ന്യൂസ് ക്ലിക്ക് മുൻ ജീവനക്കാരിയുടെ പത്തനംതിട്ടയിലെ വീട്ടിൽ പരിശോധന നടത്തി ഡൽഹി പോലീസ്
പത്തനംതിട്ട: ന്യൂസ് ക്ലിക്കിനെതിരായ കേസിൽ കേരളത്തിലും പരിശോധന. ഡൽഹി പോലീസാണ് ന്യൂസ് ക്ലിക്ക് മുൻ ജീവനക്കാരിയായ പത്തനംതിട്ട കൊടുമൺ സ്വദേശി അനുഷ പോളിന്റെ വീട്ടിലാണ് ഡൽഹി പോലീസ് പരിശോധന നടത്തിയത്. മൊബൈൽ ഫോണും ലാപ്ടോപും പോലീസ് പിടിച്ചെടുത്തു.
നാല് വർഷക്കാലം ന്യൂസ് ക്ലിക്കിന്റെ ഇന്റർ നാഷണൽ ഡെസ്ക്കിലെ ലേഖികയായിരുന്നു അനുഷ പോൾ. ഡി വൈ എഫ് ഐ ഡൽഹി സംസ്ഥാന കമിറ്റി ട്രഷറർ കൂടിയാണ്. ഇവർ അടുത്ത കാലത്താണ് പത്തനംതിട്ടയിൽ താമസമാക്കിയത്.. ഇവരുടെ മൊഴിയെടുത്ത ശേഷം ആയിരുന്നു മൊബൈൽ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തത്.

ജില്ല പോലീസ് മേധാവിയെ മാത്രം അറിയിച്ചാണ് പ്രത്യേക അന്വേഷണ സംഘം എത്തിയത്. അനുഷയുടെ വിശദമായി മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് പരിശോധനയുടെ ഭാഗമായി മൊബൈലും ലാപ്ടോപ്പും പിടിച്ചെടുത്തത് എന്നാണ് പറയുന്നത്.
വാർത്ത പോർട്ടലായ ന്യൂസ് ക്ലിക്ക് അനധികൃത ഫണ്ടുകൾ ശേഖരിച്ച് അഖണ്ഡതയ്ക്ക് ഭംഗം വരുത്തുന്ന രീതിയിൽ വാർത്തകൾ പ്രസിദ്ധീകരിച്ചതായി നേരത്തെ എഫ് ഐ ആർ പുറത്തുവന്നിരുന്നു. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയിലെ അംഗമായ നെവിൽ റോയ് സംഘമാണ് ഈ പണം ഇന്ത്യയിലേക്ക് ഒഴുക്കിയത് എന്നും എഫ് ഐ ആറിൽ ആരോപിക്കുന്നു.
2019 ലെ ലോക്സഭ തിരഞ്ഞെടുപ്പ് ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബിർ പുർകയസ്ഥ അട്ടിമറിക്കാൻ ശ്രമിച്ചതായും എഫ് ഐ ആറിൽ പറയുന്നു. നിയമ വിരുദ്ധമായ ഫണ്ടുകൾ 5 വർഷം സ്വീകരിച്ചതായും കശ്മീരും അരുണാചലും തർക്കപ്രദേശം എന്ന് സ്ഥാപിക്കാൻ വാർത്തകളിലൂടെ ശ്രമിച്ചതായും എഫ് ഐ ആറിൽ പറയുന്നു. അനധികൃത വിദേശ ഫണ്ടിംഗ് ഉൾപ്പെടെയുള്ള കേസുമായി ബന്ധപ്പെട്ട് പ്രബിർ പുർകയസ്ഥ, സ്ഥാപനത്തിന്റെ എച്ച് ആർ മേധാവി അമിത് ചക്രവർത്തി എന്നിവർ അറസ്റ്റിലായിരുന്നു.












Click it and Unblock the Notifications