പഴയത്ത് പിഎം സതീശന്‍ നമ്പൂതിരി ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തി; നിയമനം ആറു മാസത്തേക്ക്
ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി ഗുരുവായൂര്‍ പുത്തമ്പല്ലി പഴയത്ത് മനയില്‍ ബ്രഹ്മശ്രീ പിഎം സതീശന്‍ നമ്പൂതിരിയെ (58) നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ഒക്ടോബര്‍ ഒന്നു മുതല്‍ ആറു മാസത്തേക്കാണ് നിയമനം. ക്ഷേത്രം ഓതിക്കന്‍ കുടുംബാംഗമായ പഴയത്ത് സതീശന്‍ നമ്പൂതിരിക്ക് ഇത് രണ്ടാം തവണയാണ് ഗുരുവായൂരപ്പന്റെ മേല്‍ശാന്തിയായി നിയമനം ലഭിക്കുന്നത്. നേരത്തെ 2014 ഏപ്രില്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെ അദ്ദേഹം മേല്‍ശാന്തിയായിരുന്നു. കൂടാതെ കോവിഡ് മഹാമാരി കാലത്ത് 2020 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ 16 വരെ മേല്‍ശാന്തിയുടെ ചുമതല നിര്‍വഹിക്കുകയും ചെയ്തു.
ഇന്ന് ഉച്ചപൂജയ്ക്കു ശേഷം നട തുറന്ന നേരത്ത് നമസ്‌ക്കാര മണ്ഡപത്തില്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പിസി ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ നിര്‍ദേശമനുസരിച്ച് വെള്ളിക്കുടത്തില്‍ നിക്ഷേപിച്ച പേരുകളില്‍ നിന്ന് നിലവിലെ മേല്‍ശാന്തി ടിഎം നാരായണന്‍ നമ്പൂതിരിയാണ് നറുക്കെടുത്തത്. 43 അപേക്ഷകരില്‍ നിന്നും യോഗ്യരായ 33 പേരുടെ പേരുകള്‍ നറുക്കിട്ടെടുത്തതില്‍ നിന്നാണ് പിഎം സതീശന്‍ നമ്പൂതിരിക്ക് പുതിയ നിയോഗം ലഭിച്ചത്.

'ഭഗവാനോട് പ്രാര്‍ത്ഥിച്ചിരുന്നു. കേണപേക്ഷിച്ചു. കര്‍ക്കടകമാസത്തില്‍ ഭജനവുമിരുന്നു.എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം. പ്രാര്‍ത്ഥിച്ചു പറഞ്ഞതെല്ലാം ഗുരുവായൂരപ്പന്‍ തന്നിട്ടുണ്ട്'- പുതിയ നിയോഗത്തെക്കുറിച്ച് സതീശന്‍ നമ്പൂതിരി പറഞ്ഞു. തന്ത്രി ബ്രഹ്മശ്രീ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, ദേവസ്വം ചെയര്‍മാന്‍ എവി ഗോപിനാഥ്, ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, അഡ്മിനിസ്‌ട്രേറ്റര്‍ എസ് ഹരിഗോപാല്‍, ഭക്തജനങ്ങള്‍, മാധ്യമ പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.
നടപടിക്രമങ്ങളുടെ വിജ്ഞാപനം ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ എസ് ഹരിഗോപാല്‍ ഭക്തജനങ്ങളെ സാക്ഷിയാക്കി വായിച്ച ശേഷമായിരുന്നു നറുക്കെടുപ്പ് നടന്നത്. ക്ഷേത്രം ഡിഎഎം രാധ, ഭരണ വിഭാഗം ഡിഎ പ്രമോദ് കളരിക്കല്‍, പ്രസിദ്ധീകരണ വിഭാഗം മാനേജര്‍ കെജി സുരേഷ് കുമാര്‍, പിആര്‍ഒ വിമല്‍ ജി നാഥ്, അസി. മാനേജര്‍മാരായ എവി പ്രശാന്ത്, ഹരിദാസ്, ജിഷ എന്നിവരും മറ്റു ദേവസ്വം ജീവനക്കാരും ചടങ്ങില്‍ സന്നിഹിതരായി.
58 കാരനായ പഴയത്ത് സതീശന്‍ നമ്പൂതിരി പൊട്ടക്കുഴി നാരായണന്‍ നമ്പൂതിരിയില്‍ നിന്നാണ് താന്ത്രിക കര്‍മ്മങ്ങള്‍ അഭ്യസിച്ചത്. ബിഎസ്‌സി മാത്‌സ് ബിരുദധാരിയാണ്. ഒറ്റപ്പാലം ലക്കിടി മേച്ചേരി മനയില്‍ ഷീജാ അന്തര്‍ജ്ജനമാണ് പത്‌നി. ശ്രീരഞ്ജിനി(ആയുര്‍വ്വേദ ഡോക്ടര്‍ ), ശ്രീവിദ്യ (സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ) എന്നിവര്‍ മക്കളാണ്. പുതിയ മേല്‍ശാന്തി ക്ഷേത്രത്തില്‍ ഭജനം നടത്തിയ ശേഷം സെപ്റ്റംബര്‍ 30ന് രാത്രി ചുമതലയേല്‍ക്കും. ആറു മാസം ക്ഷേത്രത്തില്‍ താമസിച്ച് പുറപ്പെടാ ശാന്തിയായി അദ്ദേഹം പൂജകള്‍ നിര്‍വ്വഹിക്കും.


Click it and Unblock the Notifications
