തെ, ഹൈക്കോടതി നിർദേശിച്ചാൽ കേസ് ഏറ്റെടുക്കാമെന്നായിരുന്നു എൻഐഎയുടെ നിലപാട്.
പത്തനംതിട്ട സ്വദേശിനിയായ അക്ഷര ബോസിനെ നിർബന്ധിപ്പിച്ച് മതം മാറ്റുകയും വിവാഹം കഴിച്ച ശേഷം ഐസിസിലേക്ക് കടത്താൻ ശ്രമിച്ചെന്നുമാണ് കേസ്. കണ്ണൂർ സ്വദേശി മുഹമ്മദ് റിയാസിനെതിരെ അക്ഷര തന്നെയാണ് പോലീസിൽ പരാതി നൽകിയത്.

പഠനകാലം...
പത്തനംതിട്ട സ്വദേശിനിയായ അക്ഷര ബോസും കണ്ണൂർ ന്യൂമാഹി സ്വദേശിയായ മുഹമ്മദ് റിയാസും ബെംഗളൂരുവിലെ കോളേജ് പഠനകാലത്താണ് അടുപ്പത്തിലാകുന്നത്. ഇവരുടെ പരിചയം പിന്നീട് പ്രണയമായി വളർന്നു. ഇതിനിടെ ഇരുവരും ഒരുമിച്ചുള്ള സ്വകാര്യരംഗങ്ങൾ മുഹമ്മദ് റിയാസ് മൊബൈൽ ഫോണിൽ ചിത്രീകരിച്ചിരുന്നു.

മതംമാറ്റി...
രഹസ്യമായി ചിത്രീകരിച്ച സ്വകാര്യ രംഗങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് റിയാസ് തന്നെ മതം മാറ്റിയതെന്നാണ് അക്ഷരയുടെ പരാതിയിൽ പറയുന്നത്. മതംമാറ്റിയതിന് പിന്നാലെ ഇരുവരും തമ്മിലുള്ള വിവാഹവും നടന്നു.

അക്ഷര ആയിഷയായി...
2015 നവംബറിലാണ് ഈ സംഭവങ്ങളെല്ലാമുണ്ടായത്. റിയാസിന്റെ ഭീഷണിയെ തുടർന്ന് മതം മാറിയ അക്ഷര ബോസ് ആയിഷ എന്ന പേരു സ്വീകരിച്ചു. പിന്നീട് ഇതേപേരിൽ അക്ഷരയ്ക്ക് വേണ്ടി വ്യാജ തിരിച്ചറിയിൽ കാർഡുകളും നിർമ്മിച്ചു.

പാസ്പോർട്ട്...
ആയിഷയെന്ന പേരിൽ റിയാസ് പുതിയ ആധാർ കാർഡുകളും ഉണ്ടാക്കിയിരുന്നു. ഈ രേഖകൾ ഉപയോഗിച്ച് പുതിയ പാസ്പോർട്ടും എടുത്തു. ഇരുവരുടെയും വിവാഹം രജിസ്റ്റർ ചെയ്തതും ഇതേരേഖകൾ ഉപയോഗിച്ചായിരുന്നു.

ഐസിസിലേക്ക്...
വിവാഹത്തിന് പിന്നാലെ അക്ഷരയുമായി റിയാസ് സൗദിയിലേക്ക് കൊണ്ടുപോയി. ഇവിടെനിന്നാണ് ഐസിസിന്റെ ലൈംഗിക അടിമയാക്കാൻ യുവതിയെ സിറിയയിലേക്ക് കടത്താൻ ശ്രമിച്ചത്. സൗദിയിൽ നിന്നും അതിവിദഗ്ദമായി രക്ഷപ്പെട്ട യുവതി നാട്ടിലെത്തിയ ശേഷമാണ് റിയാസിനെതിരെ പരാതി നൽകിയത്.

പർദ്ദ...
റിയാസിന്റെ കൂടെ താമസിക്കുന്നതിനിടെ സാക്കിർ നായിക്കിന്റെ പ്രഭാഷണങ്ങൾ നിർബന്ധപൂർവ്വം കേൾപ്പിച്ചെന്നും, പർദ്ദ ധരിപ്പിക്കാനും ഐസിസിനെ പിന്തുണക്കാനും ആവശ്യപ്പെട്ടെന്നും ഹർജിയിൽ പറയുന്നു. നിലവിൽ അക്ഷര ബോസ് രക്ഷിതാക്കളോടൊപ്പം ഗുജറാത്തിലാണ് താമസിക്കുന്നത്.

അറസ്റ്റ്...
സംഭവവുമായി ബന്ധപ്പെട്ട് നേരത്ത രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിയാസിന് വ്യാജ രേഖകളുണ്ടാക്കാനും, മതപരിവർത്തനത്തിനും സഹായം നൽകിയ രണ്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ കേസിലെ മുഖ്യപ്രതിയായ റിയാസ് ഇപ്പോഴും സൗദിയിലാണുള്ളത്.

കർണ്ണാടക...
നിലവിൽ ഗുജറാത്തിലുള്ള യുവതിയിൽ നിന്നും വിശദമായ മൊഴിയെടുത്ത ശേഷം കേരള പോലീസ് അന്വേഷണം ബെംഗളൂരുവിലേക്കും വ്യാപിപ്പിച്ചിരുന്നു. ബെംഗളൂരുവിലെ മതപരിവർത്തന കേന്ദ്രത്തെക്കുറിച്ചും, നടത്തിപ്പുകാരിയായ സ്ത്രീയെക്കുറിച്ചുമാണ് പോലീസ് അന്വേഷണം നടത്തിയത്. കർണ്ണാടക പോലീസിന്റെ സഹായത്തോടെയായിരുന്നു കേരള പോലീസിന്റെ അന്വേഷണം.

എൻഐഎ...
ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷിച്ചിരുന്ന കേസാണ് എൻഐഎ ഏറ്റെടുത്തിരിക്കുന്നത്. കേരളത്തിലെ മറ്റു മതപരിവർത്തന കേസുകളുമായി ഈ സംഭവത്തിന് ബന്ധമുണ്ടോയെന്നാകും എൻഐഎ പ്രധാനമായും അന്വേഷിക്കുക.












Click it and Unblock the Notifications