തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗികളുടെ സ്‌പെസിമെനുകള്‍ മോഷണം പോയി; കൊണ്ടുപോയത് ആക്രിക്കാരന്‍
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശോധനയ്ക്കയച്ച നിരവധി രോഗികളുടെ ശരീര ഭാഗങ്ങള്‍ (സ്‌പെസിമെനുകള്‍) മോഷണം പോയി. ശസ്ത്രക്രിയക്ക് ശേഷം പരിശോധനയ്ക്കയച്ച രോഗികളുടെ സ്‌പെസിമെനുകളാണ് മോഷണം പോയത്. ആശുപത്രിയിലുണ്ടായ വന്‍ സുരക്ഷാ വീഴ്ചയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു.
ആക്രി സാധനങ്ങള്‍ വില്‍ക്കുന്നയാളെയാണ് കസ്റ്റഡിയില്‍ എടുത്തത്. ആക്രി സാധനങ്ങളാണെന്നു കരുതിയാണ് പ്ലാസ്റ്റിക് കുപ്പികളില്‍ സൂക്ഷിച്ചിരുന്ന സ്‌പെസിമെനുകള്‍ മോഷ്ടിച്ചതെന്ന് പിടിയിലായ ആള്‍ പൊലീസിന് മൊഴി നല്‍കിയതായാണ് വിവരം. ഇത് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയകള്‍ക്കു ശേഷം പത്തോളജി ലാബില്‍ പരിശോധനയ്ക്കയച്ച സ്‌പെസിമെനുകളാണ് ആക്രിക്കാരന്‍ മോഷ്ടിച്ചത്. 17 രോഗികളുടെ സ്‌പെസിമെനുകളാണ് മോഷണം പോയത്. പത്തോളജി ലാബിന് സമീപത്തെ ചവിട്ടുപടിക്ക് സമീപമാണ് ആംബുലന്‍സില്‍ കൊണ്ടുവന്ന സ്‌പെസിമെനുകള്‍ ജീവനക്കാര്‍ വെച്ചിരുന്നത്. ഇതിനുശേഷം ആംബുലന്‍സ് ഡ്രൈവറും ഗ്രേഡ് രണ്ട് അറ്റന്‍ഡറും മൈക്രോ ബയോളജി ലാബിലേക്ക് പോയി. ഇതിനിടെയാണ് സ്‌പെസിമെനുകള്‍ ആക്രിക്കാരന്‍ മോഷ്ടിച്ചത്. സംഭവത്തെ തുടര്‍ന്ന് ജീവനക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് ആക്രി വില്‍പ്പനക്കാരനെ കണ്ടെത്തിയത്. തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് പൊലീസിന് കൈമാറിയത്.
ശരീരഭാഗങ്ങളാണെന്ന് അറിയില്ലായിരുന്നുവെന്നും ആക്രിസാധനങ്ങളാണെന്ന് കരുതിയാണ് മോഷ്ടിച്ചതെന്നുമാണ് പിടിയിലായ ആള്‍ പറയുന്നു. ശരീരഭാഗങ്ങളാണെന്ന് മനസിലായതോടെ ഉപേക്ഷിച്ചു. ഇത് ജീവനക്കാര്‍ കണ്ടെടുക്കുകയായിരുന്നു. ശരീര ഭാഗങ്ങള്‍ ഫോര്‍മാലിനില്‍ സൂക്ഷിച്ചിരുന്നതിനാല്‍ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. പരിശോധനയ്ക്കും തടസമില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
എല്ലാ ശരീരഭാഗങ്ങളും കേടുകൂടാതെ കിട്ടിയെന്നും തുടര്‍പരിശോധനയ്ക്ക് തടസമില്ലെന്നും മെഡിക്കല്‍ കോളജ് പത്തോളജി വിഭാഗം അധികൃതര്‍ അറിയിച്ചു. ആക്രിക്കാരന്‍ മനഃപൂര്‍വ്വം നടത്തിയ മോഷണമല്ലെന്നാണ് പൊലീസിന്റെ നിഗമനം. ശരീര ഭാഗങ്ങള്‍ സീല്‍ ചെയ്ത് പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റി.












Click it and Unblock the Notifications