പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ
അഞ്ചിലഞ്ചും നിലനിർത്താൻ എൽഡിഎഫും പിടിച്ചെടുക്കാൻ യുഡിഎഫും മാനം കാക്കാൻ ഒന്നെങ്കിലും തേടി എൻഡിഎയും പയറ്റുമ്പോൾ പത്തനംതിട്ട ജില്ലയിൽ തീപാറും പോരാട്ടമാണ്. ഒരു സംവരണ സീറ്റ് ഉൾപ്പെടെ ജില്ലയിൽ അഞ്ച് മണ്ഡലങ്ങളാണുള്ളത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ അഞ്ചും എൽഡിഎഫ് നേടി. പാർലമെന്റ്-തദ്ദേശ തെരഞ്ഞെടുപ്പുകളിൽ അഞ്ചിടത്തും ലീഡ് നേടിയതാണ് യുഡിഎഫിന് പ്രതീക്ഷയേകുന്നത്.
മൂന്ന് മുന്നണികൾക്കും നല്ല വളക്കൂറുള്ള മണ്ണായ ആറന്മുളയിലേത് മന്ത്രി മണ്ഡലമായതുകൊണ്ട് തന്നെ കേരളം ഉറ്റുനോക്കുന്ന മത്സരമാണ്. സിറ്റിങ് സീറ്റിൽ മൂന്നാം ഊഴത്തിനായി ഇറങ്ങുന്ന മന്ത്രി വീണ ജോർജിന് തുടക്കം മുതലുള്ള വിവാദങ്ങളുടെ കരിനിഴൽ മങ്ങലേൽപ്പിക്കുന്നുണ്ട്. കോൺഗ്രസിലെ യുവനേതാവും മുന്നണി നിലപാടുകൾ വിശദീകരിക്കുന്നതിൽ അഗ്രഗണ്യനുമായ അബിൻ വർക്കിയെയാണ് മണ്ഡലം തിരിച്ചുപിടിക്കാൻ കോൺഗ്രസ് നിയോഗിച്ചത്. സാമുദായിക സമവാക്യങ്ങൾ കൂടി കണക്കിലെടുത്താണ് പ്രാദേശിക നേതൃത്വത്തിന്റെ നേരിയ എതിർപ്പുകൾക്കിടയിലും പെരുമ്പാവൂരിൽ നിന്ന് അബിൻ വർക്കിയെ ഇവിടെ നിയോഗിച്ചത്. അനിശ്ചിതത്വങ്ങൾക്കൊടുവിൽ പത്തനംതിട്ടക്കാർക്ക് സുപരിചിതനായ മുതിർന്ന നേതാവ് കുമ്മനം രാജശേഖരനെ ബിജെപി പരീക്ഷിക്കുമ്പോൾ മണ്ഡലം ജില്ലയിലെ ഹോട്ട്സ്പോട്ടാകുന്നു.

ജില്ലയിൽ മത്സരചിത്രം ആദ്യം വ്യക്തമായ തിരുവല്ലയിലും പോരാട്ടം കടുക്കും. എൽഡിഎഫിന്‍റെ സിറ്റിങ് എംഎൽഎ മാത്യു ടി. തോമസ് തുടർച്ചയായ അഞ്ചാം തവണ ജനവിധി തേടുന്നു. യുഡിഎഫിൽ ജില്ലയിൽ ഘടകകക്ഷിക്കുള്ള ഏക സീറ്റായ ഇവിടെ കേരള കോൺഗ്രസ്-ജോസഫ് വിഭാഗത്തിലെ അഡ്വ. വർഗീസ് മാമ്മനാണ് സ്ഥാനാർഥി. എൻഡിഎയിൽ ബിജെപി മത്സരിക്കുന്ന ഇവിടെ സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്‍റണിയാണ് സ്ഥാനാർഥി.
മുമ്പ് യുഡിഎഫിന്‍റെ ശക്തികേന്ദ്രമായിരുന്ന റാന്നി സീറ്റ് രാജു എബ്രഹാമിലൂടെ എൽഡിഎഫ് പക്ഷത്തെത്തിയതാണ്. ഇതുവരെയും അത് തിരിച്ചുപിടിക്കാൻ യുഡിഎഫിന് കഴിഞ്ഞിട്ടില്ല. എൽഡിഎഫിൽ സിറ്റിങ് എംഎൽഎ കേരള കോൺഗ്രസ് എമ്മിലെ പ്രമോദ് നാരായണൻ വീണ്ടും ജനവിധി തേടുന്നു. സംഘടനാരംഗത്ത് പടിപടിയായി ഉയർന്ന് കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനത്തെത്തിയ കോൺഗ്രസിലെ പഴകുളം മധുവിനെയാണ് യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. എൻഡിഎയിൽ കഴിഞ്ഞ തവണ ബിഡിജെഎസ് മത്സരിച്ച ഇവിടെ ഇത്തവണ ബിജെപി മത്സരിക്കുമെന്ന് കരുതിയിരുന്നെങ്കിലും അപ്രതീക്ഷിത ട്വിസ്റ്റ് വന്നപ്പോൾ സീറ്റ് ട്വന്റി 20 ക്കാണ്. ചെറുകിട വ്യവസായിയായ തോമസ് കെ. ശാമുവേലാണ് എൻഡിഎ സ്ഥാനാർഥി.
അടൂർ പ്രകാശ് ആറ്റിങ്ങലിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോഴുണ്ടായ ഉപതെരഞ്ഞെടുപ്പിലെ അട്ടിമറി വിജയത്തിലൂടെ എൽഡിഎഫ് നീണ്ട ഇടവേളക്കുശേഷം തിരിച്ചുപിടിച്ച മണ്ഡലമാണ് കോന്നി. സിറ്റിങ് എംഎൽഎ എൽഡിഎഫിലെ ജനീഷ് കുമാർ മൂന്നാം വട്ടമാണ് മത്സരരംഗത്ത്. കോൺഗ്രസ് ജില്ല അധ്യക്ഷൻ കൂടിയായ സതീഷ് കൊച്ചുപറമ്പിലിനെ രംഗത്തിറക്കി മണ്ഡലം തിരികെ പിടിക്കാനാണ് യുഡിഎഫ് നീക്കം. ജില്ലയിലെ മുതിർന്ന നേതാവായ ഇദ്ദേഹത്തിന്‍റെ കന്നി മത്സരമാണിത്. എൻഡിഎയിൽ ബിഡിജെഎസിനാണ് ഇത്തവണയും സീറ്റ്. ടി.പി. സുന്ദരേശനാണ് സ്ഥാനാർഥി.
ജില്ലയിലെ ഏക സംവരണ സീറ്റാണ് അടൂർ. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്‍റെ സിറ്റിങ് സീറ്റിൽ യുവ വനിത സ്ഥാനാർഥി പ്രിജി കണ്ണനെയാണ് എൽഡിഎഫിനുവേണ്ടി സിപിഐ ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത്. വിവിധ പേരുകൾ പരിഗണിച്ചശേഷം അഡ്വ. ശാന്തകുമാറിനെയാണ് മണ്ഡലം തിരിച്ചുപിടിക്കാൻ യുഡിഎഫ് നിയോഗിച്ചിരിക്കുന്നത്. കോൺഗ്രസിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച് എതാനും വർഷം മുമ്പ് ബിജെപിയിലെത്തിയ അഡ്വ. പന്തളം പ്രതാപനെയാണ് എൻഡിഎ ഇവിടേക്ക് നിശ്ചയിച്ചിട്ടുള്ളത്.












Click it and Unblock the Notifications