• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എഴുത്തച്ഛൻ പുരസ്‌കാരം സക്കറിയയ്ക്ക് സമ്മാനിച്ച് മുഖ്യമന്ത്രി, ചടങ്ങ് ദർബാർ ഹാളിൽ

തിരുവനന്തപുരം: സക്കറിയയുടെ രചനകൾ സമൂഹത്തെയും സമുദായങ്ങളെയും ആത്മപരിശോധനയ്ക്ക് പ്രേരിപ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സെക്രട്ടേറിയറ്റ് ഡർബാർ ഹാളിൽ നടന്ന ചടങ്ങിൽ എഴുത്തച്ഛൻ പുരസ്‌കാരം സക്കറിയയ്ക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടത്തരം സാമൂഹ്യ തലങ്ങളിലെ മുഖംമൂടി വച്ചുള്ള പെരുമാറ്റങ്ങളുടെ കാപട്യത്തെ സക്കറിയ തുറന്നു കാണിക്കുന്നു. അധികാരത്തിന്റെ എഴുത്തുകളെ തിരുത്താനും ശ്രമിക്കുന്നു. മൂല്യങ്ങളിൽ നിന്ന് അകന്നു പോകുന്ന വിവിധ മതങ്ങളെ സക്കറിയ വിമർശിക്കുന്നു. സദാ ഉണർന്നിരിക്കുന്ന ഒരു മനസ് അദ്ദേഹം എന്നും സൂക്ഷിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എസ്. കെ. പൊറ്റെക്കാട്ടിനു ശേഷം യാത്രാവിവരണ രംഗത്ത് മികച്ച സംഭാവന നൽകിയ എഴുത്തുകാരനാണ് സക്കറിയ. ഉന്നത നീതിബോധവും മാനുഷിക മൂല്യങ്ങളിൽ അടിയുറച്ച വിശ്വാസവുമുള്ള സക്കറിയ ലോകത്തെ സമഗ്രതയോടെ വീക്ഷിച്ച എഴുത്തുകാരനാണ്. നവോത്ഥാന മൂല്യങ്ങളുടെ പക്ഷത്ത് നിൽക്കുന്ന വ്യക്തിയാണ് അദ്ദേഹം. പുരോഗമന പ്രസ്ഥാനങ്ങളെ വിമർശിക്കുമ്പോൾ തന്നെ പുരോഗമനപരമായ എല്ലാ ധാരകളെയും സ്വാഗതം ചെയ്തു. വിവാദങ്ങൾ എപ്പോഴും സക്കറിയയ്ക്ക് പിറകെ സഞ്ചരിച്ചു. ആരേയും പിണക്കാനോ ആരെയെങ്കിലും ഇണക്കാനോ ആയിരുന്നില്ല അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനങ്ങൾ.

കർഷകരുടെ സമരങ്ങൾ ദില്ലിയിലെ ഭരണസിരാകേന്ദ്രങ്ങളെ പ്രകമ്പനം കൊള്ളിക്കുന്ന നാളുകളാണിത്. നവഉദാരവത്ക്കരണ നയങ്ങൾ കർഷകരെ ആദ്യം പിടികൂടി. ഒടുവിൽ ഇന്ത്യാക്കാരെ മുഴുവൻ കൈപ്പിടിയിലൊതുക്കുമെന്ന ഭീതിദമായ രാഷ്ട്രീയ കാലാവസ്ഥ വളർന്നു വരുന്നു. ദില്ലിയിൽ പ്രവാസ ജീവിതം നയിച്ച സക്കറിയയ്ക്കറിയാം അവിടത്തെ ശൈത്യകാലത്തിന്റെ കഠിനത. വീടും നാടും ഇട്ടെറിഞ്ഞ്, മഞ്ഞുപെയ്യുന്ന രാപ്പകലുകളിൽ, തെരുവിൽ കിടന്ന് പ്രതികരിക്കുന്ന കർഷകർ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ആവേശകരമായ സമരോത്സുകതയാണ് പ്രദർശിപ്പിക്കുന്നത്. സ്ഥാപിത താൽപര്യങ്ങളെല്ലാം ഒരു കുടക്കീഴിൽ ഒന്നിച്ചിരിക്കുന്നു. കൃഷിയും വിദ്യാഭ്യാസവും വ്യവസായവും അടക്കം സകലതും വിറ്റുതുലയ്ക്കാം എന്നതാണ് സ്ഥാപിത താൽപര്യക്കൂട്ടുകെട്ടിന്റെ വ്യാമോഹം. ഇത്തരം വിപത്തുകളെ എത്രയോമുമ്പ് ചൂണ്ടിക്കാട്ടിയ രാഷ്ട്രീയനിരീക്ഷകനാണ് സക്കറിയ. സമഗ്രാധിപത്യത്തിനും വർഗീയതയ്ക്കും കോർപ്പറേറ്റ്‌വത്ക്കരണത്തിനുമെതിരെ മലയാളികളെ ഉണർത്തിയ നിരവധി ലേഖനങ്ങൾ സക്കറിയയുടേതായുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എഴുത്തച്ഛന്റെ പേരിലുള്ള പുരസ്‌കാരം സക്കറിയയ്ക്കു നൽകുന്നതിൽ സവിശേഷമായ ഒരു ഔചിത്യ ഭംഗിയുണ്ട്. സമൂഹത്തെയും ഭാഷയെയും സാഹിത്യത്തെയും നവീകരിക്കാൻ അന്ധകാരമയമായ ഒരു ജീർണ കാലത്തിന് അറുതി കുറിച്ചുകൊണ്ടു കടന്നുവന്ന വ്യക്തിയാണ് എഴുത്തച്ഛൻ. സക്കറിയയും തന്റെ സർഗാത്മകമായ ഇടപെടലുകളിലൂടെ സമൂഹ മനസ്സിനെ മുതൽ ഭാവുകത്വത്തെ വരെ നവീകരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഇന്നത്തെ ഇന്ത്യയിൽ കേരളത്തിലെ ഭരണകൂടത്തിന് പ്രത്യേക അർത്ഥവും പ്രസക്തിയുമുണ്ടെന്ന് പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് സക്കറിയ പറഞ്ഞു. വർഗീയ ഫാസിസത്തിന് കീഴടങ്ങാത്ത ഒരു ജനതയുടെ ഭരണകൂടം എന്ന വിലമതിക്കാനാവാത്ത പ്രാധാന്യമാണുള്ളത്. ഇന്ത്യയ്ക്ക് മുഴുവൻ ഇക്കാര്യത്തിൽ നാം മാതൃകയാണ്. ഇടതുപക്ഷത്തെ പറ്റി പ്രതീക്ഷകളുണ്ട്. ബോധജ്ഞാനവും ആധുനികതയും കൈവരിച്ച് ഇടതുപക്ഷം ശക്തിപ്പെടേണ്ടത് കേരളത്തിന്റെ ഭാവിക്ക് അതിപ്രധാനമാണ്. വർഗീയതയ്ക്ക് അടിമപ്പെടാൻ വിസമ്മതിക്കുന്ന ഒരു ജനതയുടെ ഭരണകൂടത്തോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കലിന്റെ ഭാഗമായാണ് ഈ പുരസ്‌കാരം ഏറ്റുവാങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ജനാധിപത്യ സംവിധാനത്തെ ഒരു പൗരൻ എന്ന നിലയിലാണ് എല്ലായ്‌പ്പോഴും വിമർശിച്ചിട്ടുള്ളത്. മലയാളിയുടെ ജീവിതത്തിൽ അഞ്ച് അധികാര കേന്ദ്രങ്ങളാണുള്ളത്. ഭരണകൂടം, ജാതി, മതം, മാധ്യമം, ദൃശ്യവും അദൃശ്യവുമായ സാമ്പത്തിക താത്പര്യം എന്നിവയാണത്. അടിയന്തരാവസ്ഥയെക്കാൾ പതിൻമടങ്ങ് സാമർത്ഥ്യത്തോടെ സ്വേച്ഛാദിപത്യം രാജ്യത്ത് നടക്കുന്നു. ഓരോ പൗരനും ഭരണകൂടത്തേയും സമാന്തര അധികാര കേന്ദ്രങ്ങളെയും വിമർശിക്കണം. മതത്തിന്റേയും ജാതിയുടെയും ഉപജാപങ്ങളുടെയും ഉച്ചഭാഷിണിയായി മാറുന്നത് സ്വന്തം അന്തസിനെ അവഹേളിക്കലാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഓൺലൈനായി പങ്കെടുത്ത സാംസ്‌കാരിക മന്ത്രി എ. കെ. ബാലൻ അധ്യക്ഷത വഹിച്ചു. ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, കേരള സാഹിത്യ അക്കാഡമി സെക്രട്ടറി ഡോ. കെ. പി. മോഹനൻ എന്നിവർ സംബന്ധിച്ചു.

English summary
Paul Zacharia recieved Ezhuthachan award from CM Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X