എഐ ക്യാമറയുടെ കണ്ണുവെട്ടിക്കാൻ 'മാസ്ക് പ്രയോഗം', പെട്ടത് എംവിഡിക്ക് മുന്നിൽ; പണികിട്ടി
തിരുവല്ല: രജിസ്ട്രേഷൻ നമ്പർ മറയ്ക്കാൻ ബൈക്കിന്റെ മുന്നിലേയും പിന്നിലേയും നമ്പർപ്ലേയ്റ്റ് മാസ്ക് വെച്ച് മറച്ച വിദ്യാർത്ഥികൾക്ക് പിടിവീണു. എഐ ക്യാമറയുടെ കണ്ണുവെട്ടിക്കാനായിരുന്നു വിദ്യാർത്ഥികൾ മാസ്ക് കാെണ്ട് നമ്പർ മറച്ചത്. വണ്ടി മോട്ടോർവാഹന വകുപ്പ് പിടികൂടി.
രജിസ്ട്രേഷൻ നമ്പർ വ്യക്തതയില്ലാത്ത രീതിയ പ്രദർശിപ്പിക്കുകയും രൂപമാറ്റം വരുത്തിയതുമായ മറ്റൊരു വാഹനവും പിടികൂടിയിരുന്നു, കുന്നന്താനം സ്വദേശികളായ വിദ്യാർത്ഥികളുടേതാണ് വാഹനങ്ങൾ.

രണ്ട് വാഹനങ്ങൾക്കും കൂടി ഇരുപതിനായിരം രൂപയ്ക്ക് മുകളിൽ ഈടാക്കുമെന്നും ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്യുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. മറ്റ് ഗുരുതരമായ കുറ്റ കൃത്യങ്ങളിൽ ഈ വാഹനങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ പോലീസ് , എക്സൈസ് വുകുപ്പുകൾക്ക് വിവരം കൈമാറി.
അതേസമയം, എഐ ക്യാമറുയുടെ കണ്ണിൽപെട്ടിരുന്നെങ്കിൽ 500 രൂപയിൽ അവസാനിക്കുമായിരുന്ന പിഴയാണ് അതിബുദ്ധികാരണം ഇത്രയധികം പിഴയിലേക്ക് എത്തിയത്.
മോട്ടർ വാഹനവകുപ്പ് പത്തനംതിട്ട എൻഫോഴ്സ്മെന്റ് വിഭാഗം ഇൻസ്പെക്ടർ പി.വി.അനീഷിന്റെ നേതൃത്വത്തിൽ എം.ഷമീർ, മനു വിശ്വനാഥ്, സ്വാതി ദേവ്, എസ്.സാബു എന്നിവരുടെ സംഘം ആയിരുന്നു ബൈക്കുകൾ പിടികൂടിയത്.












Click it and Unblock the Notifications